റിയാദ് - ഒട്ടനവധി ലീഗുകളില്‍ ഗോളടിച്ച് റെക്കോര്‍ഡിട്ട ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും ഗോള്‍വേട്ട തുടങ്ങി. റൊണാള്‍ഡൊ ഗോളടി തുടങ്ങിവെച്ചതോടെ രണ്ടാം പകുതിയിലെ തിരിച്ചുവരവില്‍ അന്നസ്ര്‍ 3-1 ന് താജിക്കിസ്ഥാന്‍ ക്ലബ്ബ് ഇസ്തിഖ്‌ലോലിനെ തകര്‍ത്തു. തുടര്‍ച്ചയായ ഏഴാമത്തെ കളിയിലാണ് റൊണാള്‍ഡൊ സ്‌കോര്‍ ചെയ്തത്. രണ്ടു കളിയില്‍ അന്നസ്‌റിന്റെ രണ്ടാം വിജയമാണ് ഇത്. സെനിന്‍ സെബായിയിലൂടെ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ആതിഥേയരെ താജിക് ക്ലബ്ബ് ഞെട്ടിച്ചിരുന്നു.
അറുപത്താറാം മിനിറ്റില്‍ റൊണാള്‍ഡൊ ഗോള്‍ മടക്കി. ബ്രസീലുകാരന്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക 72, 77 മിനിറ്റുകളിലായി വിജയം പിടിച്ചു. അന്നസ്‌റിന്റെ രണ്ടാം വിജയമാണ് ഇത്.
അല്‍ഇത്തിഹാദും ഇറാനിലെ സെപാഹന്‍ ക്ലബ്ബും തമ്മിലെ മത്സരം രാഷ്ട്രീയ കാരണങ്ങളാല്‍ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് മുന്‍ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ അര്‍ധകായ പ്രതിമകളും ഫോട്ടോകളും പ്രദര്‍ശിപ്പിച്ച ഇസ്ഫഹാനിലെ നഗ്‌ഷെ ജഹാന്‍ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ സൗദി ടീം വിസമ്മതിക്കുകയായിരുന്നു.
2020 ജനുവരിയില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് സൗദി സമയം ഏഴിനായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. ഫുട്‌ബോളുമായി ഒരുവിധ ബന്ധവുമില്ലാത്ത ഖാസിം സുലൈമാനിയുടെ മൂന്ന് പ്രതിമകള്‍ കളിക്കളത്തിന് പുറത്ത് സ്ഥാപിച്ചിരുന്നു. പ്രതിമകളും ഫോട്ടോകളും സ്‌റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്യാതെ മത്സരത്തില്‍ പങ്കെടുക്കില്ല എന്ന നിലപാട് സൗദി ടീം സ്വീകരിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അര മണിക്കൂര്‍ മത്സരം നീട്ടിവെക്കാന്‍ അപേക്ഷിച്ച ശേഷം സൗദി ടീം സ്വദേശത്തേക്ക് മടങ്ങാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിക്കുകയായിരുന്നു. കളി കാണാനായി അറുപതിനായിരത്തോളം പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഗ്രൂപ്പ് ഇ-യില്‍ അന്നസ്‌റാണ് ഒന്നാം സ്ഥാനത്ത്. ഖത്തറിലെ അല്‍ദുഹൈലിനെ 1-0 ന് തോല്‍പിച്ച പെര്‍സപോളിസാണ് (ഇറാന്‍) രണ്ടാം സ്ഥാനത്ത്.
അല്‍ഹിലാലിനു വേണ്ടി നാലു മത്സരം കളിച്ചിട്ടും നെയ്മാറിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. സൗദി ലീഗിലെ അല്‍ശബാബിനെതിരായ കഴിഞ്ഞ കളിയില്‍ പെനാല്‍ട്ടി പാഴാക്കി. എന്നാല്‍ കോച്ച് ജോര്‍ജെ ജീസസ് ആശങ്ക അവഗണിക്കുകയാണ്. നെയ്മാര്‍ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ടീമിന്റെ വിജയങ്ങളില്‍ വലിയ സംഭാവനയര്‍പ്പിച്ചിട്ടുണ്ടെന്നും വരും ദിനങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നുമാണ് കോച്ച് പറയുന്നത്. നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ ഇറാനില്‍ നസാജി മസന്ദാരനുമായി ഏറ്റമുട്ടും. ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറിനെതിരായ ആദ്യ മത്സരത്തില്‍ ഹിലാല്‍ 1-1 സമനില വഴങ്ങിയിരുന്നു. ആ കളിയില്‍ ഭാഗ്യം കൊണ്ടാണ് നെയ്മാറിന് ചുവപ്പ് കാര്‍ഡ് ലഭിക്കാതിരുന്നത്. നസാജിയുമായുള്ള മത്സരം തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിലാണ്. ഇതേ സ്റ്റേഡിയത്തിലാണ് റൊണാള്‍ഡോയുടെ അന്നസ്ര്‍ കഴിഞ്ഞ കളിയില്‍ പെര്‍സെപോളിസിനെ 2-0 ന് തോല്‍പിച്ചത്. അല്‍ഫയ്ഹ ഉസ്‌ബെക്കിസ്ഥാനില്‍ പാഖ്തകോറുമായി ഏറ്റുമുട്ടും.
ഹിലാലിന്റെ ഗ്രൂപ്പില്‍ ഇന്ത്യന്‍ ടീം മുംബൈ സിറ്റി എഫ്.സിക്ക് എവേ മത്സരമാണ്. ഉസ്‌ബെക്കിസ്ഥാനില്‍ നവ്ബഹോറുമായി.