ഹാങ്ചൗ - വിജയമാഘോഷിക്കാന്‍ ധൃതി കാട്ടിയതിന് ഏഷ്യന്‍ ഗെയിംസിന്റെ റോളര്‍സ്‌കെയ്റ്റിംഗില്‍ തെക്കന്‍ കൊറിയയുടെ ജൂംഗ് ച്യോള്‍ വോണിന് കനത്ത വില നല്‍കേണ്ടി വന്നു. 3000 മീറ്റര്‍ റിലേ ഫൈനലില്‍ മൂന്നംഗ ടീമിന്റെ ആങ്കറായിരുന്നു ജുംഗ്. ചൈനീസ് തായ്‌പെയുടെ ഹുവാംഗ് യു ലിന്നിനെ അനായാസം തോല്‍പിച്ചുവെന്ന് കരുതി ജുംഗ് വേഗം കുറക്കുകയും ആഘോഷം ആരംഭിക്കുകയും ചെയ്തു. അതിനിടെ തായ്‌പെയ് താരം ഫിനിഷിംഗ് ലൈനിലേക്ക് കുതിച്ചു. സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിന് സ്വര്‍ണം പിടിച്ചു. നിരാശനായ ജുംഗ് സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചു.
പിന്നീട് തെക്കന്‍ കൊറിയയെ തന്നെ തോല്‍പിച്ച് തായ്‌പെയുടെ വനിതാ ടീമും സ്വര്‍ണം. രണ്ട് വിഭാഗങ്ങളിലും ഇന്ത്യക്കായിരുന്നു വെങ്കലം.