ഹാങ്ചൗ -ഫിനിഷിംഗ് ലൈനിലെ കുതിപ്പിലൂടെ സൗദി അറേബ്യയുടെ മുഹമ്മദ് അബ്ദുല്ല അക്ബര്‍ ഏഷ്യന്‍ ഗെയിംസിന്റെ 200 മീറ്ററില്‍ വെള്ളി നേടി. ഗെയിംസില്‍ സൗദിയുടെ നാലാമത്തെ മെഡലാണ് ഇത്. ജപ്പാന്റെ കോക്കി ഉയേയാമക്കു (20.60 സെക്കന്റ്) പിന്നിലായി ഫിനിഷ് ചെയ്ത ശേഷം മുഹമ്മദ് അബ്ദുല്ല ട്രാക്കിലേക്ക് മറിഞ്ഞുവീണു (20.63). ചൈനീസ് തായ്‌പെയിയുടംെ യാംഗ് ചുന്‍ ഹാന്‍ (20.74) വെങ്കലം കരസ്ഥമാക്കി. ഇന്ത്യയുടെ അംലന്‍ ബോര്‍ഗഹൈന്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പുരുഷന്മാരുടെ 110 മീ. ഹര്‍ഡില്‍സില്‍ കുവൈത്തിന്റെ യാഖുബ് അല്‍യൂഹയും ജപ്പാന്റെ ഷുന്‍യ തകാതാമയും ഒരേസമയം ഫിനിഷ് ചെയ്തു (13.41 സെ.) ഫോട്ടാ ഫിനിഷിലും വേര്‍തിരിക്കാനാവാതെ വന്നതോടെ ഇരുവര്‍ക്കും സ്വര്‍ണം സമ്മാനിച്ചു.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇറാന്റെ ഇഹ്‌സാന്‍ ഹദ്ദാദിയുടെ 17 വര്‍ഷത്തെ കുത്തക അവസാനിച്ചു. 2006 മുതല്‍ ചാമ്പ്യനായ ഹദ്ദാദിയെ (61.82 മീ.) ടീമംഗം ഹുസൈന്‍ റസൂലി മറികടന്നു (61.82 മീ.).
ബഹ്‌റൈന്റെ ആഫ്രിക്കന്‍ ലോക ചാമ്പ്യന്‍ വിന്‍ഫ്രെഡ് യാവി 1500 മീറ്ററിനു പിന്നാലെ സ്റ്റീപ്പിള്‍ചെയ്‌സിലും ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നിലനിര്‍ത്തി. ഒളിംപിക് ചാമ്പ്യന്‍ മുതാസ് ഈസ ബാര്‍ഷിം ഒറ്റച്ചാട്ടത്തില്‍ ഹൈജമ്പ് ഫൈനലില്‍ സ്ഥാനം പിടിച്ചു.
മൂന്നാമത്തെ ലോക റെക്കോര്‍ഡോടെ വെയ്റ്റിലിഫ്റ്റിംഗില്‍ വടക്കന്‍ കൊറിയ ആധിപത്യം തുടരുകയാണ്. 290 സ്വര്‍ണ മെഡലുകള്‍ നിര്‍ണയിക്കപ്പെട്ടതില്‍ പകുതിയോളം ചൈനക്കാണ്.