ട്രാക്കില്‍ മൂന്ന് വെള്ളി, ഏഴ് മെഡല്‍ കൂടി നേടി ഇന്ത്യ

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരങ്ങള്‍ മികവു കാട്ടിയപ്പോള്‍ ഇന്ത്യക്ക് ഏഴ് മെഡല്‍ കൂടി. പൊന്നിന്‍കതിര്‍ക്കുല ചൂടാതെയാണ് ഇന്ത്യക്ക് മത്സരങ്ങളുടെ ഒമ്പതാം ദിനം കടന്നു പോയത്. മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി ഇന്ത്യ നാലാം സ്ഥാനം ഭദ്രമാക്കി. മൂന്ന് വെള്ളിയും ഒരു വെങ്കലവും അത്‌ലറ്റിക്‌സിലാണ്. ടേബിള്‍ ടെന്നിസിന്റെ വനിതാ ഡബ്ള്‍സിലും വെങ്കലം കിട്ടി. റോളര്‍സ്‌കെയ്റ്റിംഗിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിലും ഇന്ത്യക്ക് വെങ്കലം ലഭിച്ചു.
ആതിഥേയരായ ചൈന ജക്കാര്‍ത്ത ഏഷ്യാഡില്‍ നേടിയ സ്വര്‍ണ നേട്ടം മറികടന്നു. 132 സ്വര്‍ണമുള്‍പ്പെടെ 289 മെഡലാണ് അവര്‍ അഞ്ചു വര്‍ഷം മുമ്പ് നേടിയത്. ഹാങ്ചൗവില്‍ 146 സ്വര്‍ണമുള്‍പ്പെടെ 269 മെഡലായി. ജക്കാര്‍ത്തയിലെ മെഡലുകളുടെ റെക്കോര്‍ഡ് അവര്‍ ചൊവ്വാഴ്ച മറികടക്കും. തെക്കന്‍ കൊറിയയെ മറികടന്ന് ജപ്പാന്‍ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. 
അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 16 മെഡലായി. രണ്ട് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും. 

അത്‌ലറ്റിക്‌സില്‍ നാലു മെഡല്‍
വനിതാ ലോംഗ്ജമ്പില്‍ ആന്‍സി സോജനും റിലേയില്‍ മുഹമ്മദ് അജ്മലും മലയാളക്കരക്ക് അഭിമാനം പകര്‍ന്നു. കരിയര്‍ ബെസ്റ്റ് പ്രകടനത്തിലൂടെ 6.63 മീറ്റര്‍ ചാടി ആന്‍സി വെള്ളി നേടി. മലയാളി ലോംഗ്ജമ്പര്‍ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുഹമ്മദ് അജ്മലും രമേശ് രാജേഷും വിദ്യ രാംരാജും ശുഭ വെങ്കിടേഷനുമുള്‍പ്പെട്ട 4-400 മിക്‌സഡ് റിലേ ടീമിനും വെള്ളി ലഭിച്ചു. വനിതാ സ്റ്റീപ്പിള്‍ചെയ്‌സില്‍ പരുള്‍ ചൗധരിയാണ് മൂന്നാമത്തെ വെള്ളി നേടിയത്. ട്രാക്കിലെ ഏക വെങ്കലവും സ്റ്റീപ്പിള്‍ചെയ്‌സിലാണ്. പരുളിന് പിന്നില്‍ പ്രീതി മൂന്നാം സ്ഥാനത്തെത്തി. 
വനിതാ ലോംഗ്ജമ്പില്‍ മെഡല്‍ നേടിയ മൂന്നു പേരും കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവെച്ചത്. ചൈനയുടെ സിയോംഗ് ഷിക്വി 6.73 മീറ്റര്‍ ചാടിയപ്പോള്‍ ആന്‍സിക്കു പിന്നില്‍ ഹോങ്കോംഗുകാരി യാന്‍ യൂ 6.50 മീറ്ററോടെ വെങ്കലം കരസ്ഥമാക്കി. ശൈലി സിംഗ് 6.48 മീറ്ററാണ് ചാടിയത്. 
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ബഹ്‌റൈന്റെ ആഫ്രിക്കന്‍ ഇറക്കുമതിയും നിലവിലെ ലോക ചാമ്പ്യനുമായ വിന്‍ഫ്രഡ് മുതീലെയോട് (9:18.28 മിനിറ്റ്) പൊരുതിയാണ് ഇന്ത്യയുടെ പരുള്‍ ചൗധരിയും (9:27.63) പ്രീതിയും (9:43.32) മെഡലുകള്‍ നേടിയത്. 
മിക്‌സഡ് റിലേയില്‍ ബഹ്‌റൈനാണ് സ്വര്‍ണം (3:14.02 മിനിറ്റ്). ഇന്ത്യക്കു (3:14.34) പിന്നില്‍ കസാഖിസ്ഥാന്‍ (3:24.85) വെങ്കലം നേടി. അവസാന മീറ്ററുകളില്‍ ഇന്ത്യയെ ശ്രീലങ്ക മറികടന്നെങ്കിലും ലൈന്‍ കട്ട് ചെയ്തതിന് അവര്‍ അയോഗ്യരാക്കപ്പെട്ടു. 

റോളര്‍സ്‌കെയ്റ്റിംഗ് ഡബ്ള്‍
ടേബിള്‍ ടെന്നിസില്‍ അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി സഖ്യം സെമിയില്‍ ചൈനീസ് ജോഡിയോട് തോറ്റ് വെങ്കലം നേടി. റോളര്‍സ്‌കെയ്റ്റിംഗില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളും വെങ്കലം കരസ്ഥമാക്കി. രണ്ടിനങ്ങളിലും ഇന്ത്യക്കു മുന്നില്‍ തെക്കന്‍ കൊറിയ, ചൈനീസ് തായ്‌പെയ് ടീമുകളാണ്. 

 

 

ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന            146    81    42    269
ജപ്പാന്‍        33    44    45    122
തെ. കൊറിയ    31    39    63    133
ഇന്ത്യ            13    24    23    60
ചൈനീസ് തായ്‌പെയ്    12    10    17    39
ഉസ്‌ബെക്കിസ്ഥാന്‍    11    14    18    43
തായ്‌ലന്റ്    10    7    16    33
വ. കൊറിയ    7    10    5    22

Latest News