ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ലോംഗ്ജമ്പില്‍ ആന്‍സി സോജനിലൂടെ മലയാളക്കരക്ക് മറ്റൊരു മെഡല്‍. കരിയര്‍ ബെസ്റ്റ് പ്രകടനത്തിലൂടെ 6.63 മീറ്റര്‍ ചാടി ആന്‍സി വെള്ളി നേടി. മലയാളി ലോംഗ്ജമ്പര്‍ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുഹമ്മദ് അജ്മലും രമേശ് രാജേഷുമുള്‍പ്പെട്ട 4-400 മിക്‌സഡ് റിലേ ടീമിനും വെള്ളി ലഭിച്ചു. ഒമ്പതാം ദിനം ഇന്ത്യക്ക് സ്വര്‍ണമില്ലാതെ കടന്നുപോയെങ്കിലും ഏഴ് മെഡലുകള്‍ കൂടി നേടി നാലാം സ്ഥാനം ഭദ്രമാക്കി.
വനിതാ ലോംഗ്ജമ്പില്‍ മെഡല്‍ നേടിയ മൂന്നു പേരും കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവെച്ചത്. ചൈനയുടെ സിയോംഗ് ഷിക്വി 6.73 മീറ്റര്‍ ചാടിയപ്പോള്‍ ഹോങ്കോംഗുകാരി യാന്‍ യൂ 6.50 മീറ്ററോടെ വെങ്കലം കരസ്ഥമാക്കി. ശൈലി സിംഗ് 6.48 മീറ്ററാണ് ചാടിയത്.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ബഹ്‌റൈന്റെ ആഫ്രിക്കന്‍ ഇറക്കുമതി വിന്‍ഫ്രഡ് മുതീലെക്ക് (9:18.28 മിനിറ്റ്) പിന്നില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിയും (9:27.63) പ്രീതിയും (9:43.32) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
മിക്‌സഡ് റിലേയില്‍ അജ്മലിനും രമേശിനും പുറമെ വിദ്യ രാംരാജും ശുഭ വെങ്കിടേഷനുമാണ് ഓടിയത്. ബഹ്‌റൈനാണ് സ്വര്‍ണം (3:14.02 മിനിറ്റ്). ഇന്ത്യക്കു (3:14.34) പിന്നില്‍ കസാഖിസ്ഥാന്‍ (3:24.85) വെങ്കലം നേടി. അവസാന മീറ്ററുകളില്‍ ഇന്ത്യയെ ശ്രീലങ്ക മറികടന്നെങ്കിലും ലൈന്‍ കട്ട് ചെയ്തതിന് അവര്‍ അയോഗ്യരാക്കപ്പെട്ടു.
ടേബിള്‍ ടെന്നിസില്‍ അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി സഖ്യം സെമിയില്‍ തോറ്റ് വെങ്കലം നേടി. പുരുഷന്മാരുടെ സ്പീഡ് സ്‌കെയ്റ്റിംഗിലും ഇന്ത്യക്ക് വെങ്കലം ലഭിച്ചു.






