ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലിലേക്ക് മുന്നേറി. 39 വര്‍ഷമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ് കൈവശം വെക്കുന്ന റെക്കോര്‍ഡിനൊപ്പമെത്തിയാണ് വിദ്യ ഫൈനലില്‍ സ്ഥാനം പിടിച്ചത്. ഹൈജമ്പില്‍ ജെസ് സന്ദേശ്, അനില്‍ സര്‍വേഷ് കുശാരെ, പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍, കൃഷ്ണകുമാര്‍, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സന്തോഷ്‌കുമാര്‍ തമിളരശന്‍, യശസ് പലാക്ഷ എന്നിവരും ഫൈനല്‍ ബെര്‍ത്ത് നേടിയിട്ടുണ്ട്.
ഹീറ്റ് ഒന്നില്‍ 55.42 സെക്കന്റിലാണ് വിദ്യ ഒന്നാമതെത്തിയത്. 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സില്‍ തലനാരിഴക്ക് വെങ്കലം നഷ്ടപ്പെട്ടപ്പോള്‍ ഉഷ ഫിനിഷ് ചെയ്ത സമയമാണ് ഇത്. അതിനു മുമ്പോ ശേഷമോ ഒരു ഇന്ത്യന്‍ വനിതാ അത്‌ലറ്റും ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടില്ല.
അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 12 മെഡലായി. രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും.