VIDEO ഈജിപ്തില്‍ പോലീസ് ആസ്ഥാനത്ത് വന്‍ അഗ്നിബാധ: 38 പേര്‍ക്ക് പരിക്ക്

കയ്‌റോക്ക് വടക്കുകിഴക്ക് ഇസ്മാഈലിയ നഗരത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ അഗ്നിബാധ.

കയ്‌റോ - കയ്‌റോക്ക് വടക്കുകിഴക്ക് ഇസ്മാഈലിയ ഗവര്‍ണറേറ്റില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ വന്‍ അഗ്നിബാധയില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് പോലീസ് ആസ്ഥാനത്ത് തീ പടര്‍ന്നുപിടിച്ചത്. അഗ്നിബാധയില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. സിവില്‍ ഡിഫന്‍സിനു പുറമെ, സൈന്യത്തിനു കീഴിലെ അഗ്നിശമന യൂനിറ്റുകളും തീയണക്കല്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.
നിസാര പരിക്കേറ്റ 12 പേര്‍ക്ക് ആംബുലന്‍സ് സംഘങ്ങള്‍ സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഇവരെ ആശുപത്രിയിലേക്ക് നീക്കിയില്ല. പരിക്കേറ്റ 26 പേരെ ഇസ്മാഈലിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയില്‍ പരിക്കേറ്റവരെ സ്വീകരിക്കാന്‍ ഇസ്മാഈലിയ ഗവര്‍ണറേറ്റിലെ മുഴുവന്‍ ആശുപത്രികളിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ നിരവധി പോലീസുകാരെ രക്ഷപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളിലൂടെ തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചതായി ഈജിപ്ഷ്യന്‍ ടി.വി അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 24 പേര്‍ക്ക് കനത്ത പുക ശ്വസിച്ചും രണ്ടു പേര്‍ക്ക് പൊള്ളലേറ്റുമാണ് പരിക്കേറ്റതെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പ്രദേശത്തേക്ക് 50 ആംബുലന്‍സുകള്‍ അയച്ചതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹുസാം അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. ഇസ്മാഈലിയയിലെ ആശുപത്രികളില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കുളള്ള മുഴുവന്‍ മരുന്നുകളും എല്ലാ ഗ്രൂപ്പുകളിലും പെട്ട രക്തവും ലഭ്യമാണ്. പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അഗ്നിബാധക്കുള്ള കാരണം അറിവായിട്ടില്ല.
ഈജിപ്തില്‍ മാരകമായ അഗ്നിബാധകള്‍ സാധാരണമാണ്. ഈജിപ്തിലെ പല കെട്ടിടങ്ങളും ജീര്‍ണിച്ചതും പരിപാലിക്കപ്പെടാത്തതുമാണ്. 2022 ഓഗസ്റ്റില്‍ കയ്‌റോയിലെ ചര്‍ച്ചയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ അഗ്നബാധയില്‍ 41 പേര്‍ മരണപ്പെട്ടിരുന്നു. 2021 മാര്‍ച്ചില്‍ തലസ്ഥാന നഗരിയില്‍ ടെക്‌സ്റ്റൈല്‍സ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 20 പേരും 2020 ല്‍ രണ്ടു ആശുപത്രികളിലുണ്ടായ തീപ്പിടിത്തങ്ങളില്‍ 14 പേരും മരണപ്പെട്ടിരുന്നു.

 

 

 

Latest News