Sorry, you need to enable JavaScript to visit this website.

അവര്‍ ദൈവം അയച്ച മാലാഖമാര്‍; വിമാനത്തില്‍ കുഞ്ഞിനെ രക്ഷിച്ച് രണ്ട് ഡോക്ടര്‍മാര്‍

റാഞ്ചി-വിമാനത്തില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ജന്മനാ ഹൃദ്രോഗമുള്ള ആറുമാസം പ്രായമാ കുഞ്ഞിനെയാണ് രക്ഷിച്ചത്. മാതാപിതാക്കള്‍ കുഞ്ഞിനെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയ്ക്കായി കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ വിമാനം പറന്നുയര്‍ന്ന ഉടനെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടു.
ആശങ്കാകുലരായ മാതാപിതാക്കള്‍ സ്ഥിതിഗതികള്‍ ജോലിക്കാരെ അറിയിച്ചു. തുടര്‍ന്ന് വിമാനത്തില്‍  ഡോക്ടര്‍മാരെ കണ്ടെത്താനുള്ള അറിയിപ്പ് നല്‍കി.
റാഞ്ചി സദര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ മുസമ്മില്‍ ഫിറോസും  ഡോക്ടര്‍ കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. നിതിന്‍ കുല്‍ക്കര്‍ണിയുമാണ് കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത്.

മുതിര്‍ന്നവര്‍ക്കുള്ള മാസ്‌ക് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയത്. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷം തിയോഫിലിന്‍ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള മറ്റ് അടിയന്തര മരുന്നുകളും നല്‍കി. മാതാപിതാക്കള്‍  ഒരു ഡെക്‌സോണ ഇഞ്ചക്ഷന്‍ കരുതിയിരുന്നു. ഇത് സാഹചര്യം നിയന്ത്രിക്കാന്‍ സഹായിച്ചു.

കുഞ്ഞ് ശ്വാസം മുട്ടുന്നതിനാല്‍ അമ്മ കരയുകയായിരുന്നു. ഡോ. മുസമ്മിലും ഞാനും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. ബേബി മാസ്‌ക്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാല്‍ മുതിര്‍ന്നവരുടെ മാസ്‌ക് വഴി ഓക്‌സിജന്‍ നല്‍കി- ഡോ. കുല്‍ക്കര്‍ണി പറഞ്ഞു.

ആദ്യ 15-20 മിനിറ്റുകള്‍ വളരെ നിര്‍ണായകവും സമ്മര്‍ദം നിറഞ്ഞതുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുറച്ച് സമയത്തിനുള്ളില്‍, കുഞ്ഞ് ശബ്ദമുണ്ടാക്കുകയും കണ്ണുകള്‍ തുറക്കുകയും ചെയ്തു. ഇത് മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസം നല്‍കി.

ഞങ്ങള്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ജന്മനായുള്ള ഹൃദ്രോഗം- പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ് (പിഡിഎ)ആണെന്ന് മനസ്സിലായതായും ഡോ. കുല്‍ക്കര്‍ണി പറഞ്ഞു.
ഒരു മണിക്കൂറിന് ശേഷം വിമാനം ലാന്‍ഡ് ചെയ്തു, കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിന് കൈമാറി.

ഡോക്ടര്‍മാര്‍ ദൈവം അയച്ച മാലാഖമാരാണെന്നും ഇന്‍ഡിഗോ വിമാനത്തില്‍ 6 മാസം പ്രായമായ കുഞ്ഞിനെ രക്ഷിക്കുന്നത് ഞാന്‍ കണ്ടുവെന്നും വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ എക്‌സില്‍ കുറിച്ചു.

 

Latest News