ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് നാണക്കേടായി സ്വപ്‌ന ബര്‍മന്റെ ട്വീറ്റ്. ഹെപ്റ്റാത്തലണില്‍ വെങ്കലം നേടിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരക്കെതിരെയാണ് ലൈംഗികവിദ്വേഷം പ്രകടിപ്പിക്കുന്ന സ്വപ്‌നയുടെ ട്വീറ്റ്. പിന്നീട് ട്വീറ്റ് സ്വപ്‌ന നീക്കം ചെയ്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ആദ്യം വിഷയം പഠിക്കട്ടെ എന്നാണ് അവരുടെ നിലപാട്.
ഏഴിനങ്ങളുള്ള ഹെപ്റ്റാത്തലണില്‍ നന്ദിനി മൂന്നാമതും സ്വപ്‌ന നാലാമതുമായിരുന്നു. എന്നാല്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ നന്ദിനി യോഗ്യയല്ലെന്ന് സൂചിപ്പിച്ചാണ് സ്വപ്‌ന വിമര്‍ശനമുന്നയിച്ചത്. എന്റെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തട്ടിയെടുത്തു. എന്റെ മെഡല്‍ തിരിച്ചുതരൂ. അവര്‍ മത്സരിക്കുന്നത് ഏഷ്യന്‍ ഗെയിംസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നെ സഹായിക്കൂ, പിന്തുണക്കൂ -ഇതായിരുന്നു ട്വീറ്റ്.
നന്ദിനി രോഷാകുലയായാണ് ഇതിനോട് പ്രതികരിച്ചത്. വിഷയം അത്‌ലറ്റിക്‌സ് ഫെഡറേഷനില്‍ ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു. ആദ്യമായി കിട്ടിയ രാജ്യാന്തര മെഡല്‍ ആസ്വദിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അതിന് അവസരം തന്നില്ല. മറ്റൊരു വനിതയെക്കുറിച്ച് എങ്ങനെയാണ് അവര്‍ക്കിതു പറയാന്‍ സാധിച്ചത്. ഇന്ത്യക്ക് മെഡല്‍ നേടണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ മെഡല്‍ നേടിയപ്പോള്‍ ട്രോളുകളുടെ പ്രവാഹമാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. രാജ്യത്തിന്റെ മുഖത്താണ് അവര്‍ കരിവാരിത്തേച്ചത് -അമ്മ അസുഖം ബാധിച്ചതിനാല്‍ അടിയന്തരമായി മടങ്ങുന്ന നന്ദിനി വിമാനത്താവളത്തില്‍ വെച്ച് പറഞ്ഞു.
താന്‍ 13 വര്‍ഷമായി പരിശീലനം നടത്തുന്നുണ്ടെന്നും നാല് മാസം മുമ്പ് മാത്രം പരിശീലനം തുടങ്ങിയ ഒരാള്‍ക്ക് ഇങ്ങനെയൊരു പ്രകടനം സാധ്യമല്ലെന്നുമായിരുന്നു സ്വപ്‌നയുടെ നിലപാട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് അവരെ ടീമിലെടുത്തിരുന്നില്ല. ഇത്തവണയും എടുക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ ഏഷ്യാഡ് ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ അമ്പരന്നു -സ്വപ്‌ന പറഞ്ഞു.