നെയ്മാറിലേക്ക് നോക്കി ഹിലാല്‍, ഏഷ്യ വാഴാന്‍ സൗദി ടീമുകള്‍

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ സൗദി അറേബ്യയിലെ ക്ലബ്ബുകള്‍ പ്രതീക്ഷയോടെ ഇറങ്ങുന്നു. നെയ്മാറിന്റെ ഫോമാണ് അല്‍ഹിലാലിനെ അലട്ടുന്നത്. അതേസമയം അന്നസ്‌റിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ 10 ഗോളുമായി സൗദി പ്രൊ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. കരീം ബെന്‍സീമയുടെ പരിക്ക് സൗദി ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന് ആശങ്ക സമ്മാനിക്കുകയാണ്. 
അല്‍ഹിലാലിനു വേണ്ടി നാലു മത്സരം കളിച്ചിട്ടും നെയ്മാറിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. സൗദി ലീഗിലെ അല്‍ശബാബിനെതിരായ കഴിഞ്ഞ കളിയില്‍ പെനാല്‍ട്ടി പാഴാക്കി. എന്നാല്‍ കോച്ച് ജോര്‍ജെ ജീസസ് ആശങ്ക അവഗണിക്കുകയാണ്. നെയ്മാര്‍ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ടീമിന്റെ വിജയങ്ങളില്‍ വലിയ സംഭാവനയര്‍പ്പിച്ചിട്ടുണ്ടെന്നും വരും ദിനങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നുമാണ് കോച്ച് പറയുന്നത്. നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ ഇറാനില്‍ നസാജി മസന്ദാരനുമായി ഏറ്റമുട്ടും. ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറിനെതിരായ ആദ്യ മത്സരത്തില്‍ ഹിലാല്‍ 1-1 സമനില വഴങ്ങിയിരുന്നു. ആ കളിയില്‍ ഭാഗ്യം കൊണ്ടാണ് നെയ്മാറിന് ചുവപ്പ് കാര്‍ഡ് ലഭിക്കാതിരുന്നത്. നസാജിയുമായുള്ള മത്സരം തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിലാണ്. ഇതേ സ്റ്റേഡിയത്തിലാണ് റൊണാള്‍ഡോയുടെ അന്നസ്ര്‍ കഴിഞ്ഞ കളിയില്‍ പെര്‍സെപോളിസിനെ 2-0 ന് തോല്‍പിച്ചത്. 
അല്‍ഇത്തിഹാദിനും ഇറാനിലാണ് മത്സരം. സെപാഹനുമായി. പരിക്കേറ്റ കരീം ബെന്‍സീമ കളിക്കുമോയെന്ന് വ്യക്തമല്ല. 
ഇത്തിഹാദിന്റെ കഴിഞ്ഞ നാലു കളികളില്‍ ബെന്‍സീമ വിട്ടുനില്‍ക്കുകയാണ്. ഇത്തിഹാദില്‍ ആരാധകരുടെ വിശ്വാസം നേടാന്‍ ഇതുവരെ ബെന്‍സീമക്ക് സാധിച്ചിട്ടില്ല. ആകെ മൂന്ന് ഗോളാണ് അടിച്ചത്. 
അന്നസ്‌റിന് ഈ റൗണ്ടില്‍ ഹോം മത്സരമാണ് -താജിക്കിസ്ഥാനിലെ ഇസ്തിഖ്‌ലോലുമായി. അല്‍ഫയ്ഹ ഉസ്‌ബെക്കിസ്ഥാനില്‍ പാഖ്തകോറുമായി ഏറ്റുമുട്ടും. 
ഹിലാലിന്റെ ഗ്രൂപ്പില്‍ ഇന്ത്യന്‍ ടീം മുംബൈ സിറ്റി എഫ്.സിക്ക് നാളെ എവേ മത്സരമാണ്. ഉസ്‌ബെക്കിസ്ഥാനില്‍ നവ്ബഹോറുമായി.
 

Latest News