ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ. അത്‌ലറ്റിക്‌സില്‍ ഒമ്പത് മെഡലുള്‍പ്പെടെ ഞായറാഴ്ച ഇന്ത്യ നേടിയത് 15 മെഡലുകള്‍. ട്രാക്കിലും ഫീല്‍ഡിലും രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി ഒമ്പത് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷൂട്ടിംഗില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. വനിതാ ഗോള്‍ഫില്‍ കൈയില്‍ കിട്ടിയെന്നു കരുതിയ സ്വര്‍ണം അതിഥി അശോക് കൈവിട്ടു. ബാഡ്മിന്റണ്‍ പുരുഷ ടീമും ഫൈനലില്‍ തോറ്റു. എങ്കിലും രണ്ടും ചരിത്രം കുറിച്ച മെഡലുകളാണ്. ഗോള്‍ഫിലും ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിലും ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിരുന്നില്ല. ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍ നിഖാത് സെറീന്‍ സെമിയില്‍ തോറ്റത് വലിയ നിരാശയായി. നിഖാത് വെങ്കലവുമായി മടങ്ങും. ആറ് ദിവസം കൂടി ബാക്കിയിരിക്കെ ഇന്ത്യക്ക് 13 സ്വര്‍ണമുള്‍പ്പെടെ 50 മെഡലായി. ജപ്പാനെ മറികടന്ന് തെക്കന്‍ കൊറിയ വീണ്ടും രണ്ടാം സ്ഥാനത്ത് കയറി.
്ട്രാക്കില്‍ ഇന്ത്യന്‍ കുതിപ്പ്
ഏഷ്യന്‍ ഗെയിംസിന്റെ ഷോട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നിലനിര്‍ത്തിയത് നാടകീയമായി. ആദ്യ മൂന്ന് ഏറും ഫൗളാക്കിയ തേജീന്ദര്‍ അവസാന ശ്രമത്തിനൊരുങ്ങുമ്പോള്‍ സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലുവായിരുന്നു (20.18 മീ.) മുന്നിട്ടു നിന്നത്. എന്നാല്‍ അവസാന ഏറില്‍ തേജീന്ദര്‍ 20.36 മീറ്റര്‍ ദൂരത്തേക്കെറിഞ്ഞ് സ്വര്‍ണം പിടിച്ചു. ചൈനയുടെ യാംഗ് ലിയുവിനാണ് (19.97 മീ.) വെള്ളി. പരിക്കു കാരണം ടോക്കിയൊ ഒളിംപിക്‌സില്‍ തേജീന്ദര്‍ പ്രയാസപ്പെട്ടിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കാനായില്ല. സ്വര്‍ണം മാത്രമേ കൊണ്ടുവരാവൂ എന്ന് ഭാര്യ നിര്‍ദേശിച്ചതായി മുന്‍ നേവി ഓഫീസര്‍ പറഞ്ഞു.
പുരുഷ ലോംഗ്ജമ്പില്‍ മലയാളി അത്‌ലറ്റ് മുരളി ശ്രീശങ്കറും 1500 മീറ്ററില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഹര്‍മിലന്‍ ബയ്ന്‍സ്, അജയ്കുമാര്‍ സരോജ് എന്നിവരും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും വെള്ളി നേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ്‍, ഹെപ്റ്റാത്തലണില്‍ നന്ദിനി അഗസര, വനിതാ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ എന്നിവര്‍ക്കാണ് വെങ്കലം. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് 12 മെഡലായി.
ഷോട്പുട്ടില്‍ ഏഷ്യന്‍ റെക്കോര്‍ഡുകാരന്‍ തേജീന്ദര്‍പാല്‍ തൂര്‍ 20.36 മീറ്ററാണ് എറിഞ്ഞാണ് സ്വര്‍ണം പിടിച്ചത്. സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലുവിനെയും (20.18 മീ.) ചൈനയുടെ യാംഗ് ലിയുവിനെയുമാണ് (19.97 മീ.) തേജീന്ദര്‍ മറികടന്നത്.
സ്റ്റീപ്പിള്‍ചെയ്‌സില്‍ ലോക മീറ്റില്‍ നിരാശപ്പെടുത്തിയ സാബ്‌ലെ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത് (8:19.50 മീ.). ജാപ്പനീസ് താരങ്ങളായ റിയോമ അവോകി (8:23.75) സേയ സുനാദ (8:26.47) എന്നിവരെ സാബ്‌ലെ മറികടന്നു.
വനിതകളുടെ 1500 മീറ്ററില്‍ ബഹ്‌റൈന്റെ രണ്ട് ആഫ്രിക്കന്‍ ഇറക്കുമതികളോട് പൊരുതിയാണ് ഹര്‍മിലന്‍ രണ്ടാം സ്ഥാനത്തെത്തിയത് (4:12.74 മിനിറ്റ്). വിന്‍ഫ്രഡ് മുതിലെ യാവി സ്വര്‍ണവും (4:11.65) മാര്‍ത്ത ഹിര്‍പാതൊ (4:15.97) വെങ്കലവും കരസ്ഥമാക്കി. ഇന്ത്യയുടെ ദീക്ഷ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഏഴിനങ്ങളുള്ള ഹെപ്റ്റാത്തലണില്‍ ചൈനയുടെ നിനാലി ഷെംഗിനും ഉസ്‌ബെക്കിസ്ഥാന്റെ എക്കാത്തറിന വെറോണിനക്കും പിന്നിലായി അഗ്‌സര വെങ്കലം സ്വന്തമാക്കി.
വനിതാ ഡിസ്‌കസില്‍ ചൈനീസ് താരങ്ങളായ ഫെംഗ് ബിന്നിനും (67.93 മീ.) ജിയാംഗ് ഷികാവോക്കും (61.04 മീ.) പിന്നിലായാണ് സീമ (58.62 മീ.) വെങ്കലം കരസ്ഥമാക്കിയത്.
പുരുഷന്മാരുടെ 200 മീറ്ററില്‍ ഇന്ത്യയുടെ അംലന്‍ ബോര്‍ഗഹൈന്‍ സെമിഫൈനലില്‍ പുറത്തായി.
അതിഥി കൈവിട്ട സ്വര്‍ണം
വനിതാ ഗോള്‍ഫില്‍ അവസാന ദിവസം ഏഴ് ഷോട്ടിന്റെ ലീഡുമായി മുന്നിലുണ്ടായിരുന്ന അതിഥി അശോകിന് തുടരെ പിഴക്കുകയും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. ഞായറാഴ്ച അതിഥിക്ക് തുടരെ പിഴച്ചതോടെ തായ്‌ലന്റിന്റെ അര്‍പിചായ യുബോള്‍ സ്വര്‍ണം നേടി. തെക്കന്‍ കൊറിയയുടെ ഹ്യുംഗ്‌ജോ യൂവിനാണ് വെങ്കലം.
ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന 129 71 39 239
തെ. കൊറിയ 30 35 59 124
ജപ്പാന്‍ 29 41 41 111
ഇന്ത്യ 13 19 18 50
ഉസ്‌ബെക്കിസ്ഥാന്‍ 11 12 17 40
തായ്‌ലന്റ് 10 6 14 30
ചൈനീസ് തായ്‌പെയ് 9 10 14 33
ഹോങ്കോംഗ് 6 15 19 40






