ഏഷ്യാഡ്: ഫുട്‌ബോളില്‍ മെഡലില്ലാതെ സൗദി മടങ്ങും

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളില്‍ സൗദി അറേബ്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. പ്രി ക്വാര്‍ട്ടറില്‍ ഇന്ത്യയെ 2-0 ന് തോല്‍പിച്ച സൗദി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനോട് 1-2 ന് തോറ്റു. ഹോങ്കോംഗ് 1-0 ന് ഇറാനെ അട്ടിമറിച്ചു. 
തെക്കന്‍ കൊറിയ, ജപ്പാന്‍ ടീമുകളും സെമി ഫൈനലിലെത്തി. കൊറിയ 2-0 ന് ആതിഥേയരായ ചൈനയെ തോല്‍പിച്ചു. ജപ്പാന്‍ 2-1 ന് വടക്കന്‍ കൊറിയയെ കീഴടക്കി. 80ാം മിനിറ്റിലായിരുന്നു ജപ്പാന്റെ വിജയ ഗോള്‍. 
ജപ്പാന്‍ സെമിഫൈനലില്‍ ഹോങ്കോംഗുമായി ഏറ്റുമുട്ടും. ഉസ്‌ബെക്കിസ്ഥാനും തെക്കന്‍ കൊറിയയും തമ്മിലാണ് രണ്ടാം സെമി. 

സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലു ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഷോട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ തൂറിന് പിന്നില്‍ വെള്ളി കരസ്ഥമാക്കി. 20.18 മീറ്ററാണ് ദാവൂദ എറിഞ്ഞത്. ചൈനയുടെ യാംഗ് ലിയുവിനാണ് വെങ്കലം (19.97 മീ.). ബഹ്‌റൈന്റെ അബ്ദുറഹ്മാന്‍ മഹ്മൂദ് നാലാം സ്ഥാനത്തെത്തി. 
സൗദി താരങ്ങള്‍ പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വര്‍ണവും പോള്‍വോള്‍ടില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു. പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചെയ്‌സില്‍ സൗദി അറേബ്യയുടെ ഫായിസ് അബ്ദുല്ല അല്‍സുബയ്യും റാഇദ് ഖൈറല്ല അല്‍ജദാനി ഏഴും എട്ടും സ്ഥാനങ്ങളിലെത്തി. 

വനിതാ ബാഡ്മിന്റണില്‍ ചൈനയെ 3-0 ന് അട്ടിമറിച്ച് തെക്കന്‍ കൊറിയ സ്വര്‍ണം നേടി. 
ചൈനക്ക് 120 സ്വര്‍ണ മെഡലായി. മറ്റു ടീമുകള്‍ക്കെല്ലാം കൂടി 137 സ്വര്‍ണ മെഡലേ നേടാന്‍ സാധിച്ചിട്ടുള്ളൂ.

Latest News