പകരക്കാരനായിറങ്ങി ലൗതാരോക്ക് നാലു ഗോള്‍

മിലാന്‍ - പകരക്കാരനായിറങ്ങിയ ലൗതാരൊ മാര്‍ടിനേസ് 27 മിനിറ്റിനിടയില്‍ നാലു ഗോളടിച്ചതോടെ ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ 4-0 ന് സാലര്‍നിറ്റാനയെ തകര്‍ത്തു. ഒമ്പത് ഗോളുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീനക്കാരന്‍. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരമുള്ളതിനാല്‍ ഇന്റര്‍ മിലാന്‍ ക്യാപ്റ്റന് വിശ്രമം നല്‍കാനാണ് കോച്ച് റിസര്‍വ് ബെഞ്ചിലിരുത്തിയത്. ഇന്ററും എ.സി മിലാനും ഒന്നാം സ്ഥാനം പങ്കിടുകയാണ്. നിലവിലെ ചാമ്പ്യന്മാരായ നാപ്പോളി മൂന്നാം സ്ഥാനത്താണ്. ഇന്റര്‍ കഴിഞ്ഞ കളിയില്‍ സസൂലോയോട് തോറ്റിരുന്നു. 
ആദ്യ പകുതിയില്‍ ഇന്റര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളടിക്കാന്‍ സാധിക്കാതിരുന്നതോടെ 55ാം മിനിറ്റില്‍ ക്യാപ്റ്റനെ കോച്ച് കളത്തിലിറക്കി. ഏഴു മിനിറ്റിനകം ഇന്റര്‍ ആദ്യ ഗോളടിച്ചു. മാര്‍ക്കസ് തുറാമിന്റെ ക്രോസ് മാര്‍ടിനേസ് ഗോളി ഗ്വിയര്‍മൊ ഒചോവയെ കടത്തി വലയിലെത്തിച്ചു. 77ാം മിനിറ്റില്‍ രണ്ടാം ഗോളടിച്ച മാര്‍ടിനേസ് പെനാല്‍ട്ടിയിലൂടെയാണ് ഹാട്രിക് തികച്ചത്. നാലു മിനിറ്റിനു ശേഷം നാലാം ഗോളും നേടി. 

Latest News