റഫറിക്ക് പിഴച്ചു, ലിവര്‍പൂളും തോറ്റു

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പിന്നാലെ ലിവര്‍പൂളും തോറ്റു. റഫറിക്ക് സംഭവിച്ച ഗുരുതര പിഴവാണ് ടോട്ടനത്തിനെതിരായ കളിയില്‍ ലിവര്‍പൂളിന് തിരിച്ചടിയായത്. സിറ്റി തോറ്റതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ലിവര്‍പൂളിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ടോട്ടനത്തോട് 1-2 ന് ലിവര്‍പൂള്‍ കീഴടങ്ങി. 
മുപ്പത്തിനാലാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ലൂയിസ് ഡിയാസ് നേടിയ ഗോള്‍ ഓഫ്‌സൈഡാണെന്ന് പറഞ്ഞ് റഫറി നിഷേധിക്കുകയായിരുന്നു. ഇത് വ്യക്തമായ പിഴവാണെന്നും വീഡിയൊ റഫറി ഇടപെടേണ്ടതായിരുന്നുവെന്നും മാച്ച് ഒഫിഷ്യലുമാരുടെ കമ്പനി സമ്മതിച്ചു. നടപടിക്രമം ആഴത്തില്‍ ഉടച്ചുവാര്‍ക്കുമെന്നും അവര്‍ പറഞ്ഞു. 
ലിവര്‍പൂള്‍ ഒമ്പതു പേരുമായി കളിയവസാനിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ജോയല്‍ മാറ്റപ്പിന്റെ സെല്‍ഫ് ഗോളാണ് ടോട്ടനത്തിന് വിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ പെഡ്രോ പോറോയുടെ നിലംപറ്റെയുള്ള ക്രോസ് മാറ്റിപ് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. മുപ്പത്താറാം മിനിറ്റില്‍ സോന്‍ ഹ്യുംഗ് മിന്നാണ് ടോട്ടനത്തിന് ലീഡ് നല്‍കിയത്. ഡിയാസിന്റെ ഗോള്‍ നിഷേധിക്കപ്പെട്ട് രണ്ടു മിനിറ്റിനു ശേഷം. ഇടവേളക്ക് സെക്കന്റുകള്‍ മുമ്പ് കോഡി ഗാക്‌പൊ ഗോള്‍ മടക്കി. 
ഇരുപത്താറാം മിനിറ്റില്‍ കേടിസ് ജോണും 20 മിനിറ്റ് ബാക്കിയിരിക്കെ പകരക്കാരന്‍ ഡിയേഗൊ ജോടയുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ലിവര്‍പൂളിനെ മറികടന്ന് 
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ സീസണിലെ ആദ്യ തോല്‍വിയായിരുന്നു. ആദ്യ ആറു കളികളും ജയിച്ച ചാമ്പ്യന്മാരെ വുള്‍വര്‍ഹാംപ്റ്റണ്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1 ന് തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മോശം സീസണ്‍ കൂടുതല്‍ മോശമാവുകയാണ്. ക്രിസ്റ്റല്‍പാലസിനോട് അവര്‍ ഹോം മത്സരത്തില്‍ 0-1 ന് കീഴടങ്ങി. ന്യൂകാസില്‍ 2-0 ന് ബേണ്‍ലിയെ തോല്‍പിച്ചു. 4-0 ന് ബോണ്‍മൗത്തിനെ തകര്‍ത്ത ആഴ്‌സനല്‍ ചാമ്പ്യന്മാര്‍ക്ക് ഒരു പോയന്റ് പിന്നിലെത്തി. 
ഈ സീസണിലെ ലീഗില്‍ എല്ലാ കളിയും ജയിച്ച ഏക ടീമായിരുന്നു സിറ്റി. തോറ്റെങ്കിലും 18 പോയന്റുമായി സിറ്റി തന്നെയാണ് മുന്നില്‍. ടോട്ടനം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 
സിറ്റിയുടെ റൂബന്‍ ഡിയാസിന്റെ സെല്‍ഫ് ഗോളാണ് വുള്‍വ്‌സിന് ലീഡ് സമ്മാനിച്ചത്. 58ാം മിനിറ്റില്‍ യൂലിയന്‍ അല്‍വരേസിന്റെ ഗോളിലൂടെ സിറ്റി തിരിച്ചുവന്നെങ്കിലും ഹ്വാംഗ് ഹീ ചാന്‍ വുള്‍വ്‌സിന്റെ ലീഡ് വീണ്ടെടുത്തു. വുള്‍വ്‌സിന്റെ നാലാം ജയമാണ് ഇത്. 
യുനൈറ്റഡിനെതിരെ ജോക്കി ആന്‍ഡേഴ്‌സനാണ് പാലസിന്റെ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തത്. ഏഴു കളിയില്‍ നാലും തോറ്റ യുനൈറ്റഡ് പത്താം സ്ഥാനത്താണ്. തോല്‍വികളുമായി തുടങ്ങിയ ന്യൂകാസില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയാണ് ജയിക്കുന്നത്. 

Latest News