മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ സീസണിലെ ആദ്യ തോല്‍വി. ആദ്യ ആറു കളികളും ജയിച്ച ചാമ്പ്യന്മാരെ വുള്‍വര്‍ഹാംപ്റ്റണ്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1 ന് തോല്പിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മോശം സീസണ് കൂടുതല്‍ മോശമാവുകയാണ്. ക്രിസ്റ്റല്‍പാലസിനോട് അവര്‍ ഹോം മത്സരത്തില്‍ 0-1 ന് കീഴടങ്ങി. ന്യൂകാസില്‍ 2-0 ന് ബേണ്‍ലിയെ തോല്പിച്ചു. 4-0 ന് ബോണ്‍മൗത്തിനെ തകര്‍ത്ത ആഴ്സനല്‍ ചാമ്പ്യന്മാര്ക്ക് ഒരു പോയന്റ് പിന്നിലെത്തി.
ഈ സീസണിലെ ലീഗില്‍ എല്ലാ കളിയും ജയിച്ച ഏക ടീമായിരുന്നു സിറ്റി. തോറ്റെങ്കിലും 18 പോയന്റുമായി സിറ്റി തന്നെയാണ് മുന്നില്‍. വുള്‍വ്സിന്റെ നാലാം ജയമാണ് ഇത്.
റൂബന്‍ ഡിയാസിന്റെ സെല്‍ഫ് ഗോളാണ് വുള്‍വറിന്‍ ലീഡ് സമ്മാനിച്ചത്. 58ാം മിനിറ്റില്‍ യൂലിയന്‍ അല്‍വരേസിന്റെ ഗോളിലൂടെ സിറ്റി തിരിച്ചുവന്നെങ്കിലും ഹ്വാംഗ് ഹീ ചാന് വുള്‍വ്സിന്റെ ലീഡ് വീണ്ടെടുത്തു.
യുനൈറ്റഡിനെതിരെ ജോക്കി ആന്‍ഡേഴ്സനാണ് പാലസിന്റെ വിജയ ഗോള്‍ സ്കോര്‍ ചെയ്തത്. ഏഴു കളിയില്‍ നാലും തോറ്റ യുനൈറ്റഡ് പത്താം സ്ഥാനത്താണ്. തോല്‍വികളുമായി തുടങ്ങിയ ന്യൂകാസില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയാണ് ജയിക്കുന്നത്.






