ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഫൈനലിലെത്തി. ടേബിള്‍ ടെന്നിസില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ ചെന്‍ മെംഗ്-വാംഗ് യിദി ജോഡിയെ അട്ടിമറിച്ച് അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി ജോഡി മെഡലുറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ 3-1 നാണ് ജയിച്ചത്. വനിതാ ഗോള്‍ഫില്‍ അതിഥി അശോകും സുവര്‍ണനേട്ടത്തിന്റെ വക്കിലാണ്.
ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പുരുഷ ടീം മെഡലിനരികെയാണ്. തെക്കന്‍ കൊറിയയെ 3-2 ന് തോല്പിച്ച ഇന്ത്യ ഫൈനലില്‍ ചൈനയുമായി ഏറ്റുമുട്ടും. മൂന്ന് സിംഗിള്‍സിലാണ് ഇന്ത്യ ജയിച്ചത്. എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും ജയിച്ചെങ്കിലും ഡബ്ള്‍സില്‍ രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി, എം.ആര് അര്ജുന്-ധ്രുവ് കപില ജോഡിയെയും തോല്പിച്ച് കൊറിയ സ്കോര്‍ 2-2 ആക്കി. എന്നാല്‍ നിര്‍ണായ മത്സരത്തില്‍ കിഡംബി ശ്രീകാന്ത് വിജയം നേടി.
ബോക്സിംഗിന്റെ 91 കിലൊ വിഭാഗത്തില്‍ നരേന്ദറും വനിതകളുടെ 75 കിലൊ വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗഹൈനും 54 കിലൊ വിഭാഗത്തില്‍ പ്രീതി പവാറും സെമിയിലെത്തി. ഇരുവര്‍ക്കും മെഡലും ഒളിംപിക് ബെര്‍ത്തും ഉറപ്പായി. ഇറാന്റെ ഇമാനെ 5-0 ന് തോല്പിച്ചതോടെ നരേന്ദറിനും മെഡലുറപ്പായി. ആദ്യ റൗണ്ട് തോറ്റ ശേഷം നരേന്ദര്‍ ഗംഭീരമായി തിരിച്ചുവന്നു. ലവ്ലിന തെക്കന്‍ കൊറിയയുടെ സുയിവോണ് സ്യോംഗിനെ 5-0 ന് തകര്‍ത്തു.
പരിക്കുമായി മത്സരിച്ച ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡലുകാരി മീരാബായി ചാനുവിന് ഭാരോദ്വഹനത്തിന്റെ 49 കിലൊ വിഭാഗത്തില്‍ മെഡല്‍ നേടാനായില്ല. വടക്കന്‍ കൊറിയയുടെ സോംഗും റി ലോക റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ മീരാബായി നാലാം സ്ഥാനത്തായി.






