ദുബായ് - ഒമാന്‍, യു.എ.ഇ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഒമാനിലെ ദേശീയ പൊതുഗതാഗത സേവനമായ മുവാസലാത്ത് അറിയിച്ചു. 202-ാം നമ്പര്‍ റൂട്ടില്‍ മസ്‌കത്തില്‍ നിന്ന് അല്‍ഐന്‍ വഴി അബുദാബിയിലേക്കും തിരിച്ചുമാണ് ബസ് സര്‍വീസ് നടത്തുക. അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് മസ്‌കത്തിലേക്കും തിരിച്ചുള്ള ബസ് സര്‍വീസ് പുറപ്പെടുക. മസ്‌കത്ത് ബുര്‍ജ് അല്‍ശഹ്‌വ മുവാസലാത്ത് ബസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബസ് സര്‍വീസിന് അല്‍സൈബ മുവാസലാത്ത് ബസ് സ്റ്റേഷന്‍, മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓള്‍ഡ് ടെര്‍മിനല്‍, അല്‍ഖൗദ് ബ്രിഡ്ജ്, അല്‍മബീല മുവാസലാത്ത് ബസ് സ്റ്റേഷന്‍, വാദി അല്‍ജിസി, ബറക ബ്രിഡ്ജ്, ബറക അല്‍സംഹാന്‍, ബറക സല്ലാഹ, അല്‍റുമൈസ്, അല്‍നസീം ഗാര്‍ഡന്‍, മബില നോര്‍ത്ത്, അല്‍സിയ, വാദി അല്‍ജിസി ഹോസ്പിറ്റല്‍, വാദി അല്‍ജിസി ചെക്ക് പോസ്റ്റ്, വാദി അല്‍ജിസി അല്‍ഹംദാനിയ ബ്രിഡ്ജ്, വാദി സഅ, അല്‍ബുറൈമി ഹോസ്പിറ്റല്‍, അല്‍ബുറൈമി, അല്‍ഐന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, അബുദാബി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
യു.എ.ഇയില്‍ അല്‍ഐനിലും അബുദാബിയിലുമായി രണ്ടു സ്റ്റോപ്പുകളാണുള്ളത്. അബുദാബിയില്‍ അല്‍വഹ്ദ സോണ്‍ ഒന്നില്‍ റാശിദ് ബിന്‍ സഈദ് അല്‍മക്തൂം സ്ട്രീറ്റിലാണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനുള്ളത്. അല്‍ഐന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടിലെ അല്‍വഫീദ സ്ട്രീറ്റിലാണ്. മസ്‌കത്തില്‍ നിന്ന് അബുദാബിയിലേക്ക് വണ്‍വേ ടിക്കറ്റ് നിരക്ക് 11.5 ഒമാനി റിയാലും (109.7 ദിര്‍ഹം) റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 22 ഒമാനി റിയാലും (209.88 ദിര്‍ഹം) ആണ്. അബുദാബിയില്‍ നിന്ന് മസ്‌കത്തിലേക്ക് ഒമ്പതു മണിക്കൂറാണ് യാത്രാ സമയം. മാര്‍ഗമധ്യേ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വിശ്രമ സമയവുമുണ്ടാകും.
മസ്‌കത്തില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് വൈകീട്ട് 3.40 ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45 ന് പുറപ്പെടുന്ന ബസ് രാത്രി 8.35 ന് മസ്‌കത്തില്‍ എത്തിച്ചേരും. 23 കിലോ ലഗേജും ഏഴു കിലോ ഹാന്‍ഡ് ലഗേജും ബസില്‍ അനുവദിക്കും.






