റാമോസ് സെല്‍ഫ് ഗോളില്‍ ബാഴ്‌സക്ക് ഭാഗ്യ ജയം

ബാഴ്‌സലോണ - റയല്‍ മഡ്രീഡിന്റെ പ്രതിരോധത്തിലെ ശക്തിദുര്‍ഗമെന്ന നിലയില്‍ വര്‍ഷങ്ങളായി ബാഴ്‌സലോണയുടെ പേടിസ്വപ്‌നമായിരുന്ന സെര്‍ജിയൊ റാമോസ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അവര്‍ക്ക് വിജയം സമ്മാനിച്ചു. റാമോസിന്റെ സെല്‍ഫ് ഗോളില്‍ സെവിയക്കെതിരെ ബാഴ്‌സലോണ 1-0 ന് ജയിച്ചു. ഇതോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. ലാമിന്‍ യമാല്‍ ബോക്‌സിലേക്ക് ഹെഡ് ചെയ്ത പന്ത് റാമോസ് അബദ്ധത്തില്‍ സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 76ാം മിനിറ്റിലായിരുന്നു ഗോള്‍. 
മുപ്പത്തേഴുകാരനായ റാമോസ് ഈ സീസണിലാണ് തന്റെ ബാല്യകാല ക്ലബ്ബായ സെവിയയിലേക്ക് തിരിച്ചുവന്നത്. 2005 നും 2021 നുമിടയില്‍ 45 എല്‍ക്ലാസിക്കോകളില്‍ റയലിന്റെ പ്രതിരോധം കാത്ത റാമോസിനെ ബാഴ്‌സലോണ ആരാധകര്‍ കൂവിവിളിയോടെയാണ് സ്വന്തം ഗ്രൗണ്ടില്‍ സ്വീകരിച്ചത്. ഒപ്പത്തിനൊപ്പമുള്ള ആദ്യ പകുതിക്കു ശേഷം ബാഴ്‌സലോണ നിയന്ത്രണം നേടിവരുന്ന ഘട്ടത്തിലാണ് റാമോസ് സെല്‍ഫ് ഗോളിലൂടെ അവരെ സഹായിച്ചത്. 
മത്സരത്തിനിടെ ഒരു സ്പാനിഷ് വെബ്‌സൈറ്റ് 2016 ലെ എല്‍ക്ലാസിക്കോയില്‍ റാമോസിനെ കുട്ടിയായ ലാമിന്‍ യമാല്‍ ഗ്രൗണ്ടിലേക്ക് അനുഗമിക്കുന്ന ദൃശ്യം പോസ്റ്റ് ചെയ്തു. പതിനാറുകാരനായ യമാലിനൊപ്പം റാമോസ് ഇപ്പോഴും കളിക്കുന്നത് ഡിഫന്ററുടെ കഴിവിന്റെ തെളിവാണെന്ന് ബാഴ്‌സലോണ കോച്ച് ഷാവി പ്രശംസിച്ചു.
 

Latest News