റിയാദ് - അല്‍ഹിലാല്‍ ജഴ്‌സിയില്‍ ആദ്യ ഗോളിനു വേണ്ടിയുള്ള നെയ്മാറിന്റെ കാത്തിരിപ്പ് തുടരുന്നു. അല്‍ശബാബിനെതിരെ കിട്ടിയ പെനാല്‍ട്ടി ബ്രസീല്‍ താരം പാഴാക്കി. എങ്കിലും രണ്ടാം പകുതിയിലെ രണ്ടു ഗോളില്‍ 2-0 ന് ജയിച്ച ഹിലാല്‍ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടു ഗോളിനും നെയ്മാറാണ് വഴിയൊരുക്കിയത്.
മുപ്പത്തേഴാം മിനിറ്റില്‍ നെയ്മാറിന്റെ പെനാല്‍ട്ടി ശബാബ് ഗോളി കിം സ്യും ഗ്യുവിന്റെ ശരീരത്തില്‍ തട്ടി വലയിലേക്ക് നീങ്ങിയെങ്കിലും ഗോള്‍കീപ്പര്‍ ഒരുവിധം പന്ത് തട്ടിയകറ്റി.
നെയ്മാറിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് 67ാം മിനിറ്റില്‍ ഖാലിദു കൂലിബാലി ആദ്യ ഗോളടിച്ചത്. അലക്‌സാണ്ടര്‍ മിത്രോവിച് നേടിയ രണ്ടാം ഗോളിലേക്കുള്ള നീക്കവും തുടക്കമിട്ടത് നെയ്മാറാണ്. അവസാന വേളയില്‍ രണ്ടവസരങ്ങള്‍ കിട്ടിയെങ്കിലും നെയ്മാറിന് മുതലാക്കാനായില്ല.
എട്ട് കളിയില്‍ ഹിലാലിന് 20 പോയന്റായി. അല്‍ഇത്തിഹാദും അത്തആവുനും 19 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അന്നസ്‌റിന് 18 പോയന്റാണ്. അന്നസ്‌റിനെ മറികടക്കാന്‍ അല്‍ഇത്തിഫാഖിന് അവസരമുണ്ട്.






