റിയാദ് -ഹെവിവെയ്റ്റ് ബോക്‌സിംഗ് ചരിത്രത്തിലെ അപൂര്‍വ പോരാട്ടത്തിന് ഡിസംബറില്‍ റിയാദ് സാക്ഷ്യം വഹിക്കും. ടൈസന്‍ ഫുറിയും അലക്‌സാണ്ടര്‍ ഉസിക്കും തമ്മിലുള്ള പോരാട്ടം ഹെവിവെയ്റ്റ് ബോക്‌സിംഗിലെ അനിഷേധ്യനായ ചാമ്പ്യനെ തീരുമാനിക്കും. പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 23 നായിരിക്കുമെന്നാണ് സൂചന. ഉസിക് ഇപ്പോള്‍ ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് ബെല്‍റ്റുകള്‍ക്കുടമയാണ്. ഫുറി ഡബ്ല്യു.ബി.സി ഹെവിവെയ്റ്റ് ലോക ചാമ്പ്യനും. ഫുറി-ഉസിക് പോരാട്ടത്തിലെ വിജയി നാല് ബെല്‍റ്റും ഒരേസമയം കൈവശം വെക്കുന്ന അനിഷേധ്യ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി മാറും. നാല് ബെല്‍റ്റുകള്‍ ഹെവിവെയ്റ്റില്‍ നിലവില്‍ വന്ന ശേഷം ആരും ഇതുവരെ അവ ഒരുമിച്ച് നേടിയിട്ടില്ല. അതിനാല്‍ തന്നെ ബോക്‌സിംഗ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന പോരാട്ടമായിരിക്കും ഇത്. മാത്രമല്ല ഫുറിയും ഉസിക്കും പ്രൊഫഷനല്‍ പോരാട്ടത്തില്‍ ഇതുവരെ തോറ്റിട്ടില്ല. ആദ്യത്തെ പരാജയമാണ് ഇരുവരെയും കാത്തിരിക്കുന്നത്.
അവസാനം അനിഷേധ്യ ഹെവിവെയ്റ്റ് ചാമ്പ്യനായത് 23 വര്‍ഷം മുമ്പ് ലെനക്‌സ് ലൂയിസാണ്. അത് നാല് ബെല്‍റ്റുകള്‍ നിലവില്‍ വരും മുമ്പാണ്.
2008 ല്‍ പ്രൊഫഷനലായ ഫുറി 33 മത്സരങ്ങള്‍ ജയിച്ചു, ഒന്ന് സമനിലയായി. ഉക്രൈന്‍കാരനായ ഉസിക് 33 പോരാട്ടങ്ങളും ജയിച്ചു. എന്നാല്‍ ബ്രിട്ടന്റെ ഡാനിയേല്‍ ഡുബോയിസിനെതിരായ ഓഗസ്റ്റിലെ വിജയം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അഞ്ചാം റൗണ്ടില്‍ ഉസിക് ഇടിയേറ്റ് നിലംപതിച്ചെങ്കിലും പ്രഹരം അരയ്ക്കു തലനാരിഴ താഴെയാണെന്നാണ് റഫറി ലൂയിസ് പാബോണ്‍ വിധിച്ചത്. ദീര്‍ഘനേരത്തിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്. അതിനാല്‍ ഉസിക്കിന് ഇടിയുടെ പ്രഹരത്തില്‍ നിന്ന് കരകയറാനായി.
ഫുറിയുടെ മറ്റൊരു പോരാട്ടം ഒക്ടോബര്‍ 28 ന് റിയാദില്‍ തന്നെ നടക്കുന്നുണ്ട്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനുവുമായി. എന്നാല്‍ ആ പോരാട്ടം ഡബ്ല്യു.ബി.സി ബെല്‍റ്റിനു വേണ്ടിയല്ല. തോറ്റാലും ആ ബെല്‍റ്റ് ഫുറിക്ക് നഷ്ടപ്പെടില്ല. 2015 ല്‍ വ്‌ലാദിമിര്‍ ക്ലീഷ്‌കോയെ തോല്‍പിച്ചാണ് ഫുറി ആദ്യം ലോക ചാമ്പ്യനായത്. പിന്നീട് മാനസിക പിരിമുറുക്കത്തെത്തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം വിട്ടുനിന്നു. 2020 ല്‍ ദിയോന്‍ടേ വില്‍ഡറിനെ തോല്‍പിച്ച് ഡബ്ല്യു.ബി.സി ചാമ്പ്യനായി. 2012 ലെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയാണ് ഉസിക് ലോക ശ്രദ്ധയില്‍ വന്നത്. ക്രൂയിസ് വെയ്റ്റ് വിഭാഗത്തില്‍ പിന്നീട് അനിഷേധ്യ ചാമ്പ്യനായി. 2019 ലാണ് ഹെവിവെയ്റ്റ് വിഭാഗത്തിലേക്ക് മാറുന്നത്. 2021 ല്‍ ലണ്ടനിലും പിന്നീട് റിയാദിലും ആന്റണി ജോഷ്വയെ അട്ടിമറിച്ചു.






