റൊണാള്‍ഡൊ ഗോളില്‍ അന്നസ്ര്‍, ഇത്തിഹാദിന് തിരിച്ചടി

ഹായില്‍ - സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അന്നസ്ര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഉജ്വല ഫോം തുടരുന്നു. എണ്‍പത്തേഴാം മിനിറ്റില്‍ റൊണാള്‍ഡൊ നേടിയ ഗോളില്‍ അന്നസ്ര്‍ എവേ മത്സരത്തില്‍ അല്‍താഇയെ 2-1 ന് തോല്‍പിച്ചു. ഹായിലിലെ പ്രിന്‍സ് മസ്അദ് ബിന്‍ ജലവി സ്റ്റേഡിയത്തില്‍ ബ്രസീല്‍ താരം ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക മുപ്പത്തിരണ്ടാം മിനിറ്റില്‍ നേടിയ ഗോളില്‍ ഏതാണ്ട് അവസാനം വരെ അന്നസ്ര്‍ ലീഡ് ചെയ്തിരുന്നു. റൊണാള്‍ഡോയാണ് ഗോളിന് വഴിയൊരുക്കിയത്.
എന്നാല്‍ എഴുപത്തൊമ്പതാം മിനിറ്റില്‍ വിര്‍ജില്‍ മിസിദ്യാനിലൂടെ അല്‍താഇ തിരിച്ചടിച്ചു. എണ്‍പത്തേഴാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെയാണ് റൊണാള്‍ഡൊ ടീമിന് വിജയം സമ്മാനിച്ചത്. ലീഗില്‍ റൊണാള്‍ഡോയുടെ പത്താം ഗോളാണ് ഇത്. 
നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് റിയാദിലെ എവേ മത്സരത്തില്‍ അല്‍ഫയ്ഹയുമായി ഗോള്‍രഹിത സമനില സമ്മതിച്ചു. അത്തആവുന്‍ എവേ മത്സരത്തില്‍ 3-1 ന് അല്‍ഹസമിനെ തോല്‍പിച്ചു. ഇത്തിഹാദ് തന്നെയാണ് എട്ട്് കളിയില്‍ 19 പോയന്റുമായി ഒന്നാം സ്ഥാനത്ത്. അത്തആവുനും 19 പോയന്റുണ്ട്. അന്നസ്ര്‍ ഒരു പോയന്റ് പിന്നിലാണ്. അല്‍ശബാബിനെ തോല്‍പിച്ചാല്‍ അല്‍ഹിലാലിന് ഒന്നാം സ്ഥാനത്തെത്താം. 

Latest News