കാര്യവട്ടം കുടയെടുത്തു, ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് നനഞ്ഞ തുടക്കം

തിരുവനന്തപുരം - ലോകകപ്പിന്റെ വേദികളിലൊന്നാവാന്‍ അവസരം നിഷേധിക്കപ്പെട്ട തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ തുടക്കം മഴയിലലിഞ്ഞു. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് ടീമും ഹോട്ടല്‍ മുറി പോലും വിട്ടില്ല. വൈകിട്ട് മൂന്നേ മുക്കാലോടെ അമ്പയര്‍മാര്‍ അനിവാര്യമായ തീരുമാനം പ്രഖ്യാപിച്ച് കളി ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ച രണ്ടാമത്തെ സന്നാഹത്തില്‍ ന്യൂസിലാന്റിനെ നേരിടും. അഫ്ഗാനിസ്ഥാന്റെ മത്സരം ശ്രീലങ്കയുമായാണ്. വ്യാഴാഴ്ചയാണ് അഹമ്മദാബാദില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. 
ഗുവാഹത്തിയില്‍ ശ്രീലങ്കയെ ബംഗ്ലാദേശ് എട്ടു വിക്കറ്റിന് തോല്‍പിച്ചു. പത്തും നിസങ്കയും (64 പന്തില്‍ 68) ധനഞ്ജയ ഡിസില്‍വയും (79 പന്തില്‍ 55) അര്‍ധ ശതകം നേടിയെങ്കിലും ശ്രീലങ്ക അഞ്ച് പന്ത് ശേഷിക്കെ 263 ന് ഓളൗട്ടായി. ഓപണര്‍മാരായ തന്‍സീദ് ഹസനും (88 പന്തില്‍ 84) ലിറ്റന്‍ ദാസുമാണ് (56 പന്തില്‍ 61) ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. 
ഹൈദരാബാദില്‍ മുഹമ്മദ് രിസ്‌വാനും (94 പന്തില്‍ 103) ക്യാപ്റ്റന്‍ ബാബര്‍ അസമും (84 പന്തില്‍ 80) പാക്കിസ്ഥാനെ അഞ്ചിന് 345 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചെങ്കിലും ന്യൂസിലാന്റ് തുല്യനാണയത്തില്‍ തിരിച്ചടിച്ചു. രചിന്‍ രവീന്ദ്രയെ (72 പന്തില്‍ 97) സെഞ്ചുറിക്കരികെ ആഗാ സല്‍മാന്‍ ബൗള്‍ഡാക്കി. കെയന്‍ വില്യംസന്‍ അര്‍ധ സെഞ്ചുറി തികച്ച് പിന്‍വാങ്ങി.  

Latest News