സീനിയര്‍ അത്‌ലറ്റിക്‌സ്: എറണാകുളത്തിന് കിരീടം

തേഞ്ഞിപ്പലം-സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല കിരീടം ചൂടി.കാലിക്കറ്റ് യുനിവേഴ്്‌സിറ്റി സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ ഇന്നലെ സമാപിച്ചപ്പോള്‍ എറണാകുളത്തിന്റെ താരങ്ങള്‍ 240.5 പോയിന്റുകളുമായാണ് ജേതാക്കളായത്.കോട്ടയം(174) രണ്ടാം സ്ഥാനത്തും തിരുവനന്തപുരം(98.5) മൂന്നാം സ്ഥാനത്തുമെത്തി.തൃശൂര്‍,പാലക്കാട് ജില്ലകള്‍ക്കാണ് നാലും അഞ്ചും സ്ഥാനങ്ങള്‍.15 പോയിന്റുകള്‍ മാത്രം നേടിയ ആലപ്പുഴയാണ് ഏറ്റവും പുറകില്‍.
ഇന്നലെ നാല് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്.രണ്ടു ദിവസങ്ങളിലായി 11 മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. പാലക്കാട് ജില്ലാ താരമായ റീബ അന്ന ജോര്‍ജിന്റെയും എറണാകുളത്തിന്റെ താരമായ കെ.അനന്തകൃഷ്ണന്റെയും ഇരട്ട റെക്കോര്‍ഡുകളായിരുന്നു ഈ മീറ്റിന്റെ പ്രത്യേകത.കഴിഞ്ഞ ദിവസം വനിതാ വിഭാഗം 10000 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡിട്ട റീബ ഇന്നലെ 5000 മീറ്ററിലും പുതിയ സമയം കുറിച്ചു.അനന്തകൃഷ്ണന്‍ ഇന്നലെ പുരുഷവിഭാഗം 5000 മീറ്ററിലാണ് റെക്കോര്‍ഡിട്ടത്.കഴിഞ്ഞ ദിവസം 1500 മീറ്ററിലും താരം റെക്കോര്‍ഡ് നേടിയിരുന്നു.20000 മീറ്റര്‍ നടത്തത്തില്‍ എറണാകുളത്തിന്റെ ബിലിന്‍ ജോര്‍ജ് ആന്റോയും പാലക്കാടിന്റെ കെ.പി പ്രവീണും പഴയ റെക്കോര്‍ഡുകള്‍ തിരുത്തി. 

Latest News