ദോഹ-ഒക്ടോബർ അഞ്ചു മുതൽ 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ കളറാകും.ഓട്ടോമോട്ടീവ് ആഘോഷങ്ങളുടെ ലൈനപ്പിലേക്ക് സീലൈൻ അഡ്വഞ്ചർ ഹബ്ബ് കൂട്ടിച്ചേർക്കുന്നതായി ഖത്തർ ടൂറിസം പ്രഖ്യാപിച്ചു.കാർ പ്രേമികൾക്ക്, വിശിഷ്യാ ഓഫ് റോഡ് റൈഡർമാർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ലോകത്തിലെ മുൻനിര കാർ ബ്രാൻഡുകൾ വിസ്മയ അനുഭവങ്ങൾ സമ്മാനിക്കും.
ഏഴു ദിവസങ്ങളിലായി സവിശേഷവുമായ ഓഫ്-റോഡ് വാഹന അനുഭവങ്ങൾ തേടുന്ന സാഹസിക പ്രേമികളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമാകുമെന്ന് സീലൈൻ അഡ്വഞ്ചർ ഹബ് വാഗ്ദാനം ചെയ്യുന്നു. ഖത്തറിലെ മരുഭൂമിയിലെ മണലിൽ സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടലായ ദി ഔട്ട്പോസ്റ്റ് അൽ ബരാരി ഹോട്ടലിൽ നിർമ്മിച്ച സീലൈൻ അഡ്വഞ്ചർ ഹബ് ഒക്ടോബർ ഏഴു മുതൽ 13 വരെയാണ് ലഭ്യമാകുക. സീലൈൻ അഡ്വഞ്ചർ ഹബ്ബിൽ ഒരു കാർ ഗാലറിയും ഒരുക്കുന്നുണ്ട്. അവിടെ ഐക്കണിക് ഓഫ്-റോഡ് കാറുകൾക്കൊപ്പം പുതിയ കാറുകളും പ്രദർശിപ്പിക്കും.
ജിംസ് ഖത്തർ 2023 ന്റെ അവിഭാജ്യ ഘടകമായി സീലൈൻ അഡ്വഞ്ചർ ഹബ്ബ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഖത്തർ ടൂറിസം മാർക്കറ്റിംഗ് ആൻഡ് പ്ലാനിംഗ് മേധാവി ഷെയ്ഖ ഹെസ്സ അൽതാനി പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, സന്ദർശകർക്ക് ഖത്തറിന്റെ മരുഭൂമിയുടെ പ്രകൃതിസൗന്ദര്യത്തിൽ മുഴുകാനുള്ള അതുല്യമായ അവസരവും ആവേശകരമായ ഓഫ്-റോഡ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനും അവസരമൊരുക്കും.
സീലൈൻ അഡ്വഞ്ചർ ഹബ് അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ഒരു ടിക്കറ്റ് പരിപാടിയായിരിക്കും. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് മരുഭൂമിയിലെ ആകാശം വിസ്മയിപ്പിക്കുന്ന പ്രകാശംകൊണ്ട് അലങ്കരിക്കപ്പെടുന്നതിനാൽ കാർ എക്സിബിഷൻ സന്ദർശിക്കുന്നതിനോ മരുഭൂമിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോ അതിഥികൾ മൂന്നു മണിക്ക് എത്തിച്ചേരണം. ഒട്ടക സവാരി മുതൽ ഡൺ ബാഷിംഗ്, ഫാൽക്കൺറി, ക്വാഡ് ബൈക്കിംഗ്, സാൻഡ് ബോർഡിംഗ്, റിമോട്ട് കൺട്രോൾ കാറുകൾ പ്രവർത്തിപ്പിക്കൽ എന്നിവ വരെയുണ്ടാകും. യുവ സന്ദർശകർ ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യവും ആകർഷകവുമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സൂര്യാസ്തമയത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 5:30 ന് പ്രത്യേക പരിപാടികൾ നടക്കും തുടർന്ന് തത്സമയ പാചക സ്റ്റേഷനുകളുള്ള പരമ്പരാഗത മരുഭൂമി ക്യാമ്പ്, ബാർബിക്യൂ നൈറ്റ് , തത്സമയ സംഗീത വിനോദം തുടങ്ങിയവയുണ്ടാകും.രാത്രി 8:00 മണിയോടെ പരിപാടി അവസാനിക്കും.
എല്ലാം ഉൾപ്പെടുന്ന ഡെസേർട്ട് ക്യാമ്പ് അനുഭവം,സീലൈൻ അഡ്വഞ്ചർ ഹബ് പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് ടിക്കറ്റിൽ പ്രവേശനം,അത്താഴം,മരുഭൂമി പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.പ്രീമിയം ടിക്കറ്റിൽ ഡി.ഇ.സി.സിയിലേക്കും പുറത്തേക്കും ഡൺ ബാഷിംഗും ഷട്ടിൽ സർവീസും ഉൾപ്പെടുന്നു. താമസ പാക്കേജിൽ ഒരു രാത്രി താമസം ഉൾപ്പെടുന്നതാണ്. കുതിച്ചുയരുന്ന മണൽക്കാടുകൾക്കും മരുഭൂമിയിലെ വന്യതക്കും ഇടയിൽ അൽ ബരാരിയുടെ ഔട്ട്പോസ്റ്റ് ആഡംബര വില്ലകൾ അതിഥികൾക്ക് പ്രകൃതിയോട് അടുത്ത് നിൽക്കുന്ന അനുഭവം ആസ്വദിക്കാൻ അവസരമൊരുക്കും.






