ദോഹ-നവംബർ രണ്ട്,മൂന്ന് തിയ്യതികളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി ദോഹയിലെ വിവിധ സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന സംഘടനാ നേതൃയോഗത്തിന്റെതാണ് തീരുമാനം.
ഖത്തറിലെ പ്രധാന മലയാളി സംഘടനാ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിച്ചു. ജൂട്ടാസ് പോൾ അധ്യക്ഷനായ യോഗം സ്വാഗതസംഘം ചെയർമാൻ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ റോൾ മോഡൽ ആയി മാറാൻ പ്രവാസികളായ നമുക്ക് കഴിയേണ്ടതുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഷറഫ് പി.ഹമീദ് പറഞ്ഞു.
ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു. കൺവീനർ മശ്ഹൂദ് തിരുത്തിയാട് മുൻകാല സമ്മേളനങ്ങളുടെ ഹ്രസ്വ വിവരണം നടത്തി.അഡൈ്വസറി ബോർഡ് ചെയർമാൻ എബ്രഹാം ജോസഫ്, അഡ്വ.ജാഫർ ഖാൻ, ആർട്സ് ആന്റ് ലിറ്റററി കൺവീനർ മൊയ്തീൻ ഷാ, സ്പോർട്സ് വിംഗ് ചെയർമാൻ ആഷിക് അഹമദ്,പബ്ലിസിറ്റി ചെയർമാൻ സിയാദ് കോട്ടയം, തൗഹീദാ റഷീദ് എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ സംസാരിച്ചു.
സമ്മേളനത്തിന്റെ വിജയത്തിന് മുഴുവൻ സംഘടനാ പ്രതിനിധികളും സമ്പൂർണ്ണ പിന്തുണയും സഹായ സഹകരണവും വാഗ്ദാനം ചെയ്തു. 'കാത്തുവെക്കാം സൗഹൃദ തീരം' എന്ന ആശയവുമായി ബന്ധപ്പെട്ട പ്രമേയം ഉണ്ണികൃഷ്ണൻ നായർ അവതരിപ്പിച്ചു.
ഏറെ ചർച്ചകൾക്കും ആലോചനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് വളരെ ആനുകാലിക പ്രസക്തവും ഇന്നത്തെ കാലം തേടുന്നതുമായ 'കാത്തുവെക്കാം സൗഹൃദ തീരം' എന്ന പ്രമേയം തിരഞ്ഞെടുത്തതെന്ന് സമാപന ഭാഷണം നിർവഹിച്ച വൈസ് ചെയർമാൻ കെ.എൻ. സുലൈമാൻ മദനി പറഞ്ഞു. യോഗത്തിൽ മുജീബ് റഹ്മാൻ മദനി സ്വാഗതവും അബ്ദുറഷിദ് തിരൂർ നന്ദിയും പറഞ്ഞു.






