മുംബൈ - കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രണ്ട് ഏകദിനം മാത്രം കളിച്ച ആര്. അശ്വിന് അപ്രതീക്ഷിതമായി ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തി. ഇന്ത്യന്‍ ടീമിലെ പതിനഞ്ചാമത്തെയും അവസാനത്തെയും സ്ഥാനത്തേക്ക് മൂന്നു പേരായിരുന്നു പരിഗണനയില്‍ -അക്ഷര്‍ പട്ടേല്‍, അശ്വിന്, വാഷിംഗ്ടണ്‍ സുന്ദര്‍. അക്ഷറിന് ഫിറ്റ്നസ് പ്രശ്നമുള്ളതും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അശ്വിന് മികവ് കാട്ടിയതുമാണ് സെലക്ടര്‍മാരെ അന്തിമ തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അക്ഷറിന് പൂര്‍ണ ഫിറ്റ്നസ് നേടാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടതുണ്ടെന്നാണ് സൂചന.
നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ പ്രാഥമിക ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയ്യതി ഇന്നാണ്. നാളെ മുതല്‍ മാറ്റം വരുത്തണമെങ്കില്‍ ലോകകപ്പ് ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി വേണം. ഓഗസ്റ്റ് അവസാനം പ്രാഥമിക ടീം പ്രഖ്യാപിക്കുമ്പോള്‍ അശ്വന് ചിത്രത്തിലേയുണ്ടായിരുന്നില്ല. ഏഷ്യാ കപ്പില്‍ അക്ഷറിന് പരിക്കേറ്റപ്പോള്‍ സെലക്ടര്‍മാര്‍ പകരം ടീമിലുള്‍പെടുത്തിയത് വാഷിംഗ്ടണ്‍ സുന്ദറിനെയായിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് പൊടുന്നനെ കാര്യങ്ങള്‍ മാറി. ഒന്നര വര്‍ഷത്തിനിടയിലാദ്യമായി മുപ്പത്തേഴുകാരന് ഏകദിനം കളിക്കാന്‍ അവസരം കിട്ടി. ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ രണ്ടു പേരായിരിക്കും 2011 ല്‍ ലോകകപ്പ് നേടിയ ടീമിലെ അവശേഷിക്കുന്നവര്‍-വിരാട് കോലിയും അശ്വിനും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ഇശാന് കിഷന്, മുഹമ്മദ് ഷമി, അശ്വിന്.






