ഹാങ്ചൗ - സൗദി അറേബ്യയില്‍ നടന്ന ദാകാര്‍ വാഹന റാലിയില്‍ കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യനായ ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ വളയമുപേക്ഷിച്ച് ഏഷ്യന്‍ ഗെയിംസില്‍ തോക്ക് കൈയിലെടുത്തു. ഷൂട്ടിംഗില്‍ രണ്ട് മെഡലുമായി അമ്പത്തിരണ്ടുകാരന്‍ മടങ്ങി. 2002 ലും 2010 ലും ഏഷ്യാഡില്‍ ഷൂട്ടിംഗ് സ്വര്‍ണം നേടിയ അതിയ്യ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലവും കരസ്ഥമാക്കി. അതോടൊപ്പം ലോകോത്തര ഡ്രൈവര്‍ കൂടിയാണ്. ലോകത്തെ ഏറ്റവും ദുഷ്‌കരമായ വാഹന മത്സരമായ ദാകാര്‍ റാലിയില്‍ ഏതാനും വര്‍ഷമായി ആദ്യ സ്ഥാനങ്ങളിലുണ്ട് അതിയ്യ. ഹാങ്ചൗ ഏഷ്യാഡില്‍ ഒരു പരിശീലനവുമില്ലാതെ പങ്കെടുത്താണ് രണ്ട് മെഡല്‍ നേടിയത്. പുരുഷ സ്‌കീറ്റില്‍ ടീം ഇനത്തില്‍ വെള്ളിയും വ്യക്തിഗത വിഭാഗത്തില്‍ വെങ്കലവും.
കഴിഞ്ഞ ദാകാര്‍ റാലിയില്‍ രണ്ടാം സ്ഥാനക്കാരനായ സെബാസ്റ്റ്യന്‍ ലോബിനെ ഒരു മണിക്കൂറിലേറെയുള്ള വന്‍ വ്യത്യാസത്തിലാണ് നാസര്‍ അല്‍അതിയ്യ തോല്‍പിച്ചത്. റാലി ഡ്രൈവിംഗും ഷൂട്ടിംഗും തീര്‍ത്തും വ്യത്യസ്തമാണെങ്കിലും കരുത്തും മനഃശക്തിയും രണ്ടിനും ആവശ്യമുണ്ടെന്ന് അതിയ്യ പറഞ്ഞു. നല്ലൊരു അശ്വാഭ്യാസി കൂടിയാണ് അതിയ്യ. തിരക്ക് കാരണം 2022 ല്‍ ഒരു ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലും അതിയ്യക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അവശേഷിച്ച രണ്ട് ഷൂട്ടിംഗ് ലോകകപ്പുകളില്‍ പങ്കെടുത്ത് പാരിസ് ഒളിംപിക്‌സ് ബെര്‍ത്ത് നേടാനാണ് ശ്രമിക്കുകയെന്ന് അതിയ്യ പറഞ്ഞു. അതിനു മുമ്പ് അടുത്തയാഴ്ച സൈപ്രസ് കാര്‍ റാലിയില്‍് പങ്കെടുക്കേണ്ടതുണ്ട്.






