ന്യൂദല്‍ഹി- ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന ഹാക്കര്‍ സംഘം കനേഡിയന്‍ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. സേനയുടെ വെബ്‌സൈറ്റ് താത്ക്കാലികമായി പ്രവര്‍ത്തന രഹിതമായി.
സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഇന്ത്യന്‍ സൈബര്‍ ഫോഴ്സ് എക്‌സില്‍ കുറിപ്പിട്ടു. വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചു.
വെബ്സൈറ്റില്‍ തടസ്സം നേരിട്ടെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടുവെന്ന് കനേഡിയന്‍ പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷന്‍സ് മേധാവി ഡാനിയല്‍ ലെ ബൗത്തിലിയര്‍ പറഞ്ഞു. ചില ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും മിക്ക മൊബൈല്‍ ഉപകരണങ്ങളിലും ഇത് ലഭ്യമായിരുന്നില്ല.
സെപ്റ്റംബര്‍ 21ന് ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് കാനഡയ്ക്ക് എതിരെ ഭീഷണി മുഴക്കിയിരുന്നു. കനേഡിയന്‍ സൈബര്‍സ്‌പേസിനെതിരായ ആക്രമണത്തിന്റെ ശക്തി നേരിട്ടറിയാന്‍ തയ്യാറായിരിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്.