ലോകകപ്പിന് പുറപ്പെടും മുമ്പ്  ബംഗ്ലാദേശ് ടീമില്‍ തമ്മിലടി

ധാക്ക - ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ബംഗ്ലാദേശ് ടീമില്‍ രണ്ട് സീനിയര്‍ കളിക്കാര്‍ തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. ഈയിടെ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ പുറംവേദനയുടെ പേര് പറഞ്ഞ് ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങളുടെ തുടക്കം.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു പ്രമുഖന്‍ താന്‍ തിരിച്ചുവരുന്നതിന് നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അതിനാലാണ് ലോകകപ്പ് ടീമില്‍ നിന്ന് പിന്മാറിയതെന്നും മുപ്പത്തിനാലുകാരന്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ആരോപിച്ചു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കരുത് എന്ന് ഈ വ്യക്തി തന്നെ വിളിച്ചു പറഞ്ഞു. മത്സരത്തിന് രണ്ടാഴ്ചയുണ്ടല്ലോ അപ്പോഴേക്കും ഫിറ്റ്‌നസ് നേടും എന്ന് മറുപടി നല്‍കി. എങ്കില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്നായി. കരിയറില്‍ ഇതുവരെ ഓപണറായിരുന്നു ഞാന്‍. ചിലര്‍ വൃത്തികെട്ട കളികള്‍ കളിക്കുകയാണ് -തമീം ആരോപിച്ചു.
എന്നാല്‍ തമീം വ്യക്തി താല്‍പര്യം മാത്രം കളിക്കാരനാണെന്നും ടീമിന്റെ താല്‍പര്യമാണ് പ്രധാനമെന്നും നിലവിലെ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ പരസ്യ പ്രസ്താവന നടത്തി. ബംഗ്ലാദേശ് ബോര്‍ഡിലെ ആരെങ്കിലും തമീമിന് മുന്നില്‍ നിര്‍ദേശം വെച്ചെങ്കില്‍ അദ്ദേഹം ടീമിന്റെ താല്‍പര്യമാണ് പരിഗണിച്ചത്. ടീമിനു വേണ്ടി അങ്ങനെയൊരു നിര്‍ദേശം വെക്കാന്‍ പാടില്ലെന്നാണോ? വ്യക്തിയാണോ പ്രധാനം? -ശാഖിബ് ചോദിച്ചു. ഏഴാം നമ്പര്‍ ബാറ്ററായാണ് രോഹിത് ശര്‍മ കരിയര്‍ തുടങ്ങിയത്. പിന്നീട് ഓപണറായി പതിനായിരത്തോളം റണ്‍സ് നേടി. ചിലപ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നു. ഇത് എന്റെ ബാറ്റാണ്, ഞാന്‍ കളിക്കും എന്ന് പറയുന്നത് കുട്ടിത്തമാണ്. നൂറോ ഇരുനൂറോ മത്സരങ്ങള്‍ കളിച്ച വ്യക്തിയായാലും ടീമിന്റെ താല്‍പര്യമായിരിക്കണം പ്രധാനം. ടീം തോറ്റാല്‍ വ്യക്തി നേട്ടങ്ങള്‍ കൊണ്ട് എന്താണ് കാര്യം -ശാഖിബ് തുറന്നടിച്ചു. 
ജൂലൈയില്‍ വിരമിച്ച തമീമിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. ന്യൂസിലാന്റിനെതിരായ കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങളിലാണ് തമീം പിന്നീട് കളിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന തമീം ലോകകപ്പില്‍ എല്ലാ കളികളിലും പങ്കെടുക്കുന്ന കാര്യം ഉറപ്പ് നല്‍കിയില്ല. പൂര്‍ണ കായികക്ഷമതയുള്ളവര്‍ മാത്രം മതി ലോകകപ്പ് ടീമിലെന്ന് കോച്ച് ചന്ദിക ഹതുരസിംഗെയും ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും നിലപാടെടുത്തു. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും സെഞ്ചുറിയടിച്ച ഏക ബംഗ്ലാദേശ് കളിക്കാരനാണ് തമീം. 
ബംഗ്ലാദേശ് ടീമിന് നാളെ ശ്രീലങ്കക്കെതിരെയും ഒക്ടോബര്‍ രണ്ടിന് ഇംഗ്ലണ്ടിനെതിരെയും സന്നാഹ മത്സരങ്ങളുണ്ട്. ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെ ധര്‍മശാലയിലാണ് ആദ്യ ലോകകപ്പ് മത്സരം. 

Latest News