ഹൈദരാബാദ് - ഹിന്ദു, മുസ്ലിം ആഘോഷ ദിനങ്ങളുടെ ലഹരിയിലമര്‍ന്ന ഹൈദരാബാദ് നഗരത്തിലേക്ക് ലോകകപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാന്‍ ടീം എത്തി. ബുധനാഴ്ച രാവിലെ ലാഹോറില്‍ നിന്ന് ദുബായ് വഴിയാണ് ബാബര്‍ അസമും സംഘവും വന്നത്. തങ്ങളുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായാണ് അറിയുന്നതെന്നും ആരാധകരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബര്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിച്ച മുന്‍കാല കളിക്കാര്‍ ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ലോകകപ്പിന് വരാനാവാത്തതില്‍ വിഷമമുണ്ട് -ബാബര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്ക് ദുബായിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്‍ അവിടെ ഒമ്പത് മണിക്കൂര്‍ വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 29 ന് ന്യൂസിലാന്റിനെതിരെ അവര്‍ സന്നാഹ മത്സരം കളിക്കും. മത ചടങ്ങുകളുടെ തിരക്കായതിനാല്‍ മത്സരത്തിന് സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടാണെന്ന് പോലീസ് അറിയിച്ചതിനാല്‍ കാണികളില്ലാതെയാണ് കളി നടത്തുക. ഓസ്‌ട്രേലിയക്കെതിരായ പാക്കിസ്ഥാന്റെ സന്നാഹ മത്സരവും ഹൈദരാബാദിലാണ്.
ന്യൂസിലാന്റ് ടീം രണ്ട് സംഘങ്ങളായാണ് എത്തിയത്. പാക്കിസ്ഥാനും ന്യൂസിലാന്റിനും പുറമെ ഓസ്‌ട്രേലിയ, നെതര്‍ലാന്റ്‌സ്, ശ്രീലങ്ക ടീമുകളും ഹൈദരാബാദില്‍ കളിക്കുന്നുണ്ട്. ഹൈദരാബാദിനു പുറമെ തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങളുണ്ട്.






