കടൽ കടക്കുന്ന മഹിമ

ആക്ഷൻ വെടിക്കെട്ടുമായി ഓണത്തിന് തിയേറ്ററിലെത്തിയ ആർ.ഡി.എക്‌സിന്റെ അലയൊലികൾ ഇപ്പോഴും അവസാനിക്കുന്നില്ല. യുവത്വത്തിന്റെ പ്രസരിപ്പോടെ മൂന്നു യുവാക്കളുടെ ജീവിതം ഇതിവൃത്തമാക്കിയൊരുക്കിയ ചിത്രം ഇന്നും തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുന്നു, റോബർട്ടും സഹോദരൻ ഡോണിയും സേവ്യറും. 
ഈ കൂട്ടുകാരുടെ ഇടിക്കഥയാണ് ആർ.ഡി.എക്‌സ്.  പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടന്ന ചെറിയൊരു കശപിശയിൽ തുടങ്ങിയ പക. എന്നാൽ ആ പകയ്ക്ക് ഇത്രത്തോളം അർഥവ്യാപ്തിയുണ്ടെന്ന്  അടിവരയിടുകയാണ് സംവിധായകൻ നഹാസ് ഹിദായത്ത്. ആക്ഷനു പുറമെ കുടുംബ കഥക്കും റൊമാൻസിനും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്. കോളേജ് വിദ്യാർഥിയായ മിനി റോബർട്ടിന്റെ കാമുകിയായെത്തുന്നതോടെ അയാളുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകുന്നു. കോളേജ് കലോത്സവത്തിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് റോബർട്ടിനെ നാട്ടിൽനിന്നും അകറ്റുന്നത്. വർഷങ്ങൾ പിന്നിടുമ്പോൾ ഒരിക്കൽ തന്റെ കുടുംബത്തിലും അവർ കുഴപ്പങ്ങളുണ്ടാക്കുമ്പോൾ റോബർട്ടിന് അവിടെ നിൽക്കാനാവുന്നില്ല. നാട്ടിൽ മടങ്ങിയെത്തിയ റോബർട്ടിനെ കാത്തിരുന്ന പ്രതിയോഗികൾ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇതിനിടയിൽ തന്റെ കാമുകി പോലും മറ്റൊരുത്തന്റെ ഭാര്യയായത് റോബർട്ടിനെ ഉലയ്ക്കുന്നു. എങ്കിലും ഒടുവിൽ പ്രതിയോഗികളെ നിലംപരിശാക്കുന്നിടത്താണ് ആർ.ഡി.എക്‌സ് പൂർണമാവുന്നത്. റോബർട്ടായി ഷെയ്ൻ നിഗവും മിനിയായി മഹിമ നമ്പ്യാരും മാറ്റുരയ്ക്കുമ്പോൾ ഡോണിയായി ആന്റണി വർഗീസും സേവ്യറായി നീരജ് മാധവുമെത്തുന്നു.
ദിലീപ് നായകനായ കാര്യസ്ഥനിൽ കൃഷ്ണനുണ്ണിയുടെ സഹോദരിയായ ഗോപികയായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ കാസർകോട്ടുകാരി മലയാളത്തിന്റെ മാത്രമല്ല, തമിഴകത്തിന്റെയും മഹിമ വർധിപ്പിക്കുകയാണ്. ഒരിക്കൽ കുടുംബ സമേതം ബേക്കൽ കോട്ട സന്ദർശിക്കാനെത്തിയതായിരുന്നു മഹിമ. ചെന്നുപെട്ടത് തമിഴിലെ പ്രശസ്ത  സംവിധായകനായ സാമിയുടെ മുന്നിൽ. മഹിമയെ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം പുതിയ ചിത്രമായ സിന്ധു സമവേലിയിലേക്ക് ക്ഷണിച്ചു. എന്നാൽ എസ്.എസ്.എൽ.സി പരീക്ഷയായതിനാൽ ആ ചിത്രം നിരസിക്കേണ്ടിവന്നു. തുടർന്നായിരുന്നു കാര്യസ്ഥനിലേക്കുള്ള അവസരം ലഭിക്കുന്നത്. ചിത്രം വിജയിച്ചെങ്കിലും മലയാളത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്നതിനാലാണ് തമിഴകത്തേക്കു കടന്നത്. സെവൻത് ഡേ എന്ന ചിത്രത്തിന്റെ സംവിധായകനായ ഷിബു സുശീലനാണ് തമിഴകത്തിന് പരിചയപ്പെടുത്തിയത്. സമുദ്രക്കനി സംവിധാനം ചെയ്ത സാട്ടൈ ആയിരുന്നു ആദ്യ ചിത്രം. അറിവഴകി എന്ന പ്ലസ് ടു കാരിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്. ഗോപിക എന്ന പേരു മാറ്റി മഹിമയായതും ഈ ചിത്രത്തിലൂടെയാണ്. ചിത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് മഹിമയെ തേടിയെത്തിയത്. എന്നമോ നടക്കത് എന്ന ചിത്രത്തിലൂടെ നായികയുമായി. വിജയവസന്ത് നായകനായ ഈ ചിത്രത്തിൽ തികച്ചും ബോൾഡായ ഒരു നഴ്‌സിന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. ശരിക്കുമൊരു ടേണിംഗ് പോയന്റായിരുന്നു ആ ചിത്രം. മോസക്കുടിയിലെ കായൽവിഴി, കുട്രം 23 ലെ തെൻട്രൽ, പുതിയത പുതിർ എന്ന ചിത്രത്തിലെ മൃദുല, കൊടിവീരനിലെ മലർ, ഇറവുക്കു ആയിരം കൺകളിലെ സുശീല, അണ്ണനുക്ക് ജയ് എന്ന ചിത്രത്തിലെ സുന്ദരി, കിതനയിലെ അംബിക... തുടങ്ങി തമിഴകത്ത് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കുകയായിരുന്നു ഈ അഭിനേത്രി. ഇതിനിടയിൽ മലയളത്തിലും ഒന്നുരണ്ടു ചിത്രങ്ങളിൽ വേഷമിട്ടു. മധുരരാജയിലെ മീനാക്ഷിയായും മാസ്റ്റർ പീസിലെ വേദികയുമായി. ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും മലയാളത്തിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മഹിമ.

ആർ.ഡി.എക്‌സിലേക്കുള്ള ക്ഷണം ?
ചിത്രത്തിന്റെ സംവിധായകനായ നഹാസ് സാർ ആരവം എന്ന ചിത്രമായിരുന്നു ഇതിന് മുമ്പ് തീരുമാനിച്ചിരുന്നത്. ഈ ചിത്രത്തിൽ നായിക വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരു തമിഴ് ചിത്രത്തിന്റെ തിരക്കിലായതിനാൽ വേഷമിടാനായില്ല. തുടർന്നായിരുന്നു ആർ.ഡി.എക്‌സിലേക്കുള്ള ക്ഷണം ലഭിച്ചത്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. രണ്ടു കാലഘട്ടത്തിലൂടെയാണ് ആ കഥാപാത്രം സഞ്ചരിക്കുന്നത്. ഭർതൃമതിയായുള്ള വർത്തമാന കാലവും കോളേജ് വിദ്യാർഥിനിയും കാമുകിയുമായ ഒരു ഭൂതകാലവും ആ കഥാപാത്രത്തിനുണ്ടായിരുന്നു. ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കണമെന്നായിരുന്നു ആഗ്രഹം. ആ സ്വപ്‌നം സഫലമാവുകയായിരുന്നു.

ആർ.ഡി.എക്‌സിന്റെ വിജയം പ്രതീക്ഷിച്ചിരുന്നോ ?
പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്നുറപ്പായിരുന്നു. ചിത്രത്തിലെ ആക്ഷനും റൊമാൻസുമെല്ലാം യുവാക്കളെ ആകർഷിക്കുമെന്നുറപ്പായിരുന്നു. എന്നാൽ ഇത്രയും വലിയൊരു സ്വീകാര്യത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ പുറത്തിറങ്ങുന്ന ദിവസം ചന്ദ്രമുഖി 2 ന്റെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് ഞാൻ ചെന്നൈയിലായിരുന്നു. റിലീസിന്റെ ടെൻഷൻ നന്നായുണ്ടായിരുന്നു. എങ്കിലും ആന്റണി വർഗീസ് വിളിച്ച് കാര്യങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. തിയേറ്ററിലെ തിരക്ക് കണ്ട് നമ്മുടെ പടം വിജയിച്ചു എന്ന് പറഞ്ഞതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തി സിനിമ കാണണമെന്നായി. തമിഴകത്തും നല്ല സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മൂന്ന് വർഷത്തെ ഇടവേള ?
മലയാള സിനിമകളിൽ അഭിനയിച്ചില്ല എന്നേയുള്ളൂ. തമിഴിൽ നല്ല തിരക്കായിരുന്നു. മധുരരാജയിൽ മമ്മൂക്കയുടെ സഹോദരനായി വേഷമിടുന്ന ജയ് യുടെ ജോഡിയായാണ് വേഷമിട്ടത്. ജയ്‌യെ പരിചയമുണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. ജയ്ക്ക് മലയാളം വശമുണ്ടായിരുന്നില്ല. എനിക്ക് തമിഴ് അറിയാമായിരുന്നതുകൊണ്ട് മലയാളം ഡയലോഗുകൾ പറഞ്ഞുകൊടുത്തത് ഞാനായിരുന്നു. അതിനു ശേഷം വന്നതെല്ലാം അനിയത്തിക്കുട്ടിയുടെ വേഷങ്ങളായിരുന്നു. അത്തരം കഥാപാത്രങ്ങളിലേക്ക് ചുരുങ്ങാൻ താൽപര്യമുണ്ടായിരുന്നില്ല. മലയാളത്തിൽ നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു. തമിഴിൽ നല്ല വേഷങ്ങൾ ലഭിച്ചതുകൊണ്ടാണ് അവിടെ തുടർന്നത്. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും മലയാളത്തിൽ വേഷമിടും.

കുടുംബ പശ്ചാത്തലം ?
ഞങ്ങൾ കണ്ണൂരുകാരാണെങ്കിലും കാസർകോട്ടാണ് താമസം. അച്ഛൻ സുധാകരൻ കണ്ണൂർ സ്വദേശിയാണ്. അമ്മ വിദ്യ നീലേശ്വരംകാരിയാണ്. ചെന്നൈയിൽ റെയിൽവേയിൽ എൻജിനീയറായിരുന്നു അച്ഛൻ. 
അമ്മ നായന്മാർമൂല ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അധ്യാപികയും. ചേട്ടൻ ഉണ്ണികൃഷ്ണൻ മെക്കാനിക്കൽ എൻജിനീയറാണ്. കണ്ണൂർ സർവകലാശാലയിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന് ഡിസ്റ്റന്റായി ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

മലയാള സിനിമ മലബാറിലേക്ക് കൂട് മാറുകയാണോ ?
വടക്കൻ ജില്ലകളിലെ കഥാപശ്ചാത്തലങ്ങൾ മലയാള സിനിമക്ക് അന്യമായിരുന്നു. എന്നാൽ അടുത്ത കാലത്തായി വിജയം വരിച്ച പല ചിത്രങ്ങളുടെയും കഥകൾ ഇവിടെനിന്നുള്ളവയായിരുന്നു. കണ്ണൂർ, കാസർകോട് ഭാഷയിലുള്ള ചിത്രങ്ങൾക്ക് ജനപ്രീതിയേറുകയായിരുന്നു. 
കേട്ടു പരിചയിച്ച ശൈലികളിൽനിന്നും ഭാഷയിൽനിന്നും വ്യത്യസ്തമായി ഇവിടത്തുകാരുടെ രീതികളും ഭാഷയുമെല്ലാം ആകർഷകമായതുകൊണ്ടാകാം പ്രേക്ഷകർ ഏറ്റെടുക്കുന്നതെന്നു കരുതാം.

പുതിയ ചിത്രങ്ങൾ ?
രാഘവേന്ദ്ര ലോറൻസിന്റെ നായികയായെത്തുന്ന ചന്ദ്രമുഖി 2 എന്ന ചിത്രം ഈ മാസം പുറത്തിറങ്ങും. കൂടാതെ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ 800 ന്റെ ചിത്രീകരണം പൂർത്തിയായി. തമിഴിലും തെലുങ്കിലും സിംഹള ഭാഷയിലുമായാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ മധുർ മിത്തലാണ് മുരളീധരനായി എത്തുന്നത്. ശ്രീലങ്കയിലും ചെന്നൈയിലും ലണ്ടനിലുമെല്ലാം വെച്ചായിരുന്നു ചിത്രീകരണം. എം.എസ്. ശ്രീപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മധിമലർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയുടെ രത്തം എന്ന ചിത്രവും പുറത്തിറങ്ങാനിരിക്കുന്നു.

Latest News