ഹാങ്ചൗ - ട്വന്റി20 ഇന്റര്‍നാഷനല്‍ മത്സരത്തില്‍ മുന്നൂറിലേറെ റണ്‍സ് നേടുന്ന ആദ്യ ടീമായി നേപ്പാള്‍. മംഗോളിയക്കെതിരെ അവര്‍ അടിച്ചെത്തത് മൂന്നു വിക്കറ്റിന് 314 റണ്‍സ്. കുശാല്‍ മല്ല 50 പന്തില്‍ 12 സിക്‌സറും എട്ട് ബൗണ്ടറിയുമായി 137 റണ്‍സ് നേടി പുറത്താവാതെ നിന്നു. 34 പന്തിലായിരുന്നു സെഞ്ചുറി, ഇതും റെക്കോര്‍ഡാണ്. ദീപേന്ദ്ര സിംഗ് അയരീ നേരിട്ട പന്ത് പന്തില്‍ എട്ടും സിക്‌സറിന് പായിച്ച് 52 റണ്‍സുമായി ഒടുക്കം ഗംഭീരമാക്കി. ഒമ്പത് പന്തില്‍ അര്‍ധ സെഞ്ചുറി മറ്റൊരു റെക്കോര്‍ഡാണ്. മൊത്തം 26 സിക്‌സറുകളുണ്ട് നേപ്പാള്‍ ഇന്നിംഗ്‌സില്‍. അത് മറ്റൊരു റെക്കോര്‍ഡ്. 14 ബൗണ്ടറിയും. ബൗണ്ടറികളും സിക്‌സറുകളും വഴി മാത്രം 212 റണ്‍സ്.
മംഗോളിയയുടെ മറുപടി 13.1 ഓവറില്‍ 41 ല്‍ അവസാനിച്ചു. 273 റണ്‍സ് വിജയവും റെക്കോര്‍ഡാണ്. ദാവാസുരന്‍ ജംയാന്‍സുരന്‍ (10) ഒഴികെ ആരും മൂന്നിലേറെ റണ്‍സെടുത്തില്ല. 23 എക്‌സ്ട്രാ റണ്‍സില്ലായിരുന്നുവെങ്കില്‍ സ്‌കോര്‍ 20 പോലും കടക്കില്ലായിരുന്നു.
2019 ല്‍ അയര്‍ലന്റിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ മൂന്നിന് 278 റണ്‍സാണ് ട്വന്റി20 ഇന്റര്‍നാഷനലില്‍ നിലവിലെ റെക്കോര്‍ഡ്.






