ഷൂട്ടിംഗില്‍ മെഡല്‍ പെയ്യുന്നു, രണ്ട് സ്വര്‍ണം, ഏഴ് മെഡല്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ആഹ്ലാദ വെടി. ബുധനാഴ്ച മാത്രം ഷൂട്ടിംഗില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ ഇന്ത്യ ഏഴു മെഡലുകള്‍ നേടി. വനിതകളുടെ 50 മീ. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത്കൗര്‍ സംറയാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണക്കുതിപ്പിന് തുടക്കമിട്ടത്. ഈശ സിംഗും മനു ഭാക്കറും റിതം സംഗ്‌വാനുമുള്‍പ്പെട്ട 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനാണ് രണ്ടാമത്തെ സ്വര്‍ണം. 
50 മീ. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് കൗറിനു പിന്നില്‍ ഇന്ത്യയുടെ ആഷി ചൗക്‌സിക്ക് വെങ്കലം കിട്ടി. സിഫ്തിനും ആഷിക്കുമിടയില്‍ വെള്ളിയുമായി ചൈനയുടെ ഷാംഗ് ക്വിയോന്‍യൂ കയറി. സിഫ്ത് കൗറും ആഷിയുമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെള്ളി നേടി. ഷോട് ഗണ്‍ സ്‌കീറ്റില്‍ കുവൈത്തിന്റെ അബ്ദുല്ല അല്‍റാഷിദിക്ക് പിന്നില്‍ ആനന്ദ് ജീത് സിംഗ് മറ്റൊരു വെള്ളി കരസ്ഥമാക്കി. അറുപതില്‍ അറുപതും സ്‌കോര്‍ ചെയ്ത അബ്ദുല്ല 2018 ല്‍ ഇന്ത്യയുടെ അംഗഡ് വീര്‍ സിംഗ് സ്ഥാപിച്ച ലോക റെക്കോര്‍ഡിനൊപ്പമെത്തി. ആനന്ദിന്റെ സ്‌കോര്‍ അമ്പത്താറാണ്. വനിതകളുടെ 25 മീ. പിസ്റ്റളില്‍ ഈശ സിംഗിനാണ് മറ്റൊരു വെള്ളി. ചൈനയുടെ ലിയു റൂയിക്കാണ് സ്വര്‍ണം. സ്വര്‍ണ സാധ്യതയുമായി മുന്നേറിയ മനു ഭാക്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
ഷോട് ഗണ്‍ സ്‌കീറ്റില്‍ ആനന്ദും അംഗഡും ഗുര്‍ജോത് സിംഗുമുള്‍പ്പെട്ട ഇന്ത്യന്‍ ടീം ചൈനക്കും ഖത്തറിനും പിന്നില്‍ വെങ്കലം നേടി.

Latest News