വഹീദാ റഹ്മാൻ: ഇന്ത്യൻ സിനിമയുടെ സിന്ദൂരതിലകം

ചലച്ചിത്രരംഗത്തെ അത്യുന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് ഈ വർഷം അർഹത നേടിയ 'കുലീനയായ അഭിനേത്രി' 
വഹീദാ റഹ്മാന്റെ വൈവിധ്യമാർന്ന സിനിമാ ജീവിതത്തിലൂടെ....

ഉറക്കത്തിൽ ഇറങ്ങി നടക്കുന്ന (നിദ്രാടക) ഒരു കഥാപാത്രമുണ്ട്, മഹേശ്വരി സംവിധാനം ചെയ്ത നീൽകമൽ എന്ന സിനിമയിൽ. റെയിൽപ്പാളത്തിലൂടെ രാത്രി അലസമായി നടന്നു നീങ്ങുന്ന സീതയെന്നെ ആ കഥാപാത്രം, സിനിമ കണ്ടവരുടെ മനസ്സിൽ നിന്നു മാഞ്ഞുപോകില്ല. ഇരമ്പിവരുന്ന തീവണ്ടിക്ക് മുമ്പിൽ നിന്ന് സീതയെ രക്ഷപ്പെടുത്തുന്ന റാം (മനോജ് കുമാർ), സഹതാരങ്ങളായ രാജ്കുമാർ, ബൽരാജ് സാഹ്നി തുടങ്ങിയ അക്കാലത്തെ ഹിന്ദി സിനിമയുടെ മുടിചൂടാമന്നന്മാരായ നായകന്മാരത്രയും അണി നിരന്ന നീൽകമലിനെ അവാർഡുകളുടെ പെരുമ ചൂടിച്ചത് വഹീദാ റഹ്മാൻ നായികാവേഷമിട്ട സീതയെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അക്കൊല്ലത്തെ ഫിലിം ഫെയർ പുരസ്‌കാരവും വഹീദാ റഹ്മാനെ തേടിയെത്തി. തുടർന്നങ്ങോട്ട് ദേശീയ പുരസ്‌കാരങ്ങളുടെ നീണ്ട പട്ടികയിൽ ആ പേര് അടയാളപ്പെട്ടു. ഇന്നിതാ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എൺപത്തഞ്ചുകാരിയായ അവരെ തേടിയെത്തിയിരിക്കുന്നു.


ഇന്ത്യൻ സിനിമയുടെ എക്കാലത്തേയും ഐക്കൺ എന്നറിയപ്പെടുന്ന ഗുരുദത്ത് കണ്ടെടുത്ത അപൂർവ പ്രതിഭയാണ് തമിഴ്‌നാട്ടിലെ ചിങ്കൽപേട്ടുകാരിയായ വഹീദാ റഹ്മാൻ. തമിഴ്‌നാട്ടിലെ ഡിസ്ട്രിക്ട് റവന്യൂ കമ്മീഷണർ മുഹമ്മദ് അബ്ദുറഹ്മാന്റേയും മുംതാസിന്റേയും ഈ മകൾ കുട്ടിക്കാലത്ത് ഭരതനാട്യം പഠിച്ചപ്പോൾ ബന്ധുക്കളുടേയും നാട്ടുകാരുടെയും കടുത്ത എതിർപ്പുയർന്നു. അരങ്ങേറ്റത്തിനിടെയും അലോസരങ്ങളുണ്ടായി. മുസ്‌ലിം പെൺകുട്ടി നൃത്തം പഠിക്കുകയോ? പക്ഷേ വഹീദയുടെ കലാഭിനിവേശത്തെ വീട്ടുകാർ പ്രോൽസാഹിപ്പിച്ചു.

മകളെ ഡോക്ടറാക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും വഹീദയുടെ പതിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പിന്നീട് ക്ലേശങ്ങളുടെ കാലമായിരുന്നു. അതിനിടെയാണ് ഒരു തെലുഗു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ അവസരം ലഭിച്ചത്. മറ്റു ബന്ധുക്കളിൽ നിന്ന് വ്യത്യസ്തനായ, കലയിലും സാഹിത്യത്തിലും തൽപരനായ അമ്മാവൻ ഡോ. ഫിറോസ് അലിയുടെ ശുപാർശയിലായിരുന്നു ഇത്. 'റോജിലു മലായി' എന്ന തെലുഗുസിനിമയിലെ നീലക്കണ്ണുകളുള്ള വഹീദയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസിക്കൽ നൃത്തത്തിലുള്ള സിദ്ധി സിനിമയിലേക്കുള്ള പാത സുഗമമാക്കി. അപ്രധാനമായ തെലുഗു ചിത്രമായിട്ടും അഭ്രപാളികളിലെ വഹീദയുടെ തിളക്കം എഴുത്തുകാരനും സംവിധായകനുമായ ഗുരുദത്താണ് ആദ്യം തിരിച്ചറിഞ്ഞത്. പ്യാസ, കാഗസ് കാ ഫൂൽ, ചോദ്‌വിൻ കാ ചാന്ദ്, സാഹിബ് ബീബി ഔർ ഗുലാം, ഗൈഡ്, നീൽകമൽ, റാം ഔർ ശ്യാം, ഖാമോഷി... സിനിമാഭിനയത്തിന്റെ ജൈത്രയാത്രയായിരുന്നു അവിടുന്നങ്ങോട്ട്.

അഞ്ചു പതിറ്റാണ്ട് നിറഞ്ഞു നിന്ന അഭിനയം. തൊണ്ണൂറ് സിനിമകൾ. ഒരു നടിയെ സംബന്ധിച്ചേടത്തോളം ജീവിതം സാർഥമാകാൻ മറ്റെന്ത് വേണം? 
'ഖാമോഷി ' മികച്ച ദേശീയ നടിക്കുള്ള പുരസ്‌കാരം വഹീദാ റഹ്മാന് നേടിക്കൊടുത്തു. രേഷ്മാ ഔർ ഷേറാ, കഭി കഭി (1976), ചാന്ദ്‌നി, ലംഹെ തുടങ്ങിയ പ്രശസ്ത സിനിമകളിലെല്ലാം വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കാണ് വഹീദാ റഹ്മാൻ ജീവൻ നൽകിയത്. എല്ലാ സിനിമകളിലേയും വേഷങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തം. മൂന്നു തവണ ഫിലിം ഫെയർ അവാർഡ് ലഭിച്ച അവരെ 1972 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ ചലച്ചിത്ര ചക്രവർത്തി സത്യജിത്‌റേയുമൊത്ത് 'അഭിജാൻ' എന്ന ബംഗാളി സിനിമയിൽ അഭിനയിച്ചത് വഹീദാ റഹ്മാന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായിരുന്നു. ആർട്ട് ഫിലിമുകളുടെ ലോകത്തേക്കുള്ള ജാലകം കൂടിയാണ് സത്യജിത്‌റേ തുറന്നുകൊടുത്തത്. നിരവധി അന്താരാഷ്ട്ര ഫിലിം വേദികളിൽ വഹീദാ റഹ്മാന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. താരപ്പകിട്ടിൽ നിന്നൊഴിഞ്ഞു നിൽക്കാനാഗ്രഹിച്ച നടിയായിരുന്നു അവർ.  


മുപ്പത്താറാം വയസ്സിലായിരുന്നു, സിനിമയിൽ തന്റെ സഹയാത്രികനായിരുന്ന കമൽജീത്ത് എന്ന താരനാമമുള്ള ശശിരേഖിയുമായുള്ള വഹീദയുടെ വിവാഹം.
ഷാഗൂൺ, ദിൽബാർ, ഖവാലി കി രാത്ത് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രമുഖ കോസ്റ്റിയും ഡിസൈനർ കൂടിയാണ് കമൽജീത്ത്. ബാംഗ്ലൂരിലെ ഫാംഹൗസിലായിരുന്നു അവരുടെ താമസം. മക്കളായ സുഹൈലും ഖശ്‌വിയും എഴുത്തുകാരും അഭിനയ കലയിൽ അതീവതാൽപര്യമുള്ളവരുമാണ്. മകൾ ഖശ്‌വിയുമൊത്തുള്ള വഹീദാ റഹ്മാന്റെ ആൻഡമാൻ യാത്രയിലെ സമുദ്രസ്‌നാനം ഈയിടെ സമൂഹമാധ്യമങ്ങളിൽ പലരും പങ്ക് വെച്ചിരുന്നു. 23 വർഷം മുമ്പ് കമൽജീത്ത് മരിച്ചതോടെ വഹീദാ റഹ്മാനും മക്കളും മുംബൈ ബാന്ദ്രയിലേക്ക് താമസം മാറ്റി.
ജീവകാരുണ്യരംഗത്ത് നിസ്തുല സേവനമനുഷ്ഠിച്ചു വരുന്ന വഹീദാ റഹ്മാന്റെ 'രംഗ് ദേ' എന്ന സന്നദ്ധസംഘടന മുംബൈയ്ക്കും പുറത്തും നിരവധി നിർധനരെ സഹായിച്ച് വരുന്നു.      
  
 


 

Latest News