ഹൈദരാബാദ് - ഹിന്ദു, മുസ്ലിം ആഘോഷ ദിനങ്ങളുടെ ലഹരിയിലമർന്ന ഹൈദരാബാദ് നഗരത്തിലേക്ക് ലോകകപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാൻ ടീം ഇന്ന് വന്നിറങ്ങും. ബുധനാഴ്ച രാവിലെ ലാഹോറിൽ നിന്ന് ദുബായ് വഴിയാണ് ബാബർ അസമും സംഘവും ഹൈദരാബാദിലെത്തുക. തങ്ങളുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് അറിയുന്നതെന്നും ആരാധകരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബർ പറഞ്ഞു. ഇന്ത്യ സന്ദർശിച്ച മുൻകാല കളിക്കാർ ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികൾക്ക് ലോകകപ്പിന് വരാനാവാത്തതിൽ വിഷമമുണ്ട് -ബാബർ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ മൂന്നരക്ക് ദുബായിലേക്ക് പുറപ്പെട്ട പാക്കിസ്ഥാൻ അവിടെ ഒമ്പത് മണിക്കൂർ വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് തിരിക്കുക. വൈകുന്നേരത്തോടെ ഇന്ത്യയിലെത്തും. 29 ന് ന്യൂസിലാന്റിനെതിരെ അവർ സന്നാഹ മത്സരം കളിക്കും. മത ചടങ്ങുകളുടെ തിരക്കായതിനാൽ മത്സരത്തിന് സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടാണെന്ന് പോലീസ് അറിയിച്ചതിനാൽ കാണികളില്ലാതെയാണ് കളി നടത്തുക. ഓസ്‌ട്രേലിയക്കെതിരായ പാക്കിസ്ഥാന്റെ സന്നാഹ മത്സരവും ഹൈദരാബാദിലാണ്.
ന്യൂസിലാന്റ് ടീം രണ്ട് സംഘങ്ങളായാണ് എത്തുന്നത്. ആദ്യ സംഘം ഇന്ന് പുലർച്ചെ എത്തി. രണ്ടാം സംഘം ഇന്ന് വൈകുന്നേരം എത്തും. പാക്കിസ്ഥാനും ന്യൂസിലാന്റിനും പുറമെ ഓസ്‌ട്രേലിയ, നെതർലാന്റ്‌സ്, ശ്രീലങ്ക ടീമുകളും ഹൈദരാബാദിൽ കളിക്കുന്നുണ്ട്. ഹൈദരാബാദിനു പുറമെ തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങളുണ്ട്.