ധാക്ക - ഈയിടെ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് ഒഴിവാക്കി. പരിക്ക് ഭേദമാവില്ലെന്ന ആശങ്ക കാരണമാണ് മുപ്പത്തിനാലുകാരനെ തഴഞ്ഞത്. ജൂലൈയില്‍ വിരമിച്ച തമീമിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. ന്യൂസിലാന്റിനെതിരായ കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങളിലാണ് തമീം പിന്നീട് കളിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന തമീം ലോകകപ്പില്‍ എല്ലാ കളികളിലും പങ്കെടുക്കുന്ന കാര്യം ഉറപ്പ് നല്‍കിയില്ല. പൂര്‍ണ കായികക്ഷമതയുള്ളവര്‍ മാത്രം മതി ലോകകപ്പ് ടീമിലെന്ന് കോച്ച് ചന്ദിക ഹതുരസിംഗെയും ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും നിലപാടെടുത്തു. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും സെഞ്ചുറിയടിച്ച ഏക ബംഗ്ലാദേശ് കളിക്കാരനാണ് തമീം.
ബംഗ്ലാദേശ് ടീം ലോകകപ്പിനായി ഇന്ന് ഗുവാഹത്തിയിലെത്തും. 29 ന് ശ്രീലങ്കക്കെതിരെയും ഒക്ടോബര്‍ രണ്ടിന് ഇംഗ്ലണ്ടിനെതിരെയും അവര്‍ക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെ ധര്‍മശാലയിലാണ് ആദ്യ ലോകകപ്പ് മത്സരം.
ഓള്‍റൗണ്ടര്‍ വണീന്ദു ഹസരംഗയും പെയ്‌സ്ബൗളര്‍ ദുഷ്മന്ത ചമീരയും ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ നിന്ന് പുറത്തായി. ഇരുവരും പരിക്കുമായി മല്ലടിക്കുകയായിരുന്നു. ദസുന്‍ ഷാനക ടീമിനെ നയിക്കും. ഷാനകയുടെ കീഴില്‍ ശ്രീലങ്കന്‍ ടീം ഏഷ്യാ കപ്പ് ഫൈനലിലെത്തിയിരുന്നു. അവസാന 17 ഏകദിനങ്ങളില്‍ 150 റണ്‍സ് മാത്രമേ ഷാനക സ്‌കോര്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് മെച്ചമാണ്. ഹസരംഗക്കു പകരം ദുഷാന്‍ ഹേമന്തയും ചമീരക്കു പകരം ലാഹിരു കുമാരയും ടീമിലെത്തി. മുന്‍ നായകന്‍ ആഞ്ചലൊ മാത്യൂസിനെ ഒഴിവാക്കി.