വോളിയില്‍ ചൈനയെ  തോല്‍പിച്ച് ഇറാന്‍ 

ഹാങ്ചൗ - കരുത്തരായ തെക്കന്‍ കൊറിയെയും ചൈനീസ് തായ്‌പെയിയെയും തോല്‍പിച്ച് ഏഷ്യന്‍ ഗെയിംസിന്റെ വോളിബോളില്‍ അലകളിളക്കിയ ഇന്ത്യന്‍ ടീം അഞ്ചാം സ്ഥാനം നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനോട് തോറ്റു. ചൈനയെ തോല്‍പിച്ച ഇറാനാണ് സ്വര്‍ണം. 
ഏഷ്യന്‍ ഒന്നാം നമ്പറായ ജപ്പാനോട് തോറ്റതോടെയാണ് ഇന്ത്യയുടെ സെമിഫൈനല്‍ സ്വപ്‌നം പൊലിഞ്ഞത്. 
പാക്കിസ്ഥാനെതിരെ നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ തോല്‍വി. 25-21, 25-20, 25-23 ന് ജയിച്ച പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനം നേടി. ഇന്ത്യക്ക് ആറാം സ്ഥാനമാണ്. 
പാക്കിസ്ഥാനോട് തോറ്റെങ്കിലും ഇന്ത്യക്ക് അഭിമാനത്തോടെ മടങ്ങാം. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനമായിരുന്നു. 
വനിതാ വോളിബോള്‍ ടീം ശനിയാഴ്ച പോരാട്ടം തുടങ്ങും. ആദ്യ മത്സരം വടക്കന്‍ കൊറിയക്കെതിരെയാണ്. 
ടെന്നിസിന്റെ മിക്‌സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രി-അങ്കിത സഖ്യം 6-0, 6-0 ന് പാക്കിസ്ഥാന്റെ അഖീല്‍ ഖാന്‍-സാറ ഇബ്രാഹിം ഖാന്‍ ജോഡിയെ തകര്‍ത്തു. സിംഗിള്‍സില്‍ സുമിത് നഗാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 

Latest News