ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഗോള്‍ഫില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അതിഥി അശോക് ധര്‍മ സങ്കടത്തിലാണ്. തന്റെ ഗോള്‍ഫ് ബാഗേന്തുന്ന കാഡി ആയി ആര് വേണമെന്നതാണ് ഇരുപത്തഞ്ചുകാരിയുടെ പ്രശ്നം. ടോക്കിയൊ ഒളിംപിക്സില്‍ കഷ്ടിച്ചാണ് അതിഥിക്ക് വെങ്കലം നഷ്ടപ്പെട്ടത്. ഏഷ്യാഡില്‍ മെഡല്‍ കൊണ്ടുവരാനുള്ള പടപ്പുറപ്പാടിലാണ്. ഒളിംപിക്സ് പോലെ താരസമ്പന്നമാണ് ഏഷ്യാഡിലെയും ഗോള്‍ഫ് ഫീല്‍ഡ്.
ടോക്കിയൊ ഒളിംപിക്സില്‍ അമ്മയായിരുന്നു കാഡി, മഹേശ്വരി എന്ന മാശ്. അമ്മ കൂടെയുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് അതിഥി പറയുന്നു. പലപ്പോഴും പിതാവ് ഗുഡ്ലാമണിയും കാഡിയായി അതിഥിയുടെ കൂടെ മത്സരങ്ങള്‍ക്ക് പോവാറുണ്ട്. ഏഴാം വയസ്സ് മുതല്‍ ഗോള്‍ഫ് കളിക്കുന്ന അതിഥി 2016 ല്‍ വനിതാ ഇന്ത്യന്‍ ഓപണ്‍ ചാമ്പ്യനായപ്പോഴാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് കാഡിയായി ഇരുവരും കൂടെയുണ്ടായിരുന്നു.
പതിനാറാം വയസ്സിലാണ് റിയൊ ഒളിംപിക്സില്‍ മത്സരിച്ചത്. അന്ന് റിയൊ ഒളിംപിക്സിലെ ബേബിയായിരുന്നു. കൂടെയുണ്ടായിരുന്നത് പിതാവായിരുന്നു. എട്ടാം സ്ഥാനത്തു വരെയെത്തിയെങ്കിലും പിന്നീട് മങ്ങി. ടോക്കിയൊ ഒളിംപിക്സില്‍ ആദ്യ മൂന്നു ദിനങ്ങളിലും അതിഥി വെള്ളി മെഡല്‍ സ്ഥാനത്തുണ്ടായിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ലിഡിയ കോ അവസാനം അതിഥിയെ പിന്തള്ളുകയായിരുന്നു. ഈ വര്‍ഷം അതിഥി ലോക റാങ്കിംഗില്‍ ആദ്യ അമ്പതിലെത്തി. കെനിയയില്‍ നാലാമത്തെ യൂറോപ്യന്‍ ടൂര്‍ വിജയവും സ്വന്തമാക്കി.
പിതാവ് കാഡിയായി കൂടെയുണ്ടാവുമ്പോള്‍ കൂടുതല്‍ ഓരോ ഷോട്ടും എങ്ങനെ വേണമെന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കാറുണ്ടെന്ന് അതിഥി പറയുന്നു. എന്റെ കളി അച്ഛന് നന്നായി അറിയാം. പക്ഷെ അമ്മയുണ്ടാവുമ്പോഴാണ് കൂടുതല്‍ സമാധാനം തോന്നുക.
ബംഗളൂരുവിലെ സതേണ്‍ ഇന്ത്യന്‍ ടെക് ക്ലബ്ബിലാണ് അതിഥി ഗോള്‍ഫിന്റെ ബാലപാഠം അഭ്യസിച്ചത്. മൂന്നംഗ ടീമാണ് ഏഷ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.






