വായ്പ വേണ്ടെന്ന് പറഞ്ഞതിനും ഓണ്‍ ലൈന്‍ വായ്പാ സംഘത്തിന്റെ ഭീഷണി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു

പത്തനംതിട്ട - വായ്പാ ആപ്പൂകളില്‍ നിന്ന് വായ്പയെടുത്ത് അത് തിരിച്ചടച്ചില്ലെങ്കിലാണ് ഓണ്‍ലൈന്‍ വായപക്കാര്‍ ഭീഷണിയുമായി രംഗത്തെത്താറുള്ളത്. എന്നാല്‍ വായ്പ വേണ്ടെന്ന് പറഞ്ഞതിനാണ് ഇപ്പോഴത്തെ ഭീഷണി. മാത്രമല്ല മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.  ഓണ്‍ലൈന്‍ വായ്പക്കാരുടെ ഉയര്‍ന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനാണ് പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍കുമാറിനെ  ഓണ്‍ലൈന്‍ വായ്പാ സംഘം ഭീഷണിപ്പെടുത്തുന്നത്. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. 

ഒരു ഓണ്‍ലൈന്‍ വായ്പാ കമ്പനിയില്‍ നിന്ന് ആദ്യം 20000 രൂപയുടെ വായ്പ അനില്‍കുമാര്‍ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകള്‍ അനില്‍കുമാര്‍ കൃത്യമായി തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ തരാം എന്നുപറഞ്ഞ് ഓണ്‍ലൈന്‍ സംഘത്തിന്റെ  മെസ്സേജ് വന്നത്. അനില്‍കുമാര്‍ അത് അപ്പോള്‍ തന്നെ നിരസിച്ചിരുന്നു. ഇതിന് ശേഷം വായ്പയെടുക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകള്‍ വരികയായിരുന്നു. വീണ്ടും നിരസിച്ചപ്പോഴാണ്   കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഇദ്ദേഹത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ കമ്പനിക്കാര്‍ വ്യാപകമായി അയച്ചുകൊടുത്തത്. 

 

Latest News