Sorry, you need to enable JavaScript to visit this website.

അവര്‍ നിങ്ങളേയും തേടിയെത്താം, സ്വന്തം ഭാര്യയുടെയും മക്കളുടെയും നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നത് കാണേണ്ടിവരും

കോഴിക്കോട് - എറണാകുളത്തെ കടമക്കുടിയിലെ നിസ്സഹായയായ ആ അമ്മയുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. നാല്‍പ്പത് വയസ്സ് തികയാത്ത സ്വന്തം മകനെയും മരുമകളെയും എഴും അഞ്ചും വയസ്സുള്ള രണ്ട് പേരമക്കളെയുമായണ് കടമക്കുടി മാടശ്ശേരി വീട്ടില്‍ ആനിയ്ക്ക് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ വായ്പക്കാരുടെ ചതിക്കുഴിയില്‍ പെട്ടുപോയതാണ് ആനിയുടെ മകന്‍ നിജോയുടെ ഭാര്യ ശില്‍പ്പ.  പണത്തിന് ബുദ്ധിമുട്ട് വന്നപ്പോള്‍ ഒരു ചെറിയ തുക വായപയെടുത്തതിന് സ്വന്തം കുടുംബത്തിന്റെ ജീവന്‍ ഒന്നാകെയാണ് അവര്‍ക്ക് പകരം കൊടുക്കേണ്ടി വന്നത്. അടവ് തെറ്റിയപ്പോള്‍ ശില്‍പ്പയുടെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അയച്ചു കൊടക്കുകയാണ് ഓണ്‍ ലൈന്‍ വായ്പാ അപ്പുകാര്‍ ചെയ്തത്. ഇതിലുള്ള നാണക്കേടാണ് ആ കുടുംബത്തെ ഒന്നാകെ ജീവന്‍ വെടിയാന്‍ പ്രേരിപ്പിച്ചത.് ശില്‍പ്പയെയും കുടുംബത്തെയും ഇല്ലാതാക്കിയിട്ടും ആ ശവം തീനികളുടെ അത്യാര്‍ത്തി അവസാനിച്ചിട്ടില്ല. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കായി ഇപ്പോഴും അയച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്.

ഇത് ഒരു ശില്‍പ്പയുടെയോ അല്ലെങ്കില്‍ നിജോയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും മാത്രം കഥയല്ല. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പയെടുത്ത് തരിച്ചടക്കാന്‍ വൈകിയതിന്റെ പേരില്‍ മാനം പോലും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ പെരുകിക്കൊണ്ടിരിക്കുകയാണ്. നൂറ് കണക്കിനാളുകളുകള്‍ക്കാണ് കേരളത്തില്‍ ഇങ്ങനെനെ ജീവന്‍ വെടിയേണ്ടി വന്നത്. കുറേ പേരുടെയെങ്കിലും ആത്മഹത്യയുടെ കാരണം ഈ ചതിക്കുഴിയാണെന്ന് അവരുടെ ആത്മഹത്യകള്‍ക്ക് ശേഷം നമ്മള്‍ അറിയുന്നു. മറ്റ് കുറേ പേര്‍ ഒരു സൂചന പോലും നല്‍കാതെ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നു. സാമ്പത്തിക പ്രയാസത്തിന്റെ പേര് മാത്രം പറഞ്ഞ് പല വ്യക്തികളുടെയും കുടുംബങ്ങളുടെയുമെല്ലാം ജീവനുകള്‍ നാം എഴിതി തള്ളുന്നു.

ആത്മഹത്യ ചെയ്ത ശില്‍പയും കുടുംബവും

 

ആപ്പിലാകാന്‍ എളുപ്പം

ബെംഗളൂരിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ മലയാളിയായ തേജസ് എന്ന 22 കാരന്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയക്കും എഴുതിവെച്ച ആത്മഹത്യാക്കുറുപ്പിലെ വാക്കുകള്‍ ഇങ്ങനെയാണ് . ' ഞാന്‍ ചെയ്തതിന് അച്ഛനും അമ്മയും ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല, എന്റെ പേരിലുള്ള മറ്റ് വായ്പകള്‍ അടയ്ക്കാന്‍ എനിക്ക് വേറെ വഴിയില്ല. ഇതാണ് എന്റെ അന്തിമ തീരുമാനം. വിട'  ഒരു സുഹൃത്തിന് വേണ്ടി ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതാണ് തേജസ്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ആപ്പുകാരുടെ വക ഭീഷണി. പണം അടയ്ക്കാത്തതിന്റെ പേരില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതാണ്  തേജസിന്റെ ആത്മഹത്യക്ക് കാരണമെന്ന് അച്ഛന്‍ ഗോപിനാഥന്‍ പിന്നീടാണ് അറിയുന്നത്. തേജസിന്റെ ആത്മഹത്യക്ക് ശേഷം മകന്റെ മോര്‍ഫ് ചെയ്ത ചിത്രം അച്ഛന് അയച്ചുകൊടുത്തുകൊണ്ടാണ് പണം കിട്ടാത്തതിന് അവര്‍ പകരം വീട്ടിയത്.

ആത്മഹത്യ ചെയ്ത തേജസ്

 

ചതിക്കുഴികള്‍ ഒരുക്കുന്നത് ഇങ്ങനെ

പണത്തിന് അത്യാവശ്യം വരുമ്പോള്‍ തമിഴ് നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരോട് പണം കടം വാങ്ങുന്ന ശീലം മലയാളിക്കുണ്ടായിരുന്നു. അതിനായി തമിഴ്‌നാട്ടിലെ പണമിടപാടുകാരുടെ ഏജന്റുമാര്‍ കേരളത്തിലെ ഗ്രാമങ്ങളിലാകെ അടുത്തകാലം വരെ കറങ്ങി നടന്നിരുന്നു. എണ്ണം കുറഞ്ഞുവെന്ന് മാത്രമേയുള്ളൂ, ഇപ്പോഴും ഇവര്‍ നാട്ടിന്‍പുറത്തെ വീട്ടമ്മമാര്‍ക്ക് വായ്പ കൊടുക്കാനായി കറങ്ങി നടക്കുന്നുണ്ട്. മലബാര്‍ മേഖലയിലാണ് ' അണ്ണാച്ചി വായ്പ ' എന്ന പേരിലുള്ള ഈട് വെയ്ക്കാതയുള്ള വായ്പ ഏറ്റവും കൂടുതല്‍ ആളുകള്‍ എടുക്കുന്നത്. വീട്ടമ്മമാര്‍ക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോഴുള്ള അത്താണിയാണ് അണ്ണാച്ചിമാര്‍. പലിശ അല്‍പ്പം കൂടുമെന്നതൊഴിച്ചാല്‍ മറ്റ് വലിയ ശല്യങ്ങളൊന്നും ഇവരെക്കൊണ്ടില്ല. ആഴ്ചയുടെ അവസാനം കൃത്യമായി വന്ന് വായ്പയുടെ അടവ് വാങ്ങി പൊയ്‌ക്കൊള്ളും. ഒരാഴ്ച കൊടുക്കാനില്ലെങ്കില്‍ അടുത്താഴ്ച നല്‍കിയാലും മതി. വായ്പ നല്‍കിയതിന്റെ പേരില്‍ എന്തെങ്കിലും വില്ലത്തരം കാണിച്ചാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് അറിയാവുന്നതിനാല്‍ അണ്ണാച്ചിമാര്‍ പൊതുവെ മര്യാദക്കാരാണ്. എന്നാല്‍ ഇവരിലും വില്ലന്‍മാരില്ലെന്നല്ല. അണ്ണാച്ചി വായ്പ എടുത്ത് കണ്ണീരു കുടിച്ച കുടുംബങ്ങളും ഒരുപാടുണ്ട്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള അണ്ണാച്ചി വായ്പയുടെ പുതിയ രൂപമാണ് ഓണ്‍ലൈന്‍ ആപ്പ് വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പ. പക്ഷേ ഇതിന്റെ പിന്നില്‍ മലയാളികള്‍ വളരെ സ്‌നേഹത്തോടെ അണ്ണാച്ചിയെന്ന് വിളിക്കുന്ന തമിഴ്‌നാട്ടിലെ സാദാ വട്ടിപ്പലിശക്കാരല്ല. ശ്രീലങ്കക്കാരും ഫിലിപ്പൈന്‍സുകാരും ചൈനക്കാരുമൊക്കെയാണ്. ഓണ്‍ലൈന്‍ വായ്പ കേരളത്തില്‍ നന്നായി പുഷ്ടിപ്പെട്ടതോടെ മലയാളികളും ഇപ്പോള്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുമായി രംംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കേരളത്തില്‍ നിരവധി ഏജന്റുമാര്‍ ഇവര്‍ക്കുണ്ട്. 

വായ്പ കിട്ടാന്‍ അഞ്ചു മിനിട്ട്

 

അംഗീകൃത ബാങ്കുകളില്‍ നിന്ന് സാധാരണക്കാരന് ഒരു വായ്പ കിട്ടണമെങ്കില്‍ ദിവസങ്ങളോളം ബാങ്കില്‍ കയറിയിറങ്ങണം. മാത്രമല്ല ഈടിന് വസ്തുവിന്റെ ആധാരം മുതല്‍ സര്‍വ്വമാന രേഖകളും നല്‍കണം. അതുമാത്രമല്ല ഇപ്പോള്‍ നല്ല ക്രെഡിറ്റ് സ്‌കോറുണ്ടെങ്കില്‍ മാത്രമേ ബാങ്കുകള്‍ വായ്പ നല്‍കൂ.  അതായത്,് നേരത്തെ എടുത്ത വായ്പകള്‍ കൃത്യമായി തിരിച്ചടച്ചതിന്റെ ചരിത്രം വായ്പ എടുക്കുന്നയാള്‍ക്ക് ഉണ്ടായിക്കണം എന്നര്‍ത്ഥം. എന്നാല്‍ ഓണ്‍ലൈന്‍ വയ്പാ ആപ്പുകാര്‍ക്ക് ഇതൊന്നും വേണ്ട. അവര്‍ക്ക് വേണ്ടത് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും മാത്രം. വായ്പയ്ക്ക് ഒരു ഈടും അവര്‍ ചോദിക്കില്ല. അപേക്ഷിച്ച് കഴിഞ്ഞാല്‍ വായ്പ തുക അഞ്ച് മിനുട്ടിനകം അപേക്ഷകന്റെ അക്കൗണ്ടിലെത്തും. ബാങ്കുകാര്‍ വായ്പ എടുക്കുന്നയാളെ ചുറ്റിക്കുമ്പോള്‍ ഒരു ഈടും നല്‍കാതെ ആവശ്യപ്പെട്ട തുക വായ്പയായി നല്‍കുന്ന ഓണ്‍ലൈന്‍ വായ്പാ ആപ്പുകാരുടെ പിന്നാലെ ആളുകള്‍ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. സാധാരണക്കാരന്‍ മാത്രമല്ല, വലിയ പ്രൊഫഷണലുകള്‍ വരെ ഇപ്പോള്‍ വായ്പാ ആപ്പിന്റെ പിന്നാലെയാണ്. കേരളത്തില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലൂടെ വായ്പ എടുത്തിട്ടുണ്ട്. ചതിക്കുഴികള്‍ ഒരുപാട് ഉണ്ടെന്ന് അറിഞ്ഞിട്ടും എടുത്തുകൊണ്ടേയിരിക്കുന്നു.


ചതിക്കുഴികള്‍ ഒരുങ്ങിക്കഴിഞ്ഞു

 

ഇന്റര്‍നെറ്റ് വഴി സോഷ്യ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയും വാട്‌സാപ്പ് വഴി ആളഉകള്‍ക്ക് സന്ദേശം അയച്ചുമാണ് ഓാണ്‍ലൈന്‍ വായ്പക്കാര്‍ ഇരകളെ കണ്ടെത്തുന്നത്. നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ നിരവധി തവണ അരുടെ പരസ്യം വന്നിട്ടുണ്ടാകും. നിങ്ങള്‍ക്ക് ലോണ്‍ അനുവദിച്ചിരിക്കുന്നു. താഴെ കൊടുക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി എന്നായിരിക്കും മിക്കവാറും പരസ്യ വാചകങ്ങള്‍. അതല്ലെങ്കില്‍ ഒരു ഈടും വേണ്ട, അഞ്ചു മിനുട്ടിനകം പണം അക്കൗണ്ടില്‍ എത്തും എന്നിങ്ങനെ പോകും പരസ്യങ്ങള്‍. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ചതിക്കുഴികളില്‍ വീഴാന്‍ ഇര തയ്യാറായിക്കഴിഞ്ഞുവെന്ന് ലോണ്‍ കമ്പനിക്കാര്‍ക്ക് ബോധ്യമാകും. അപേക്ഷാ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനായിരുക്കും ആദ്യം ആവശ്യപ്പെടുക.. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ വലിയ കെണിയൊരുക്കും. നിങ്ങളുടെ ഫോണിലെ ഫോട്ടോ ഗ്യാലറി, കോണ്‍ടാക്ട് ഡീറ്റെയില്‍സ് ക്യാമറ, കോള്‍ ലോഗ്, മൈക്രോഫോണ്‍ തുടങ്ങി  ഫോണിലുള്ള മുഴുവന്‍ ഡാറ്റകളും വായ്പാ കമ്പനികള്‍ക്ക് എപ്പോഴും ഉപയോഗിക്കാനുള്ള അനുമതി നമ്മള്‍ നല്‍കും. വായ്പാ ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇത് ഉള്‍പ്പെടുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കില്ല.  നമ്മള്‍ അറിയാതെയും വായിച്ചു നോക്കാതെയും ഇത് സംബന്ധിച്ച കോളങ്ങളിലെല്ലാം  ടിക് മാര്‍ക്ക് ചെയ്തു നല്‍കും. ഇതോടെ നമ്മുടെ ഫോണിലെ എല്ലാ രഹസ്യങ്ങളും രഹസ്യമല്ലാത്തവയും അവര്‍ക്ക് ചോര്‍ത്താനാകും. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സ്‌കാന്‍ ചെയ്ത് ആപ്പില്‍ കയറ്റുന്നതോടെ എല്ലാ ശുഭം. അവര്‍ പറഞ്ഞ പോലെ തന്നെ വായ്പ നിങ്ങളുടെ യു പി ഐ അക്കൗണ്ടിലെത്തും. നിങ്ങള്‍ ആരാണെന്നോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് ജോലിയെന്നോ അവര്‍ക്ക് അറിയേണ്ടതില്ല.

പലിശ കേട്ടാല്‍ ഹൃദയം പൊട്ടും

ഇനിയാണ് യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുക. പതിനായിരം രൂപ വായ്പയെടുത്താല്‍ പരമാവധി 7500 രൂപയേ കിട്ടുകയുള്ളൂ. 2500 രൂപയോളം പ്രൊസസിംഗ് ചാര്‍ജ്, വെരിഫിക്കേഷന്‍ എന്നീ പേരുകളില്‍ ഈടാക്കും. ഈ തുക കഴിച്ചതിന് ശേഷമുള്ള പണമാണ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. പലിശ കേട്ടലാണ് ഞെട്ടുക. 30 ശതമാനം മുതല്‍ 50 ശതമാനം വരെ പലിശ നല്‍കേണ്ടി വരും. അടവ് കൃത്യമല്ലെങ്കില്‍ വലിയൊരു തുക പിഴപലിശയും  കൊടുക്കണം. അതായത് പതിനായിരം രൂപ വായ്പയെടുത്ത് പ്രോസ്സസിംഗ് ചാര്‍ജ് കഴിച്ച് 7500 രൂപ കൈയ്യില്‍ കിട്ടിയ ആള്‍ക്ക് വായ്പ തിരിച്ചടച്ച് തീര്‍ക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 30,000 രൂപയെങ്കിലും വേണ്ടി വരും, തവണ മുടങ്ങുന്നതനുസരിച്ച് ഇത് അര ലക്ഷത്തിന് പുറത്ത് കടക്കും.

അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും, ഇവിടെയാണ് ജീവിതം തകരുന്നത്

വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം നല്‍കാമെന്ന സമ്മതിച്ച്  ഇതിന്റെ കോളം ടിക്ക് ചെയ്തി കൊടുക്കാന്‍ തോന്നിയ ഗതികെട്ട നിമിഷത്തെയാകും ഒടുവില്‍  ശപിക്കുക. മൊബൈല്‍ ഫോണിലെ എല്ലാ വിവരങ്ങളും ലോണ്‍ കമ്പനിക്കാര്‍ കൈവശപ്പെടുത്തിയിരിക്കും. ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും മൊബൈല്‍ ഫോണില്‍ തന്നെയാണ് അധികം പേരും തുറക്കുക. ഇതിന്റെ പാസ് വേര്‍ഡ് അടക്കം ലോണ്‍ കമ്പനിക്കാര്‍ കൈവശപ്പെടുത്തിയിരിക്കും. യാതൊരു ഈടും നല്‍കാതെ വായ്പ അനുവദിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോഴാകും വായ്പ എടുത്ത ആള്‍ക്ക് മനസ്സിലാകുക. തന്റെ ജീവിതം തന്നെയായിരിക്കും തുച്ഛ തുകയ്ക്കുള്ള വായ്പയക്ക് അയാള്‍ ഈട് നല്‍കിയിരിക്കുക. ഇതാണ് ഒടുവില്‍ മരണക്കെണിയിലേക്ക് എത്തിക്കുന്നത്.

നിജോയുടെ അമ്മ ആനി

ഭാര്യയുടെയും മകളുടെയും വരെ നഗ്ന ചിത്രങ്ങള്‍

വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാകും ആദ്യം ചെയ്യുക.. ഒന്ന് രണ്ട് തവണ ഭീഷണി സന്ദേശം വന്നിട്ടും കാര്യമാക്കിയില്ലെങ്കില്‍ പിന്നെ ജീവിതം തന്നെ ഇല്ലാതാക്കുന്ന കെണിയായിരിക്കും വരിക. വായ്പയെടുത്ത ആളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അയച്ചു കൊടുക്കും. അതല്ലെങ്കില്‍ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് കാണിച്ച് ഫോട്ടോ അടക്കം പ്രചരിപ്പിക്കും. അതുമല്ലെങ്കില്‍ ബലാല്‍സംഗ കേസിലെ പ്രതിയാക്കി മാറ്റും. ഇതുകൊണ്ടെന്നും കുലുങ്ങിയില്ലെങ്കില്‍ അടുത്ത പണി വരും. ഭാര്യയുടെയോ മകളുടെയോ ഒക്കെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കും. അല്ലെങ്കില്‍ അഭിസാരികയെന്ന നിലയില്‍ ഇവരുടെ ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം ഇന്റര്‍നെറ്റില്‍ പ്രചാരണം നടത്തും. ഭാര്യയുടെയും പെണ്‍മക്കളുടെയുമെല്ലാം ഫോട്ടോ എവിടെ നിന്ന്  കിട്ടുമെന്ന വിചാരിക്കുന്നുണ്ടാകും നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ അത് അവര്‍ എടുക്കും. നാണക്കേട് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും ആത്മഹത്യയില്‍ അഭയം തേടുക. വായ്പയെടുത്ത ചെറിയ തുക പോലും അടവ് തെറ്റിയതിനാല്‍ ലക്ഷങ്ങളുടെ കടമായി മാറുമ്പോഴേക്കും എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും.

ഒന്നും രണ്ടുമല്ല, 600 ലേറെ ആപ്പുകള്‍

വായ്പ നല്‍കി കെണിയൊരുക്കുന്ന ഒന്നും രണ്ടും ആപ്പുകളല്ല, അറനൂറോളം വായ്പാ കമ്പനികളാണ് ഓണ്‍ ലൈനിലുള്ളത്. 90 ശ്തമാനത്തിലേറെയും വിദേശ കമ്പനികള്‍. യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാറും തീരുമാനിച്ചതിനെ തുടര്‍ന്ന് 128 ആപ്പുകളെ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിനും ആപ്പിള്‍ സ്റ്റോറിനും കേന്ദ്ര സര്‍ക്കാര്‍ ആറുമാസം മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങിയതല്ലാതെ നിയന്ത്രണം ഫലപ്രദമായില്ല, മാത്രമല്ല ഇക്കായളവില്‍ ഊരും പേരുമില്ലാതെ നൂറ് കണക്കിന് പുതിയ ലോണ്‍ ആപ്പുകള്‍ പൊട്ടി മുളയ്ക്കുകയും ചെയ്തു. 

ആര് മണി കെട്ടും?

വായ്‌പെയടുത്ത് കടക്കെണിയിലാകുകയും തിരിച്ചടവ് തെറ്റി, വായ്പാ കമ്പനിക്കാര്‍ മാനഹാനിയുണ്ടാക്കിയതിനെ തുടര്‍ന്ന് നൂറ് കണക്കിനാളുകള്‍ ആത്മഹത്യ ചെയ്യുമ്പോഴും മരണക്കെണി ഒരുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ല എന്നതാണ്  ഏറ്റവും ദു:ഖകരമായ കാര്യം. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയാല്‍ ഇത്തരം മരണ വ്യാപാരികളെ നിയന്ത്രിക്കാന്‍ കഴിയും. ഇവരുടെ പരസ്യങ്ങള്‍ രാജ്യത്ത് പ്രദേര്‍ശിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടിയെടുത്താന്‍ തന്നെ വായ്പാ ആപ്പുകാരുടെ വിളയാട്ടം വലിയ ഒരു അളവ് വരെ കുറയും. എന്നാല്‍ അതുനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിക്കണമെന്ന് മാത്രം. ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ അത് എപ്പോള്‍ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ശക്തമായ നടപടികള്‍ ഉണ്ടാകുന്നത് വരെ ലോണ്‍ ആപ്പുകാര്‍ നിങ്ങളെയും തേടി വന്നുകൊണ്ടിരിക്കും. എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഈ മരണക്കെണിക്ക് മുന്നില്‍ തലവെച്ച് കൊടുക്കാതിരിക്കുകയാണ് മാനവും ജീവനും കാക്കാന്‍ ചെയ്യേണ്ടത്.

 

 

Latest News