Sorry, you need to enable JavaScript to visit this website.

ഓർമ്മകളാൽ  ഉന്മാദിയാകുന്ന ഒരുവൾ 

വിളവെടുപ്പ് കഴിഞ്ഞ മുന്തിരിത്തോപ്പുകൾക്കിപ്പുറം 
ഈത്തപ്പനകളുടെ ചുറ്റുവട്ടത്തിൽ 
നീയെനിക്കായി തീർത്ത മരക്കുടിലിന്റെ 
വാതിൽ ചാരി നിൽക്കുകയാണ് ഞാനിപ്പോഴും .
നീ പറയാറുള്ള നമ്മുടെ പ്രണയസൗധം .
ഇവിടെ നിന്നാൽ ഗോതമ്പുപാടങ്ങൾക്കരികിൽ മേയുന്ന ആട്ടിൻ പറ്റങ്ങളെ കാണാം 
ഇടയന്റെ പുല്ലാങ്കുഴലിൽ 
ഇടയ്ക്കിടെ പൊഴിയുന്ന സോളമസങ്കീർത്തനം 
എന്റെ വിഷാദവേലിയേറ്റങ്ങൾക്കും 
കടുംനിറമുള്ള ഏകാന്തതയ്ക്കുമിടയിൽ 
ഞാനതൊന്നുമറിയുന്നതേയില്ല 
എന്റെ പ്രണയപ്പച്ചയിലേക്ക് 
അടർന്നുവീണ നിന്റെ ഇളംമഞ്ഞ ഇലകളെണ്ണി 
വിരൽത്തുമ്പുകൊണ്ട് നീയെന്നിൽ 
പടർത്താറുള്ള കാട്ടുതീയിൽ പൊള്ളി 
പകൽക്കിനാവുകളിൽ നിറയാറുള്ള  
നിന്റെ ശ്വാസപ്പകർച്ചകളിൽ മുഴുകി 
നിന്നോട് സ്വന്തപ്പെട്ട നാളുകളിലാണ് ഞാനിപ്പോഴും.
യുഗങ്ങളെത്ര കടന്നു പോകിലും 
വേനലും മഞ്ഞും കിനാവ് പൊഴിച്ചിടുമ്പോൾ 
കാലം തെറ്റിയ ഒരു ഋതുവെങ്കിലും 
ഈ വഴിയിൽ നിന്റെ പേരുകൊത്തിയ 
മഞ്ചാടിമണികൾ അടർത്തിയിട്ടേക്കാം തഴുതിടാത്ത വാതിൽപ്പടിയിൽ 
പാതിമങ്ങിയ പ്രതീക്ഷയുമായി 
അപ്പോഴും ഞാൻ കാത്തുനിൽക്കും 
ഓർമ്മകളാൽ ഉന്മാദിയായി.

Latest News