രാജ്‌കോട്ടില്‍ അക്ഷര്‍ കളിക്കില്ല,  അശ്വിന് മറ്റൊരു അവസരം

മുംബൈ - പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ വിട്ടുനിന്ന സ്പിന്നര്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ രാജ്‌കോട്ടിലെ മൂന്നാം മത്സരത്തിലും കളിക്കില്ല. പൂര്‍ണ ഫിറ്റ്‌നസ് നേടാത്തതാണ് കാരണം. ഇതോടെ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ആര്‍. അശ്വിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തളിരിടാന്‍ സാധ്യത. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓസീസ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുകയും നാല് വിക്കറ്റെടുക്കുകയും ചെയ്ത അശ്വിന് കഴിവ് തെളിയിക്കാന്‍ മറ്റൊരവസരം കൂടി ലഭിക്കും. എന്നാല്‍ ലോകകപ്പിന്റെ പ്രാഥമിക ടീമിലുള്ള അക്ഷര്‍ കായികക്ഷമത നേടിയാല്‍ അശ്വിനെ കൂടി ഉള്‍പെടുത്താന്‍ സെലക്ടര്‍മാര്‍ പ്രയാസപ്പെടും. നാളെയാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ടത്.  
ഇന്ത്യ പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ശുഭ്മന്‍ ഗില്ലിനും ശാര്‍ദുല്‍ താക്കൂറിനും വിശ്രമം നല്‍കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തും. ഒക്ടോബര്‍ എട്ടിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ നേരിടും മുമ്പ് ഇനി മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ലഭിക്കുക. ഓസീസിനെതിരായ ബുധനാഴ്ചയിലെ കളിക്ക് പുറമെ രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ പരീക്ഷണം നടത്തും. ഇംഗ്ലണ്ടുമായും നെതര്‍ലാന്റ്‌സുമായാണ് സന്നാഹ മത്സരങ്ങള്‍. നെതര്‍ലാന്റ്‌സിനെതിരായ മത്സരം ഒകടോബര്‍ മൂന്നിന് തിരുവനന്തപുരത്താണ്. 

Latest News