കൊച്ചി- സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ത തവളയുടെ ത' 28-ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.
കുട്ടികള്‍ക്കും യുവപ്രേക്ഷകര്‍ക്കും വേണ്ടിയുള്ള ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ജര്‍മ്മനിയിലെ ചെംനിറ്റ്സിലെ ഐക്കണിക് സിനിസ്റ്റാര്‍ സിനിമയില്‍ നടന്നു. 14 ഇലവന്‍ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ് എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ജിതേന്ദ്ര മിശ്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.
ബാലുവായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു വേഷമിടുന്ന ചിത്രത്തില്‍ ബാലുവിന്റെ അമ്മ ഗംഗാലക്ഷ്മിയായി അനുമോളും അച്ഛന്‍ വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവര്‍ക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്‍, സുനില്‍ സുഖത, നന്ദന്‍ ഉണ്ണി, സ്മിത അമ്പു, ജെന്‍സണ്‍ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദര്‍മിക്, ആരവ് വി. പി, ആരുഷി റാം, ജൊഹാന്‍ ജോജി, ഭവിന്‍ പി, ആര്‍ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബിപിന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ജിത്ത് ജോഷിയാണ്. നിഖില്‍ രാജന്‍, രമേഷ് കൃഷ്ണന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ക്ക് ബീയാര്‍ പ്രസാദ്, ബാബുരാജ് മലപ്പട്ടം, ശ്രീന എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രമേഷ് കൃഷ്ണന്‍ തന്നെയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പി. ആര്‍. ഒ: പി. ശിവപ്രസാദ്.






