Sorry, you need to enable JavaScript to visit this website.

കുറ്റസമ്മതത്തിന് രണ്ടര ലക്ഷം ഡോളര്‍, നെയ്മാര്‍ വീണ്ടും വിവാദത്തില്‍

സാവൊപൗളൊ - ലോകകപ്പ് ഫുട്‌ബോളില്‍ താന്‍ വീഴ്ച അഭിനയിച്ചത് അല്‍പം കടന്നുപോയെന്ന രീതിയില്‍ നെയ്മാര്‍ നടത്തിയ കുറ്റസമ്മത പരസ്യം വിവാദത്തില്‍. പരസ്യം നല്‍കിയ പ്രമുഖ കമ്പനി അതിനായി കളിക്കാരന് രണ്ടര ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍മാരുടെ പരസ്യം വഴി നടത്തിയ കുറ്റസമ്മതം ഒട്ടും ആത്മാര്‍ഥതയില്ലെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ പ്രതികരണം ആരാഞ്ഞപ്പോള്‍ നെയ്മാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കമ്പനിയോട് ചോദിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പരസ്യത്തിനായി നെയ്മാറിന് പണം നല്‍കിയെന്ന ആരോപണം കമ്പനി നിഷേധിച്ചു.
പരസ്യം വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയായി. ലോകകപ്പ് കഴിഞ്ഞ് 15 ദിവസത്തോളം കുറ്റബോധം പ്രകടിപ്പിക്കാതെ ഒടുവില്‍ ഒരു സ്‌പോണ്‍സറിംഗ് കമ്പനിയുടെ വീഡിയോയിലൂടെ തെറ്റ് ഏറ്റുപറഞ്ഞത് നെയ്മാറിന്റെ പ്രതിഛായ കൂടുതല്‍ മോശമാക്കിയെന്നാണ് ബ്രസീലിലെ വിലയിരുത്തല്‍. 
'ലോകകപ്പിനു ശേഷം നല്‍കിയ അഭിമുഖങ്ങളിലൊന്നും നെയ്മാര്‍ കുറ്റം സമ്മതിച്ചില്ല. ഇപ്പോള്‍ ടി.വി പരസ്യത്തില്‍ ഒളിച്ചിരുന്ന് തെറ്റ് സമ്മതിച്ചിരിക്കുന്നു. സ്‌പോണ്‍സര്‍ ചെയ്ത കമ്പനിക്ക് ഇത് നല്ലതു തന്നെ. എന്നാല്‍ നെയ്മാറിന് കൂടുതല്‍ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുക' -സ്‌പോര്‍ട്‌സ് വാല്യു എന്ന മാര്‍ക്കറ്റിംഗ് കമ്പനി പറഞ്ഞു. കുറ്റമേറ്റു പറയാന്‍ ഒരു പരസ്യത്തെ തെരഞ്ഞെടുത്തത് അത് ഒട്ടും ആത്മാര്‍ഥതയില്ലാത്തതാണെന്ന് തെളിയിച്ചതായി മാര്‍ക്കറ്റിംഗ് കണ്‍സള്‍ടന്റ് എറിക് ബെറ്റിംഗ് വിലയിരുത്തി. ഒരു പത്രസമ്മേളനത്തില്‍ ആളുകളുടെ മുഖത്തു നോക്കിയാണ് ഇത് ചെയ്തിരുന്നതെങ്കില്‍ കൂടുതല്‍ നന്നായേനേയെന്നാണ് മറ്റൊരു മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ ജോസെ കോളഗ്രോസി അഭിപ്രായപ്പെട്ടത്. 
ഒരു പ്രൊഫഷനലിനെ ഏര്‍പ്പെടുത്തി നെയ്മാര്‍ തന്റെ കരിയറിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നുവെന്ന് പ്രമുഖ മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ റിക്കാഡൊ ഫോര്‍ട് എഴുതി. 
 

Latest News