മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ മഡ്രീഡ് ഡാര്‍ബിയില്‍ അത്‌ലറ്റിക്കൊ മഡ്രീഡ് 3-1 ന് റയല്‍ മഡ്രീഡിനെ തോല്‍പിച്ചു. ഈ സീസണിലെ ആദ്യ ആറു കളികളും റയല്‍ ജയിച്ചിരുന്നു. ആല്‍വരൊ മൊറാറ്റ രണ്ടു ഗോളടിച്ചു. ആന്റോയ്ന്‍ ഗ്രീസ്മാനാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. ടോണി ക്രൂസ് റയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. റയല്‍ തോറ്റതോടെ കാറ്റലന്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും ജിരോണയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. ആറു കളിയില്‍ 16 പോയന്റ്, റയലിന് 15 പോയന്റാണ്. അത്‌ലറ്റിക്കോക്ക് 10 പോയന്റായി. അഞ്ചാം സ്ഥാനത്താണ് അവര്‍.
സ്വന്തം ഗ്രൗണ്ടിലെ അത്‌ലറ്റിക്കോയുടെ മൂന്നു ഗോളും ഹെഡറില്‍ നിന്നാണ്. നാലാം മിനിറ്റില്‍ മൊറാറ്റ സ്‌കോറിംഗ് തുടങ്ങി. ഗ്രീസ്മാന്‍ പതിനെട്ടാം മിനിറ്റില്‍ ലീഡുയര്‍ത്തി. 35ാം മിനിറ്റില്‍ റയല്‍ തിരിച്ചടിച്ചെങ്കിലും 46ാം മിനിറ്റില്‍ മൊറാറ്റ രണ്ട് ഗോള്‍ ലീഡ് വീണ്ടെടുത്തു.