ഷെഫീല്‍ഡിന് എട്ടിന്റെ പണിയുമായി ന്യൂകാസില്‍

ഷെഫീല്‍ഡ് - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസിലിന് തകര്‍പ്പന്‍ എവേ ജയം. മറുപടിയില്ലാത്ത എട്ടു ഗോളിന് അവര്‍ ഷെഫീല്‍ഡിനെ തകര്‍ത്തു. എട്ട് കളിക്കാരാണ് എട്ട് ഗോളടിച്ചത്. 9-0 വിജയമാണ് പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് -രണ്ടു തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഒമ്പത് ഗോളടിച്ചത്, 1995 ല്‍ ഇപ്‌സ്‌വിച്ചിനെതിരെയും 2021 ല്‍ സൗതാംപ്റ്റനെതിരെയും. 2019 ല്‍ സൗതാംപ്റ്റനെ ലെസ്റ്ററും 2022 ല്‍ ബോണ്‍മൗത്തിനെ ലിവര്‍പൂളും 9-0- ന് തോല്‍പിച്ചു. 
കനത്ത തോല്‍വിയോടെ ഷെഫീല്‍ഡ് അവസാന സ്ഥാനത്തേക്കു പോയി. ഈ സീസണില്‍ സ്ഥാനക്കയറ്റം നേടിയ ഷെഫീല്‍ഡിന് ആറ് കളിയില്‍ ഒരു പോയന്റേയുള്ളൂ. ന്യൂകാസിലിനും ഇതുവരെ സീസണ്‍ സുഗമമായിരുന്നില്ല, ആദ്യ അഞ്ചു കളികളില്‍ മൂന്നും തോറ്റിരുന്നു. ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗിലും കളിക്കണമെന്നത് ന്യൂകാസിലിനെ തളര്‍ത്തുമെന്ന് തോന്നിയിരുന്നു. എന്നാല്‍ 14 മിനിറ്റ് ഇടവേളയില്‍ മൂന്നു ഗോളടിച്ച് അവര്‍ കളിയുടെ കടിഞ്ഞാണേറ്റെടുത്തു. കീരണ്‍ ട്രിപ്പിയര്‍ മൂന്നു ഗോളിന് അവസരമൊരുക്കി. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ചു പോയന്റ് പിന്നില്‍ എട്ടാം സ്ഥാനത്താണ് ന്യൂകാസില്‍. 
ആഴ്‌സനലിനെ എവേ മത്സരത്തില്‍ ടോട്ടനം 2-2 ന് തളച്ചു. ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നാണ് രണ്ടു തവണയും ടോട്ടനത്തെ ഒപ്പമെത്തിച്ചത്. ബുകായൊ സാക ആഴ്‌സനലിനു വേണ്ടി തിരിച്ചടിച്ചു. രണ്ടാം ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. ലിവര്‍പൂള്‍ 3-1 ന് വെസ്റ്റ്ഹാമിനെ തോല്‍പിച്ചു. ബോണ്‍മൗത്തിനെ തോല്‍പിച്ച ബ്രൈറ്റന്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
 

 

Latest News