ഇന്‍ഡോര്‍ - രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം 99 റണ്‍സിന് ജയിച്ചതോടെ ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പര ഒരു കളി ബാക്കിയിരിക്കെ ഇന്ത്യ സ്വന്തമാക്കി. പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയിട്ടും ഓസീസിനെതിരായ പരമ്പര ജയിച്ചത് ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം പകരും. ശുഭ്മന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളില്‍ അഞ്ചിന് 399 റണ്‍സടിച്ച ഇന്ത്യ എതിരാളികളെ 28.2 ഓവറില്‍ 217 ന് പുറത്താക്കി. മഴ കാരണം ഒരു മണിക്കൂറോളം കളി നഷ്ടപ്പെട്ടതിനാല്‍ ഓസീസിന്റെ ലക്ഷ്യം 33 ഓവറില്‍ 317 ആയി നിശ്ചയിച്ചിരുന്നു. സ്പിന്നര്‍മാരായ രവീന്ദ്ര ജദേജും (5.2-0-42-3) ആര്‍.അശ്വിനും (7-0-41-3) പ്രസിദ്ധ് കൃഷ്ണയും (6-0-56-2) മുഹമ്മദ് ഷമിയും (6-0-39-1) വിക്കറ്റുകള്‍ പങ്കുവെച്ചു. രണ്ട് കൈ കൊണ്ടും മാറി മാറി ബാറ്റ് വീശിയ ഓപണര്‍ ഡേവിഡ് വാണറും (53) ഷോണ്‍ ആബട്ടും (54) അര്‍ധ ശതകങ്ങള്‍ നേടി.
നേരത്തെ ശ്രേയസ് അയ്യരും (90 പന്തില്‍ 105) ശുഭ്മന്‍ ഗില്ലും (97 പന്തില്‍ 104) സെഞ്ചുറി തികച്ച ശേഷം കെ.എല്‍ രാഹുലും (38 പന്തില്‍ 52) ഇശാന്‍ കിഷനും (18 പന്തില്‍ 31) സൂര്യകുമാര്‍ യാദവും (37 പന്തില്‍ 72 നോട്ടൗട്ട്) ഒടുക്കം ഗംഭീരമാക്കി. ഋതുരാജ് ഗെയ്കവാദിനെ (8) നാലാം ഓവറില്‍ നഷ്ടപ്പെട്ട ശേഷം ഗില്ലും ശ്രേയസും രണ്ടാം വിക്കറ്റില്‍ ഇരുപത്തേഴോവറില്‍ 200 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഒപ്പത്തിനൊപ്പം ആക്രമിച്ചു കയറിയ ഇരുവരും സെഞ്ചുറിയടുത്തതോടെയാണ് അടങ്ങിയത്.
ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കി പ്രസിദ്ധ് കൃഷണയെ ടീമിലുള്‍പെടുത്തി. പാറ്റ് കമിന്‍സിന് വിശ്രമം നല്‍കിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്താണ് നയിക്കുന്നത്.






