Sorry, you need to enable JavaScript to visit this website.

പുഞ്ചിരിച്ച് പൂക്കൾ പറിക്കല്ലേ

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങൾക്കും ലോട്ടറിയുണ്ടായിരുന്നു. 1980ന്റെ പാതിയിലാണ് ഇതിന്റെ സുവർണ കാലം. മേഘാലയ, നാഗലാന്റ്, മണിപ്പുർ. അസം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ പേരിൽ വരെ ഭാഗ്യക്കുറിയുണ്ടായിരുന്നു. ഇവയുടെ വേലിയേറ്റത്തിനിടയിൽ കേരള ഭാഗ്യക്കുറിയെ അന്നൊന്നും ആരും ശ്രദ്ധിച്ചതുമില്ല.  ഇപ്പോൾ ലോട്ടറിയും മദ്യവും സമ്പൂർണമായി നിരോധിച്ച തമിഴകമായിരുന്നു ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളുടേയും ലോട്ടറികളുടെ നടത്തിപ്പ് കേന്ദ്രം. ഏറ്റവും വിൽപനയും അവിടെ തന്നെ. നിശ്ചിത വിഹിതം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകി സത്യസന്ധമായി നടത്തിയ ലോട്ടറികൾ. ചെന്നൈയിലോ, കോവൈയിലോ ആയിരിക്കും പ്രധാന ഓഫീസ്. ഇന്റർനെറ്റ് പ്രചാരത്തിൽ വരാത്ത അക്കാലത്ത് ഓരോ ദിവസത്തേയും നറുക്കെടുപ്പ് ഫലം പത്രങ്ങളിലൂടെ ആളുകളെ വൈകുന്നേരങ്ങളിൽ അറിയിച്ചിരുന്നു. ഫോൺ, ഫാക്‌സ് സംവിധാനങ്ങളെയാണ് പ്രധാനമായി ആശ്രയിച്ചത്. തമിഴുനാട്ടിൽ അന്നും ഇന്നും ഏറ്റവും പ്രചാരമുള്ള പത്രം ദിനതന്തി. അവർക്ക് വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന മാലൈ മുരശ് എന്നൊരു പത്രമുണ്ടായിരുന്നു. അതിൽ മിക്കപ്പോഴും ലീഡ് വാർത്ത തന്നെ ലോട്ടറി സമ്മാനം ആർക്ക് ലഭിച്ചുവെന്നതിനെ കുറിച്ചായിരുന്നു. മാത്രമല്ല, അതേ ദിവസമെടുത്ത എല്ലാ ഫലങ്ങളുമുൾപ്പെടുത്തി പേജുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. മധുര, കോയമ്പത്തൂർ, സേലം, ട്രിച്ചി നഗരങ്ങളിൽ ഈ പത്രം ഇറങ്ങുന്നത് ആവേശത്തോടെ കാത്തിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. 
ഒന്നാം ഇ.എംഎസ് മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞുവാണല്ലോ  സർക്കാർ ലോട്ടറി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. കായംകുളം എം.എസ്.എം കോളജ് വികസിപ്പിക്കാൻ പണം കണ്ടെത്താൻ തുടങ്ങിയ അമ്പതിനായിരം രൂപ സമ്മാനമുള്ള ലോട്ടറിയായിരുന്നു അദ്ദേഹത്തിന് പ്രചോദനം. 
കേരള സർക്കാരിന് ചില്ലറ വികസന പ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിന് തുടങ്ങിയ ലോട്ടറിയുടെ ടിക്കറ്റിന് ഒരു രൂപ. ഏറ്റവും കൂടിയ സമ്മാനം ഒരു ലക്ഷം രൂപ. അതേ സ്ഥാനത്ത് ഈ വർഷം ഓണം ബംപറിന്റെ ടിക്കറ്റ് വില അഞ്ഞൂറ് രൂപ. ഒന്നാം സമ്മാനം 25 കോടി രൂപ. ഇന്ത്യയിൽ തന്നെ ഒരു ലോട്ടറി നൽകിയ ഏറ്റവും വലിയ സമ്മാനം. നിരോധിച്ചാലും തമിഴുനാട്ടിൽ ലോട്ടറിക്ക് ആവശ്യക്കാർക്ക് കുറവില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. അതിർത്തി ജില്ലയായ പാലക്കാട്ട് 11 ലക്ഷം ഓണം ബംപർ ടിക്കറ്റ് വാങ്ങിത്തീർത്തത് മലയാളികളായിരിക്കാൻ സാധ്യതയില്ല.  
പിന്നിട്ട വാരത്തിൽ പുറത്തറിഞ്ഞ കേരളം കാത്തിരുന്ന 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്‌നാട് സ്വദേശികളായ നാലുപേരാണ്. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ അണ്ണൂർ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42). വാളയാറിലെ കടയിൽ നിന്ന് ഇവർ ചേർന്നെടുത്ത മൂന്ന് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം. ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി. 
അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന വാളയാർ ചന്ദ്രാപുരം സ്വദേശിയായ സുഹൃത്തിനെ ഒരാഴ്ച മുമ്പ് വീട്ടിലെത്തി കണ്ട് മടങ്ങുമ്പോഴാണ് ഗുരുസ്വാമിയുടെ ബാവ ലോട്ടറി ഏജൻസിയിൽനിന്ന് നാലുപേരും ചേർന്ന് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റിന് വില 1500 രൂപ. നാലുപേരും 450 രൂപവീതമിട്ടപ്പോൾ 1800 രൂപ. ശേഷിക്കുന്ന 300 രൂപയ്ക്ക് ഭക്ഷണവും കഴിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ഏറെ കഷ്ടതയനുഭവിക്കുന്ന കുടുംബമാണ് തങ്ങൾ നാലുപേരുടെയും. സമ്മാനത്തുക കിട്ടിയശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് പാണ്ഡ്യരാജ് അറിയിച്ചു. ഇത് കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്നുപദേശിച്ച് ട്രോളന്മാർ രംഗത്തെത്തിയിട്ടുണ്ട്. 

                                 ****            ****            ****
കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായി. ആദ്യത്തേത് പോലെ ഇത് ക്ലിക്കാവാൻ സാധ്യത കുറവാണ്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാനാവാത്ത നിരക്കാണ് ഇത്തരം ട്രെയിനുകൾക്ക്. നിലവിലെ ട്രെയിൻ ചാർജിന്റെ നാലും അഞ്ചും ഇരട്ടി കൊടുക്കണം. കാര്യമായ സമയലാഭവുമില്ല. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് കൊച്ചുവേളി-ഇൻഡോർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന് 150 രൂപയിൽ താഴെയാണ് നിരക്ക്. തൃശൂരും ഷൊർണൂരും മാത്രം നിർത്തി പുതിയ കോച്ചുകളുള്ള ഈ ട്രെയിൻ മൂന്ന് മണിക്കൂറിൽ താഴെ സമയം കൊണ്ടെത്താറുണ്ട്. വൈകുന്നേരം 6.30ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന രണ്ടാം വന്ദേഭാരത് 9.30നാണ് കോഴിക്കോടെത്തുന്നത്. തിരൂരിൽ സ്‌റ്റോപ്പ് കൊടുത്ത് മലപ്പുറം ജില്ലയെ പരിഗണിച്ചത് പോലെ വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളേയും പരിഗണിക്കാം. 
വയനാടിന് വേണ്ടി വടകരയിലും തെക്ക് കായംകുളത്തും സ്റ്റോപ്പ് ചെയ്യാം. ആലപ്പുഴ പിന്നിട്ടാൽ ഒന്നര മണിക്കൂറോളമെടുത്താണ് അടുത്ത സ്‌റ്റോപ്പായ കൊല്ലം. അതു കൊണ്ട് കായംകുളവും മസ്റ്റ്. കണ്ണൂരിൽ നിന്ന് വെറും ഇരുപത് കിലോ മീറ്റർ അപ്പുറമുള്ള തലശ്ശേരിയിലൊന്നും നിർത്തേണ്ട കാര്യമേയില്ല. ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ്. ചങ്ങനാശേരിയും തിരുവല്ലയും കോട്ടയവുമൊക്കെ റെയിൽവേയ്ക്ക് നല്ല വരുമാനമുണ്ടാക്കുന്ന സ്‌റ്റേഷനുകളാണ്. ആലപ്പുഴ വഴി വരുന്നത് കൊണ്ട് 16 കിലോ മീറ്റർ രണ്ടാം വന്ദേഭാരത് ലാഭിക്കുമെന്നാണ് പറയുന്നത്. തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കോഴിക്കോട്ടെത്തി ചേരുന്ന സമയം രാത്രി 9.03ൽ നിന്ന് 9.30 ആയി മാറിയിട്ടുമുണ്ട്. 

                                ****            ****            ****
കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി. കുട്ടികളുടെ പ്രായം 21 ഓ അല്ലെങ്കിൽ വോട്ടവകാശം ലഭിക്കുന്ന 18 വയസാകുമ്പോഴോ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാവുന്ന രീതിയിൽ നിയന്ത്രണമേർപ്പെടുത്താനാണ് നിർദേശിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (നേരത്തെ ട്വിറ്റർ) റിട്ട് അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സ്‌കൂൾ കുട്ടികൾ സമൂഹമാധ്യമങ്ങളിൽ അടിമയായിരിക്കുകയാണ്. ഇവ ഉപയോഗിക്കാൻ പ്രായപരിധി കൊണ്ടുവന്നാൽ രാജ്യത്തിന് നല്ലതാണെന്ന് അപ്പീൾ പരിഗണിച്ച ജസ്റ്റിസ്മാരായ ജി. നരേന്ദറും വിജയകുമാർ എ പാട്ടിലും പറഞ്ഞു. രാജ്യത്തെ ഐടി നിയമം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തെറ്റിക്കുകയാണെങ്കിൽ ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവരുന്നതാണ് ഉത്തമമെന്ന് കോടതി കൂട്ടിച്ചേർത്തു.

                                ****            ****            ****
നാട്ടിലും ഗൾഫ് നഗരങ്ങളിലുമെല്ലാം ഏറെ പ്രശസ്തമാണ് തായ് ഭക്ഷണ വിഭവങ്ങൾ.തായ് ഭക്ഷണം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക  ടാങ്കി ടോം സൂപ്പ്, പാഡ് തായി, ഗ്രീൻ കറി എന്നീ വിഭവങ്ങളാണ്. എന്നാൽ പലരുടെയും ജീവന് തന്നെ ഭീഷണിയാകുന്ന ഒരു തായ് വിഭവമുണ്ട്. 
കോയി പ്ലാ എന്നാണ് ഈ വിഭവത്തിന്റെ പേര്. അസംസ്‌കൃത മത്സ്യങ്ങളും നാരങ്ങാനീരും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഉണ്ടാക്കിയെടുത്ത വിഭവം അതീവ രുചികരമാണെന്നാണ് പറയപ്പെടുന്നത്. ഈ വിഭവം ഒരു സ്പൂൺ കഴിച്ചാൽ ലിവർ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും. തായ്‌ലാൻഡിലെ ഖോൺ കെയിൻ, ഇസാൻ എന്നീ  മേഖലയിലാണ് ഈ വിഭവം ജനപ്രീതി നേടിയത്.  ഈ വിഭവം കഴിച്ചാൽ  കാൻസർ പിടിപെടുന്നതിന് കാരണം ഇതിനുള്ളിൽ കാണുന്ന പരാന്നഭോജികളായ പുഴുക്കളാണെന്നാണ് പറയപ്പെടുന്നത്. ഫഌക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ പുഴുക്കൾ മഹാ അപകടകാരികളാണ്. തായ്‌ലാൻഡിലെ ഇസാൻ മേഖലയിൽ ഈ വിഭവങ്ങൾ കഴിച്ച ധാരാളം പേർ കാൻസർ ബാധിതരാണ്. ഒരിക്കൽ ഈ പുഴുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പിത്തരസക്കുഴലുകളിൽ വർഷങ്ങളോളം വസിക്കും. ഇത് കരളിന് വീക്കമുണ്ടാകുകയും, പിന്നീട് കാൻസറിന് കാരണമാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. വിഭവം കഴിച്ച ഇരുപതിനായിരം പേർ പിന്നിട്ട വർഷത്തിൽ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 

                                ****            ****            ****
മാധ്യമ, വ്യവസായ ഭീമൻ റൂപർട്ട് മർഡോക്ക് ഫോക്‌സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. ഏഴ് പതിറ്റാണ്ടോളം അധികാരം കൈയാളിയ ശേഷമാണ് 92കാരൻ സ്ഥാനമൊഴിയുന്നത്. മകൻ ലാച്‌ലൻ മർഡോക്കാണ് രണ്ട് കമ്പനികളുടെ പുതിയ ചെയർമാൻ. 
നവംബർ മാസത്തോടെ ചെയർമാൻ എമിരിറ്റസ് റോളിലേക്ക് മാറുമെന്നു ജീവനക്കാർക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തമായ വേഷം ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം വിശദീകരിച്ചു.  
യുഎസിൽ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള ടെലിവിഷൻ വാർത്താ ചാനലാണ് ഫോക്‌സ് ന്യൂസ്. 1996ലാണ് അദ്ദേഹം ഈ കമ്പനി ആരംഭിച്ചത്. ഇടക്കാലത്ത് ഫോക്‌സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളെ ലയിപ്പിക്കാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട്  അതുപേക്ഷിച്ചു. 
വാൾസ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് പോസ്റ്റ് മാധ്യമങ്ങളും മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലടക്കം ലോകത്ത് വിവിധ വിഭാഗം മാധ്യമ കമ്പനികളിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. 

                                ****            ****            ****
ബംഗളൂരുവിലെ വളരെ വിചിത്രമായ ഒരു ബോർഡാണ് വാർത്തകളിൽ കൗതുകം പകരുന്നത്.  പുഞ്ചിരിച്ചുകൊണ്ട് പൂക്കൾ പറിക്കരുത് എന്നാണ് അതിൽ പറയുന്നത്. അധികൃതരാണ് പൂക്കൾ പറിക്കുന്നതിന് എതിരായി ഇങ്ങനെ വളരെ വിചിത്രമായ ഒരു ബോർഡ് ഇവിടെ സ്ഥാപിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം ഷെയർ ചെയ്തത്. ദയവായി പൂക്കൾ പറിക്കരുത്... ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിക്കുമ്പോൾ പൂക്കൾ പറിക്കവെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ചുമത്തും എന്നാണ്  ബോർഡിലുള്ളത്. ഇതുപോലെയുള്ള വിചിത്രമായ മുന്നറിയിപ്പുകൾ ബംഗളൂരുവിൽ ഇത് ആദ്യമായിട്ടല്ല എന്നാണ് പറയുന്നത്. അടുത്തിടെ ബംഗളൂരുവിലെ ഒരു പാർക്കിലും സമാനമായ നിയമങ്ങൾ വിവരിക്കുന്ന ഒരു പോസ്റ്റർ കണ്ടെത്തിയിരുന്നു. അതിൽ പറയുന്നത് സന്ദർശകർക്ക് ഈ പാർക്കിനകത്ത് ഓടാനോ ജോഗിങ്ങിനോ അനുവാദം ഇല്ലെന്നാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യുടേതാണ്  അറിയിപ്പ്. ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആൾ പറയുന്നത് ഇത്തരത്തിലുള്ള ബോർഡുകൾ പലപ്പോഴും കാണാറുണ്ട്, ശരിക്കും അത് എന്തിനാണെന്നാണ്. കേരളത്തിലായിരുന്നുവെങ്കിൽ ഇതെഴുതിയ വിദ്വാന് ഡോക്ടറേറ്റ് കൊടുത്തേനെ. 


                                ****            ****            ****
വടക്കൻ അയർലൻഡിൽ ഒരു കൗമാരക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ ക്രെഡിറ്റായെന്ന സന്ദേശമെത്തി.  18 വയസ്സുള്ള ഡെയ്ൻ ഗില്ലെസ്പിയുടെ ജീവിതമാണ് ഇങ്ങനെ ഒറ്റ രാത്രിയിൽ മാറിമാറിഞ്ഞത്.  8.9 മില്യൺ പൗണ്ട് (ഏകദേശം 92 കോടി രൂപ) ആണ് ഡെയ്ൻ ഗില്ലെസ്പിയുടെ അക്കൗണ്ടിലേക്ക് മറിഞ്ഞത്. അതും ചെറിയൊരു ബാങ്കിംഗ് പിശക് കാരണം. 
ഡെയ്ൻ ഗില്ലെസ്പിയുടെ മുത്തശ്ശിയുടെ ചെക്ക് പണമാക്കിയതോടെയാണ് ഡെയ്നിന് അപ്രതീക്ഷിത ഭാഗ്യം ലഭിച്ചത്. പൂജ്യം ചേർത്തപ്പോൾ കുറച്ച് അധികം ചേർത്തതാണ് പറ്റിയ അബദ്ധം. ബാങ്കിംഗ് പിശക് മൂലം ഡെയിനിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ സ്‌ക്രീൻ ഷോട്ട് കണ്ടപ്പോൾ അമ്മ അതിശയിച്ചു. 'ഞങ്ങൾക്ക് ഇത് വിശ്വസിക്കാനായില്ല,' ഡെയിനിന്റെ അമ്മ കരോളിൻ പറയുന്നു. 'കുറച്ച് മണിക്കൂറുകളോളം താനൊരു കോടീശ്വരനാണെന്ന് എന്റെ മകൻ കരുതി. ബുധനാഴ്ച രാവിലെ അവന്റെ അക്കൗണ്ടിൽ 8.9 മില്യൺ പൗണ്ട് ഉണ്ടായിരുന്നു. അവന് വയസ്സ് 18 മാത്രം. അവൻ കഴിഞ്ഞ വ്യാഴാഴ്ച മുത്തശ്ശിയുടെ കൈയിൽ നിന്നും വാങ്ങിയ 8,900 പൗണ്ടിന്റെ ചെക്ക് സ്വന്തം അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. കരോളിൻ പറഞ്ഞു. പക്ഷേ, ആ കോടീശ്വര പദവിക്ക് ആയുസ് കുറവായിരുന്നു. ബാങ്ക് തങ്ങൾക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞു. ഡെയിന്റെ അക്കൗണ്ടിലേക്ക് അധികമായി ക്രെഡിറ്റായ പണം ബാങ്ക് തന്നെ തിരിച്ചെടുത്ത് അവന്റെ ബാലൻസ് ക്രമീകരിച്ചു. സമാന സംഭവം ചെന്നൈയിലുമുണ്ടായി. ചെന്നൈയിലെ കാബ് ഡ്രൈവറുടെ അക്കൗണ്ടിൽ എത്തിച്ചേർന്നത് 9000 കോടി രൂപയാണ്. അര മണിക്കൂർ കൊണ്ട് ബാങ്കുകാർ തെറ്റ് തിരുത്തുകയും ചെയ്തു. എന്തിനാണാവോ ബാങ്കുകാർ മനുഷ്യരെ ഇങ്ങനെയൊക്കെ പരീക്ഷിക്കുന്നത്? 

                                ****            ****            ****

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നിൽക്കുന്ന സായ്യുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.
പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാർത്ത പ്രചരിപ്പിച്ചത്. 'ഒടുവിൽ അവൾ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവൾ തെളിയിച്ചു, ഹാറ്റ്സ് ഓഫ് ടു സായ് പല്ലവി' എന്നാണ് നടിയുടെ ഫാൻ പേജിൽ എത്തിയ ഒരു പോസ്റ്റ്. നിരവധിപ്പേരാണ് നടിയ്ക്ക് അഭിനന്ദനം നേർന്നു കൊണ്ട് കമന്റ് ചെയ്തത്.
സായ് പല്ലവിക്ക് ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ എക്സിലും എത്തി.  ഈ വൈറൽ ചിത്രം മറ്റൊരു ചിത്രത്തിൽ നിന്നും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്. ശിവകാർത്തികേയൻ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ചിത്രമാണിത്. വ്യക്തിജീവിതത്തിലെ അനാവശ്യ ഇടപെടൽ താരത്തെ രോഷം കൊള്ളിച്ചിട്ടുണ്ട്. 

                                ****            ****            ****
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അച്ചു ഉമ്മനെതിരെ നടന്ന സൈബർ ആക്രമണങ്ങൾ വൻ തോതിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഫാഷനുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന അച്ചു, ലക്ഷങ്ങൾ വിലയുള്ള അൾട്രാ ലക്ഷ്വറി ബ്രാന്റുകൾ ഉപയോഗിക്കുന്നു എന്നെല്ലാം ആരോപണങ്ങൾ ഉയർന്നു. ഇവയോട് ശക്തമായി പ്രതികരിച്ച് അച്ചു പ്രതിഷേധം അറിയിച്ചിരുന്നു. 
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം അച്ചു ഫാഷൻ ലോകത്തേക്ക് തിരിച്ച് പോയി. ഈ അവസരത്തിൽ അച്ചുവിനെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റായാണ് പ്രിയ, അച്ചുവിനെ കുറിച്ച് പറഞ്ഞത്. ഓരോ കാര്യങ്ങൾക്കും അച്ചു എടുക്കുന്ന അർപ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു. എന്റെ അച്ചുമോൾ..എന്റെ പ്രചോദനം..നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ.. ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാൻ സ്നേഹിക്കുന്നു സഹോദരി..', എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്.

                                ****            ****            ****

സത്യജിത് റായ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷൻ അധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നിയമിച്ചു.  മൂന്നു വർഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്. ഇതിൽ സുരേഷ് ഗോപിക്ക് താൽപര്യമില്ലെന്നാണ് കേട്ടത്.  ലോക്‌സഭയിൽ കണ്ണൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നടൻ സൂചന നൽകിയിട്ടുമുണ്ട്. പയ്യന്നൂരിൽ കഴിഞ്ഞ ദിവസത്തെ ഒരു ചടങ്ങിലാണിക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്.
ലോക്‌സഭയിലേക്ക് കണ്ണൂരിൽ നിന്നോ തൃശൂരിൽ നിന്നോ മത്സരിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ പ്രസംഗത്തിലൂടെ സുരേഷ് ഗോപി കണ്ണൂരിൽനിന്ന് മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. പാവം തൃശൂരുകാർ.

Latest News