ഇത് യൂസുഫ് കുറ്റാളൂർ. വാട്ടർ കളർ, ഓയൽ പെയിന്റിംഗ്, രേഖാചിത്രങ്ങൾ, പെൻസിൽ ഡ്രോയിങ്ങ്, അറബിക് കാലിഗ്രഫി തുടങ്ങി സമസ്ത മേഖലകളിലും വരയുടെ സുൽത്താനായി വാഴുന്ന കലാകാരൻ. കലാലോകം വേണ്ടത്ര അംഗീകാരം നൽകാത്ത പ്രതിഭാശാലി.
മലപ്പുറം ഊരകം ഗ്രാമ പഞ്ചായത്തിലെ കുറ്റാളൂർ ഗ്രാമത്തിൽ കൊഴിഞ്ഞിക്കോടൻ കമ്മദിന്റെ പുത്രനായി 1966 ലാണ് യൂസുഫിന്റെ ജനനം. പിതാവ് തേങ്ങാ കച്ചവടക്കാരനും മുസ്‌ലിം ലീഗ് പ്രവർത്തകനും. മാതാവ് കോരംകുളങ്ങര കുഞ്ഞിക്കദിയുമ്മ അന്നത്തെ നാലാം ക്ലാസുകാരി. അഞ്ച് മക്കളിൽ മൂന്നാമനായാണ് ജനനം. ജ്യേഷ്ഠന്മാർ രണ്ട് പേരും നാലാം ക്ലാസ്സുകഴിഞ്ഞ് പിതാവിന്റെ കൂടെ നാളികേരപ്പണിയിൽ. ശരീരം ശോഷിച്ച പ്രകൃതമായതിനാൽ യൂസുഫിന് പള്ളിദർസിലും സ്‌കൂൾ തുടർ പഠനത്തിനും അവസരം ലഭിച്ചു.
അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്ന മാതാവ് സ്‌കൂൾ പാഠങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം സ്ലേറ്റിൽ തക്കാളിയുടെയും മുളകിന്റെയുമൊക്കെ ചിത്രം വരച്ച് കൊടുക്കും. ചിത്രംവരയ്ക്കുള്ള ബാലപാഠം മാതാവിൽ നിന്ന് കിട്ടിയ യൂസുഫ് പിതൃസഹോദരിയുടെ വീട്ടിൽ വിരുന്നു പോകുമ്പോൾ ചെഞ്ചായം പൂശിയ മൺചുമരിൽ ഈർക്കിൾ കൊണ്ട് ചിത്രം വരച്ച് കലാപ്രകടനം കാണിക്കും.
ഇത് കാണുന്ന അമ്മായികാക്ക അമ്മായിയെ ശകാരിക്കുമെങ്കിലും യൂസുഫിനെ വെറുതെ വിടും. അതിനിടയിൽ ഒരു സഹോദരിയും യൂസുഫും വീട്ടിൽ പത്താംതരം പഠിക്കുന്ന വിദ്യാർത്ഥികളായി വേങ്ങര ഗവ.ഹൈസ്‌കൂളിൽ. ഒപ്പം രാത്രി പള്ളിദർസും പകൽ മദ്രസയിലെ മുസ്‌ല്യാർമാർക്ക് ഭക്ഷണം കൊണ്ട് വരലും.
പൂട്ടിക്കിടക്കുന്ന കുറ്റാളൂരിലെ യംഗ് മെൻസ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം തുറക്കാൻ താൽപര്യവുമായി നാട്ടുകാരണവരെ സമീപിച്ചു. വായനശാല തുറന്നതോടെ േൈല്രബറിയനായി ബാലനായ യൂസുഫിന് നിയമനം.
പഴയ മാസികകളും മനോരമ സൺഡെ സപ്ലിമെന്റുകളും ഇഷ്ടം പോലെ പുസ്തകങ്ങളും ലഭ്യമായതോടെ വായനക്ക് പുത്തനുണർവേകി. പത്താം ക്ലാസ് വിജയത്തോടെ പ്രീ ഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒയിൽ ചേർന്നു. പിതാവിൽനിന്ന് ഒരു രൂപ ലഭിച്ചാൽ 15 പൈസ ബസ് ചാർജ്ജ്. ഇടവേളകളിൽ വീടുകളിൽ പെയിന്റിംഗ് ജോലിക്ക് പോകും. കൂട്ടത്തിൽ മൈക്ക് ഓപ്പറേറ്ററായും. പ്രീഡിഗ്രി ഇംഗ്ലീഷ് തോറ്റപ്പോൾ ആയുധം വെച്ച് കീഴടങ്ങി ബോർഡെഴുത്ത് പഠിക്കാൻ പുത്തനങ്ങാടിയിലെ ബീക്കേ ആർട്‌സിൽ ട്രെയിനിയായി. അത് മടുത്തപ്പോൾ കിണർ പണിക്കാർക്കൊപ്പം കൂടി. ബാപ്പയുടെ നിർബന്ധ പ്രകാരം കൂലിപ്പണി ഒഴിവാക്കി വീണ്ടും പ്രീ ഡിഗ്രി എഴുതിയെടുക്കാൻ വേങ്ങര ലേണേഴ്‌സ് പാരലൽ കോളേജിൽ ചേർന്നു. പാസായി. 1985ൽ മലപ്പുറം ഗവ.കോളജിൽ അറബിക് ബി.എക്ക് ചേർന്നു.
സ്വന്തമായി ആർജ്ജിച്ചെടുത്ത എഴുത്തും ഹൗസ് പെയിന്റിംഗും തുടർന്നു. കോളേജിൽ എം.എസ്.എഫ് കെ.എസ്.എഫ് മുന്നണിയുടെ ഇലക്ഷൻ വർക്കുകൾ ഇപ്പോഴത്തെ കൊണ്ടോട്ടി എം.എൽ.എ., ടി.വി ഇബ്രാഹിമിന്റേതടക്കം വർക്കുകൾ രണ്ടുവർഷം ചെയ്തു. ഡിഗ്രി പഠന കാലത്ത് വേങ്ങര ഹൈസ്‌കൂളിനു മുമ്പിലുള്ള തച്ചപറമ്പൻ മൊയ്തീൻ കുട്ടിയുടെയും സഹോദരന്റെയും (ഹാജി) 'സഫേര ഹോട്ടലി' ന്റെ ബോർഡ് എഴുതാൻ അവസരം ലഭിച്ചത് വീണ്ടും വഴിത്തിരിവായി. ബോർഡ് എഴുത്ത് കൗതുകത്തോടെ കണ്ട് നിൽക്കുന്ന തൊട്ടടുത്ത ബേക്കറിക്കാരൻ കാപ്പൻ അബ്ദുല്ലക്കുട്ടി 'അനക്കെന്താ എയ്ത്ത് നന്നായി പഠിച്ചൂടെ' എന്ന ചോദ്യത്തിന് 'എന്നെ പരിചയപ്പെടുത്താനാരുമില്ലല്ലോ' എന്ന സങ്കട മറുപടിക്ക് ഉത്തരമായി പിറ്റേന്ന്വേങ്ങരയിലെ പ്രശസ്ത ആർട്ടിസ്റ്റ് എം.പി ഹംസയും വളപ്പിൽ അബ്ദുക്കയും ചേർന്ന് നടത്തുന്ന വർണശാല ആർട്ട്‌സിൽ എഴുത്തും വരയും പഠിക്കാൻ അവസരമായി.
കോളേജ് പഠനത്തോടൊപ്പം സൈഡ് ബിസിനസായി കലാ പഠനം. ബോർഡ്, ബാനർ എഴുത്തും സിനിമാ സ്ലയ്ഡ് നിർമ്മാണവും ഗുരുമുഖത്തു നിന്ന് പഠിച്ചെടുത്തു. ഡിഗ്രി പഠനം പൂർത്തിയാകുന്നതിന് മുമ്പ് പ്രധാന ഗുരു എം.പി ഹംസു റിയാദിലേക്ക് പോയതിനാൽ പാർട്ണർക്ക് സ്ഥാപനം നടത്താൻ കഴിയാതെ വന്നപ്പോൾ യൂസുഫ് അതേറ്റെടുത്തു.
ഇതിനിടെ സ്‌കൂൾ പഠനകാലത്തെ ആഗ്രഹമായ ഡ്രോയിംഗ് അധ്യാപകനാകാനുളള മോഹം വീണ്ടും മുളപൊട്ടി. കോഴിക്കോട്ടെ പ്രശസ്ത കലാ പഠന കേന്ദ്രമായ യൂണിവേഴ്‌സൽ ആർട്‌സിലും ടെസ്റ്റിലും ഇന്റർവ്യൂവിലും വിജയിച്ചെങ്കിലും അവരുടെ പുതിയ ബിൽഡിംഗ് ഫണ്ടിലേക്ക് ഡൊണേഷൻ കൊടുക്കാൻ സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ഏറെ താൽപര്യത്തോടെ മുന്നേറിയിരുന്ന പഠനത്തിന് രണ്ടാം വർഷാരംഭത്തിൽ തന്നെ തിരശ്ശീല വീണു.
പഠനം നിന്നപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി വേങ്ങരയിൽ മുദ്ര ആർട്‌സ് ആന്റ് സ്‌ക്രീൻസ് എന്ന കലാഗൃഹം കേപീസ് ഹാർഡ്വേഴ്‌സിനു മുകളിൽ പിറവി കൊണ്ടു. വർണശാലക്ക് ലഭിച്ചിരുന്ന വർക്കുകളും കിട്ടിത്തുടങ്ങി. അതിനിടെ സ്‌ക്രീൻ പ്രിന്റിംഗ്, അസിസ്റ്റന്റ്
യൂസുഫ് കൊട്ടേക്കാട്ട് വഴി അബ്ദുക്കയിൽനിന്ന് സ്വായത്തമാക്കി. ആർട്ടും സ്‌ക്രീൻ പ്രിന്റിംഗും പുരോഗമിച്ചു വരവേ ജിദ്ദയിലേക്ക് വിസ ലഭിച്ചു.
1995 ൽ ജിദ്ദ, മഅ്ജർ സനാഇയയിലെ പെർഫ്യൂംസ് ഓഫ് അറേബ്യ എന്ന കമ്പനിയിൽ സ്‌ക്രീൻ പ്രിന്ററായി ജോലിയിലെത്തി. ആറു വർഷം സ്‌ക്രീൻ പ്രിന്ററായും സ്റ്റിക്കർ ഒട്ടിക്കലുമായി ജോലിയിൽ പുരോഗമനം.
ലോക വ്യാപകമായി അക്കാലത്തുണ്ടായ സാമ്പത്തിക മാന്ദ്യം കമ്പനിയേയും ബാധിച്ചു. പലരേയും ഒഴിവാക്കേണ്ടവരുടെ കൂട്ടത്തിൽ വെക്കേഷനിലായിട്ടും അദ്ദേഹത്തിന്റെ പേരും ആദ്യ ലിസ്റ്റിൽവന്നു. വെക്കേഷൻ കഴിഞ്ഞെത്തിയപ്പോൾ കമ്പനി എക്‌സിറ്റ് അടിക്കുന്നതിന് പകരം റിലീസ് മാറ്റാൻ അവസരം കൊടുത്തു.
ജിദ്ദ ഷറഫിയ്യയിൽ ചുമരിൽ പതിച്ച, ആർട്ടിസ്റ്റിനെ ആവശ്യമുണ്ടെന്ന പരസ്യത്തിലെ നമ്പറിൽ വിളിച്ചു അദ്ദേഹം, അന്നു ശറഫിയ്യയിലെ ത്വലാഖി എന്ന ആർട്ട് മെറ്റീരിയൽസ് വിൽക്കുന്ന കടയിലെ ഡിസൈനറും നാട്ടുകാരനുമായ സെയ്ദിനൊപ്പം ബവാദിയിലെ 'അൽ സൈദി' മുഅസ്സസയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റം. കസ്റ്റമർ കുറവും ശമ്പള കുടിശ്ശികയുമായതിനാൽ ഒരു വർഷത്തിനകം അവിടം വിടാൻ നിർബന്ധിതനായി. അങ്ങിനെയാണ് ത്വലാഖിയിലെ ഡിസൈനർ സെയ്ദിന്റെ ഒരു കസ്റ്റമറായ കോഴിക്കോട്ടുകാരൻ നിത്യാനന്ദൻ െ്രെഡവർ കം ഇലക്ട്രീഷൻ പ്ലസ് വെൽഡറായി ജോലി ചെയ്തിരുന്ന അൽ മർജാൻ ലിൽ ഇഅ്‌ലാൻ എന്ന ബോർഡ് നിർമ്മാണക്കടയിൽ എത്തിപ്പെടുന്നത്.
സഅദ് അൽ ഗാംദി എന്ന സ്വദേശി മദ്രസാധ്യാപകന്റെ മച്ചുനന്റെ പേരിലുള്ളതായിരുന്നു അത്. ചില സാങ്കേതിക കാരണങ്ങളാൽ സ്ഥാപനം പൂട്ടിയപ്പോൾ യൂസുഫിന്റെ എട്ട് വർഷത്തെ പ്രവാസ ജീവിതത്തിന് അതോടെ വിരാമമായി.പുതിയ വിസ വരുമെന്ന പ്രതീക്ഷ അസ്തമിച്ചപ്പോൾ വേങ്ങരയിലെ 'മുദ്ര'യിൽ വീണ്ടും സജീവമായി. പാലക്കാട് നടന്ന സോളാഡാരിറ്റി ഒന്നാം സംസ്ഥാന സമ്മേളനം, പാലക്കാട്, മലപ്പുറം ജില്ലാ സമ്മേളനങ്ങൾ എന്നിവയുടെ സ്‌റ്റേജ് വർക്കുകൾ ചെയ്യാൻ അവസരം കിട്ടി.
5 വർഷം കഴിഞ്ഞപ്പോൾ 2008 ൽ വീണ്ടും സൗദിയിലേക്ക്. ജിസാനിലെ സൂഖുദ്ദാഖിലിയിലെ 'ഷഹദ്' എന്ന കലാ സ്ഥാപനത്തിൽ ആർട്ടിസ്റ്റ് വിസയിൽ ഖത്വാത്വ് വറസ്സാമായി ജോലിയിൽ. തളിപ്പറമ്പുകാരനായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ. നാഗർകോവിലുകാരനായ കുമാറായിരുന്നു പ്രധാന ആർട്ടിസ്റ്റ്. നല്ല നിലയിൽ നടന്നിരുന്ന സ്ഥാപനം മുതലാളിയുടെ പിടിപ്പുകേടുമൂലം പൂട്ടിയതോടെ യൂസുഫ് ഒറിജിനൽ ഫ്രീ വിസക്കാരനായി. ഇഖാമ പുതുക്കാനല്ലാതെ സർവീസ് ചാർജ് ഒന്നും തന്നെ കഫീൽ ഈടാക്കിയില്ല എന്നത് പുണ്യം. സ്ഥാപനം ഇല്ലാതായതോടെ ജീസാനിലെ പ്രമുഖ ആർട്ടിസ്റ്റ് സ്ഥാപനങ്ങളിലൊന്നായ 'അബു റീമിൽ' ദിവസക്കൂലിക്കാരനായി.മറ്റ് വ്യക്തികൾക്കുള്ള വർക്കുകൾക്കൊപ്പം ജീസാനിലെ എല്ലാ ജില്ലകളിലെയും മദ്രസകളിലെ ചുമരുകളിൽ ധാരാളം ചിത്രങ്ങൾ ഇനാമലിൽ വരച്ചു.
തെർമോകോളിലും പ്ലാസ്റ്റർ ഓഫ് പാരീസിലും വിദ്യാർത്ഥികൾക്കാവശ്യമായ ധാരാളം ലൈഫ് മോഡലുകളും ഉണ്ടാക്കി. ഒഴിവുവേളകളിലെ മുഷിപ്പകറ്റാൻ ലോക പ്രശസ്തരായ വ്യക്തികളുടെ മുന്നൂറിൽപരം പെൻസിൽ ഡ്രോയിംഗുകൾ വരച്ചു.
ഭക്ഷണം വാങ്ങാൻ പോകുന്ന സമയത്ത് കണ്ട് മുട്ടിയ, മുമ്പ് സ്‌കൂൾ വർക്കുകൾ ചെയ്തു കൊടുത്ത ഈജിപ്ഷ്യൻ കാലിഗ്രഫി ആർടിസ്റ്റ് ( ഖത്വാത്വ് മുഹമ്മദ് റബീഅ്) അവിചാരിത കണ്ടുമുട്ടൽ കലാജീവിതത്തെ താൽക്കാലികമായി മാറ്റിമറിച്ചു. അദ്ദേഹം ബോർഡ്, ഡെക്കറേഷൻ വർക്കുകൾ ചെയ്തു കൊണ്ടിരിക്കുന്ന അൽ റാജിഹീ മെഡിക്കൽ ഗ്രൂപ്പിന്റെ ജീസാൻ ശാരാ പെട്രോമിൻ ശാഖയിൽ ഹെൽപറുടെ ജോലിയാക്കിക്കൊടുത്തു. നാലു വർഷത്തിന് ശേഷം കമ്പനി ചെലവിൽ നാട്ടിൽ പോയി വന്നു.
ഇപ്പോൾ വര കുറവ്. എഴുത്താണ് കൂടുതൽ. രണ്ട് വർഷം മുമ്പത്തെ റമദാനിൽ കുത്തിക്കുറിച്ച ഓർമകൾ പുസ്തക രൂപത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
അടുത്ത വർഷാരംഭത്തിൽ പുറത്തിറങ്ങും. നേരത്തെ വരച്ചിരുന്ന റംല യു.പി അച്ചനമ്പലമാണ് യൂസുഫിന്റെ ജീവിത സഖി. മക്കൾ: യുസ്‌റ, നവാൽ യാസ്മിൻ, ബാസിമ, ബാസിൽ. നാല് പേരും വിദ്യാർത്ഥികളാണ്. മരുമകൻ: ആശിഖ് വെളിമുക്ക്.