ശ്രീനഗറിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി കാറോടിച്ചാണ് ജോബി പോയത്. ഭിന്നശേഷി സൗഹൃദമാക്കിയ കാറിൽ ഭാര്യയോടും മക്കളോടുമൊപ്പമായിരുന്നു യാത്ര. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ജ്യോതിസും മത്സരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പഞ്ചഗുസ്തിയിലെ ലോകചാമ്പ്യൻ കൊച്ചിയിൽനിന്നും കശ്മീരിലേയ്ക്ക് 3600 കിലോമീറ്ററാണ് കാറോടിച്ചത്. മടക്കയാത്രയും കാറിൽ തന്നെയായിരുന്നു. മൊത്തത്തിൽ 7200 കിലോമീറ്ററാണ് കാറോടിച്ചത്. യാത്രയ്ക്കു പിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ലഹരിക്കെതിരെ യുവത എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു യാത്ര.
ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ല. ഉയരമാണെങ്കിൽ വെറും മൂന്നടി മാത്രം. ശരീരത്തിന്റെ ഈ പരിമിതികളാണ് തനിക്കേറ്റവും ഊർജം പകരുന്നത് എന്ന്്് ആത്മവിശ്വാസത്തോടെ പറയുന്നത് മറ്റാരുമല്ല. കൈകരുത്തിന്റെ ബലത്തിൽ ഇരുപത്തൊൻപത് ലോക റെക്കാർഡുകൾ സ്വന്തമാക്കിയ കോട്ടയം സ്വദേശി ജോബി മാത്യു.
ഈയിടെ ദുബായിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അൻപത്തി ഒൻപത് കിലോ വിഭാഗത്തിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് ജോബി മടങ്ങിയത്. രാജ്യത്തിന്റെ ദേശീയ കായികദിനമായ ഓഗസ്റ്റ് ഇരുപത്തിയൊൻപതിന് നടന്ന മത്സരത്തിൽ ഇരുപത്തൊൻപതാമത്തെ ലോകമെഡൽ സ്വന്തമാക്കി എന്ന അപൂർവതയും ഈ മെഡൽനേട്ടത്തിന് പിന്നിലുണ്ട്.
വെറും രണ്ടാഴ്ചത്തെ പരിശീലനം കൊണ്ടാണ് ജോബി ഈ വെങ്കല മെഡൽ സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിൽ ജോബിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു.

അവസാനദിനമായ ജൂലൈ 31 നാണ് ജോബി ലിസ്റ്റിൽ ഇടം നേടിയത്. തുടർന്ന് തിരക്കിട്ടുനടത്തിയ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൊയ്്്തത്. ജോബിയെ സംബന്ധിച്ചേടത്തോളം ഇതൊരു മധുരപ്രതികാരം കൂടിയാണ്. 148 കിലോ ഭാരം ഉയർത്തി റെക്കോർഡ് നേടിയ ജോബി 125 കിലോ ഭാരമുയർത്തിയാണ് വെങ്കലം നേടിയെടുത്തത്.
ഒക്‌ടോബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് തുല്യമായ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതയാണ് ഈ മെഡൽ വേട്ടയിലൂടെ ജോബി സ്വന്തമാക്കിയത്. മാത്രമല്ല, 2024 ൽ പാരീസിൽ നടക്കുന്ന പാരാ ഒളിമ്പിക്‌സിലേയ്ക്കും ഈ വിജയം ജോബിക്ക് യോഗ്യത നേടിക്കൊടുത്തിരിക്കുകയാണ്.

കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് അടുക്കം നെല്ലിവേലിൽ എൻ.കെ. മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനായി ജനിച്ച ജോബിക്ക് ജന്മനാ ഇരുകാലുകൾക്കും ശേഷിയുണ്ടായിരുന്നില്ല. അമ്മയുടെ ഒക്കത്തിരുന്നാണ് കുട്ടിക്കാലത്ത് സ്‌കൂളിൽ പോയിരുന്നത്. സ്‌കൂളിലെ പി.ടി. ക്ലാസിൽ മറ്റു കുട്ടികൾ വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ജോബി അതെല്ലാം വെറുതെ നോക്കിയിരിക്കും. കാലുകൾ തളർന്നതായതിനാൽ കളിക്കാൻ ആരും കൂട്ടു വിളിക്കില്ല. തനിക്കനുയോജ്യമായ ഒരു കായികവിനോദവും സ്‌കൂളിലുണ്ടായിരുന്നില്ല. ഗ്യാലറിയിൽ വെറുമൊരു കാഴ്ചക്കാരനായി മാറാനായിരുന്നു ആ ബാലന്റെ വിധി.

എന്നാൽ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. വർഷങ്ങൾക്കിപ്പുറം മുപ്പതോളം ലോക മെഡലുകളാണ് ഇദ്ദേഹത്തിന്റെ സ്വീകരണമുറിയെ അലങ്കരിച്ചിരിക്കുന്നത്. അതിനുള്ള പ്രചോദനമായത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരൻ കൈനീട്ടി പിടിച്ച് പഞ്ച് പിടിക്കാനുള്ള ക്ഷണമായിരുന്നു. കൈ കുത്തി നടക്കുന്നത് പരിശീലിച്ചതിനാൽ കൈകൾക്ക് നല്ല ബലമായിരുന്നു. ആദ്യമത്സരത്തിൽ കൂട്ടുകാരനെ തന്നെ തറപറ്റിച്ചായിരുന്നു തുടക്കം. പത്താം ക്ലാസിലെത്തിയപ്പോഴേക്കും ജോബി അറിയപ്പെടുന്ന പഞ്ചഗുസ്തി താരമായി മാറിയിരുന്നു. കൈകൾക്ക് കൂടുതൽ ബലം ഉറപ്പാക്കാൻ വീടിനടുത്ത ജിമ്മിൽ പോയെങ്കിലും അവിടെയും അവഗണന മാത്രമായിരുന്നു നേരിടേണ്ടിവന്നത്. എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ആ യുവാവ് തന്റെ കൈകരുത്തിൽ മനസ്സർപ്പിച്ചു കഴിഞ്ഞു.

പഞ്ചഗുസ്തി മത്സരത്തിൽ ജോബിയുടെ തേരോട്ടം തുടങ്ങുന്നത് 1993 ലാണ്. ജില്ലാതല പഞ്ചഗുസ്തി മത്സരമായിരുന്നു വേദി. മത്സരത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ടായിരുന്നു തുടക്കം. 1994 ൽ സംസ്ഥാനതലത്തിലും അതേ വർഷംതന്നെ ദേശീയതലത്തിലും മെഡൽ നേടി. 2004 വരെ ദേശീയതലത്തിൽ ചാമ്പ്യനായിരുന്നു ജോബി. സ്‌പോൺസർമാരുടെ അഭാവമാണ് പല ലോക ചാമ്പ്യൻഷഷിപ്പുകളിലും പങ്കെടുക്കാൻ കഴിയാതെ വന്നത്. എങ്കിലും പരിശീലനം മുടക്കിയില്ല. നിലവിൽ ആലുവയിലെ ജിമ്മിലും വീട്ടിൽ ഒരുക്കിയിരിക്കുന്ന ജിമ്മിലുമാണ് പരിശീലനം നടത്തുന്നത്.

ഇക്കഴിഞ്ഞ മേയ് മാസത്തിൽ ശ്രീനഗറിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി കാറോടിച്ചാണ് ജോബി പോയത്. ഭിന്നശേഷി സൗഹൃദമാക്കിയ കാറിൽ ഭാര്യയോടും മക്കളോടുമൊപ്പമായിരുന്നു യാത്ര. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ജ്യോതിസും മത്സരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പഞ്ചഗുസ്തിയിലെ ലോകചാമ്പ്യൻ കൊച്ചിയിൽനിന്നും കശ്മീരിലേയ്ക്ക് 3600 കിലോമീറ്ററാണ് കാറോടിച്ചത്. മടക്കയാത്രയും കാറിൽ തന്നെയായിരുന്നു. മൊത്തത്തിൽ 7200 കിലോമീറ്ററാണ് കാറോടിച്ചത്. യാത്രയ്ക്കു പിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ലഹരിക്കെതിരെ യുവത എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു യാത്ര.
കൊച്ചിയിലെ ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിൽ മാനേജരും സ്‌പോർട്‌സ് പേഴ്‌സനുമായ ജോബിക്ക് കമ്പനി നൽകിയ വിമാന ടിക്കറ്റ് നിരസിച്ചാണ് കാർ യാത്രക്ക് തയ്യാറായത്. ശാരീരിക പരിമിതികളുമായി ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യവും യാത്രയുടെ ഉദ്ദേശ്യമായിരുന്നു. മാത്രമല്ല, ശാരീരിക പരിമിതിയുള്ളവരുടെ ഏറ്റവും വലിയ സങ്കടം അവർക്ക് എങ്ങും പോകാനാകില്ല എന്നതാണ്. യാത്രയിലെ ബുദ്ധിമുട്ടുകളോർത്ത് പലരും അവരെ തങ്ങളോടൊപ്പം കൂട്ടുകയുമില്ല. ഇത്തരം അവസ്ഥകളിൽ ഞങ്ങളെപ്പോലുള്ളവർ സ്വയം ഒതുങ്ങിപ്പോവുകയാണ് ചെയ്യുന്നത്. എല്ലാ പരിമിതികൾക്കിടയിലും ആത്മവിശ്വാസത്തോടെ ശ്രമിച്ചാൽ യാത്രകൾ സാധ്യമാകുമെന്നതിന്റെ തെളിവുകൂടിയാണ് ഈ യാത്ര - ജോബി പറയുന്നു.
കൈക്കരുത്തിന്റെയും നെഞ്ചുറപ്പിന്റെയും ബലത്തിലാണ് ഈ നാൽപത്തിയാറുകാരൻ ഇത്രയധികം മെഡലുകൾ സ്വന്തമാക്കിയത്. 2005 ൽ ജപ്പാനിൽ നടന്ന ആം റസ്‌ലിംഗിൽ സ്വർണമെഡൽ നേടി ലോകചാമ്പ്യനായിക്കൊണ്ടായിരുന്നു ജോബി തന്റെ ജൈത്രയാത്ര ആരംഭിച്ചത്. 2008 ൽ സ്‌പെയിനിൽ നടന്ന മത്സരത്തിലും ലോകചാമ്പ്യനായി. 2009 ൽ ഈജിപ്തിൽനിന്നും 2010 ൽ ഇസ്രായേലിൽ നടന്ന പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ കരസ്ഥമാക്കി. 2012 ൽ സ്‌പെയിനിൽ നടന്ന മത്സരത്തിലും ചാമ്പ്യനായി. 2013 ൽ അമേരിക്കയിൽ നടന്ന വേൾഡ് ഡ്വാർഫ് ഒളിമ്പിക്‌സിൽ വ്യത്യസ്ത ഇനങ്ങളിലായി അഞ്ചു സ്വർണ്ണമെഡലുകൾ നേടിയാണ് ലോകചാമ്പ്യനായത്. 2014 ൽ പോളണ്ടിൽ നടന്ന പാരാ ആം റസ്‌ലിംഗ് ഫസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യനായി. 2017 ൽ കാനഡയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക് ഗെയിംസിൽ ആറു മെഡലുകൾ നേടിയാണ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. 2022 ൽ കൊറിയയിൽ നടന്ന ഏഷ്യാ ഓഷ്യാനിയ പാരാ പവർ ലിഫ്റ്റിങ്ങിലും സ്വർണമെഡൽ സ്വന്തമാക്കി.
ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 165 കിലോഗ്രാം ഭാരമുയർത്തി ലോക ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണിപ്പോൾ. അതിനുളള തീവ്ര പരിശീലനത്തിലാണ്്്. ദേശീയ പാരാ പവർ ലിഫ്റ്റിംഗ് ഔദ്യോഗിക കോച്ചായ ജെ.പി.സിംഗിന്റെ മേൽനോട്ടത്തിലാണ് പരിശീലനം നടത്തുന്നത്.
ശാരീരിക വൈകല്യമുള്ളവർക്ക് കടുത്ത വിവേചനമാണ് പലപ്പോഴും നേരിടേണ്ടിവരുന്നതെന്നും ജോബി പറയുന്നു. സ്‌കൂൾ കാലംതൊട്ടേ അനുഭവിക്കുന്നതാണിത്. ജനറൽ വിഭാഗത്തിലുള്ള കുട്ടികൾക്ക് എല്ലാ അവസരങ്ങളും നൽകുമ്പോൾ ശാരീരിക പരിമിതി നേരിടുന്നവരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. ശാരീരിക വൈകല്യമുള്ളവർക്ക് പരിശീലനത്തിനുള്ള യാതൊരു അവസരവും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ഭരണകർത്താക്കളുടെ സത്വരശ്രദ്ധ പതിയേണ്ടതുണ്ട്.
മാത്രമല്ല, ദുബായിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി തിരിച്ചെത്തിയപ്പോൾ അഭിനന്ദിക്കാൻ പോലും ആരുമുണ്ടായിരുന്നില്ലെന്നും വേദനയോടെ ഈ കായികതാരം പറയുന്നു. വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് പോകട്ടെ, കായികമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ച് അഭിനന്ദിക്കുക പോലും ഉണ്ടായില്ല. സമൂഹ മാധ്യമങ്ങളിൽപോലും ഒരു പ്രശംസാവചനവും കണ്ടില്ല.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളുമെല്ലാം മുന്തിയ പരിഗണന നൽകുമ്പോൾ നമ്മുടെ നാട്ടിൽ തികഞ്ഞ അവഗണനയാണ് നേരിടേണ്ടിവരുന്നത്. ഇപ്പോഴും പരിശീലനം നടത്തുന്നതും മത്സരത്തിന് പോകുന്നതുമെല്ലാം സ്വന്തം ചെലവിൽ തന്നെയാണ്. ജോലി നോക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പിന്തുണ എല്ലായ്‌പ്പോഴും തനിക്ക് കൂട്ടായുണ്ടെന്നും ജോബി കൂട്ടിച്ചേർക്കുന്നു.
കുടുംബത്തിന്റെ പിന്തുണയാണ് കരുത്തായി എപ്പോഴും കൂടെയുള്ളതെന്ന് ജോബി പറയുന്നു. നർത്തകി കൂടിയായ ഭാര്യ ഡോ. മേഘയും വിദ്യാർഥികളായ ജ്യോതിസും വിദ്യുതും നൽകുന്ന പ്രോത്സാഹനമാണ് കായികയാത്രത്തിൽ തുണയായുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.






